News

സമയത്തിനോട്‌ പോരാടുന്ന നോളന്റെ ടെനെറ്റ്

സമയത്തിനോട്‌ പോരാടുന്ന നോളന്റെ ടെനെറ്റ്

റിഷാൻ നജീബ്   | Entertainment Desk | Garshom TV

TENET, വായിക്കുമ്പോള്‍ നേരെയും തിരിച്ചും ഒരേ അര്‍ഥം വരുന്ന ചിത്രത്തിന്‍റെ പേര് പോലെ തന്നെ, ഭാവിയും ഭൂതവും ഇടകലര്‍ന്ന്‍ കഥ പറയുന്ന ഒരു സ്പൈ ആക്ഷന്‍ ത്രില്ലറാണ് ഈ ക്രിസ്റ്റഫര്‍ നോലന്‍ ചിത്രം.

ചിത്രത്തില്‍ പേര് വെളിപ്പെടുത്താത്ത, പ്രൊട്ടോഗണിസ്റ്റ് എന്ന് മാത്രം അറിയപ്പെടുന്ന സീക്രട്ട് ഏജന്‍റ് (ജോണ്‍ ഡേവിഡ് വാഷിങ്ങ്ടന്‍), ഭാവികാലത്തില്‍ നിന്ന്‍ വരുന്ന, ഒരു മൂന്നാം ലോക മഹായുദ്ധത്തിന് കാരണമായ ഒരു വലിയ വിപത്തിനെ നേരിടാനുള്ള ഒരു മിഷനിലാണ്. ട്രെയിലറിലെ ഒരേ സമയം പിന്നോട്ടും മുന്നോട്ടും ഷൂട്ട്‌ ചെയ്യുന്ന, അധവാ, സമയത്തിനെ സഞ്ചരിപ്പിക്കാന്‍ സാധിക്കുന്ന തോക്കിലെ ബുള്ളറ്റില്‍ അടങ്ങിയിട്ടുള്ള അസാധാരണമായ മെറ്റലിന്‍റെ ഉറവിടം തേടിയുള്ള പ്രൊട്ടോഗണിസ്റ്റിന്‍റെ യാത്രയില്‍ കൂടെ ചേരുന്ന നീല്‍ എന്ന മറ്റൊരു സീക്രറ്റ് ഏജന്റും (റോബര്‍ട്ട് പാറ്റിന്‍സണ്‍) ആയുധ വ്യാപാരിയായ ആന്ദ്രെ സടോറും (കേന്നറ്റ് ബ്രനാഗ്) അയാളുടെ ഭാര്യ കേറ്റിനും (എലിസബത്ത്‌ ഡെബിക്കി) ഇടയില്‍ ഉണ്ടാവുന്ന ചില സംഘര്‍ഷങ്ങളിലൂടെയാണ് കഥ മുന്നോട്ട് സഞ്ചരിക്കുന്നത്.

Image courtesy: Warner Bros

സ്പൈക്ക് ലീയുടെ “ബ്ലാക്ക്ക്ലാന്‍സ്മാന്‍” എന്ന ചിത്രത്തിലെ പോലീസുകാരനായി പ്രേക്ഷക മനസ്സില്‍ ഇടം നേടിയ ജോണ്‍ ഡേവിഡ് വാഷിങ്ങ്ടന്‍ അഭിനയത്തോടൊപ്പം ആക്ഷനിലും ഇത്തവണ മികവ് പുലര്‍ത്തിയപ്പോള്‍, “ബാറ്റ്മാന്‍” ആകാന്‍ എന്തുകൊണ്ടും താന്‍ യോഗ്യനാണ് എന്ന് റോബര്‍ട്ട് പാറ്റിന്‍സന്‍ ആക്ഷന് പ്രാധാന്യമുള്ള സീനുകളിലൂടെ തെളിയിച്ചു. ആന്ദ്രെ എന്ന വില്ലന്റെ ക്രൂരതകള്‍ക്കുമുന്നില്‍ നിസ്സഹായയായ ഇമോഷന് ഏറെ പ്രാധാന്യമുള്ള എലിസബത്ത്‌ ഡെബിക്കിയുടെ കേറ്റ് തന്‍റെ കരിയറിലെ പുതിയൊരു ചുവടുവെപ്പായിരുന്നു. ക്രിസ്റ്റഫര്‍ നോലന്‍ സിനിമകളിലെ സ്ഥിരം സാന്നിധ്യമായ മൈക്കല്‍ കെയ്നും, ഇന്ത്യയില്‍ നിന്ന് ഡിമ്പിള്‍ കപാഡിയയും ചുരുങ്ങിയ സീനുകളിലെങ്കിലും സുപ്രധാനമായ ഒരു കഥാപാത്രമായി തന്‍റെ ഭാഗം ഭംഗിയാക്കി.

Image courtesy: Warner Bros

“ഇന്‍റര്‍സ്റ്റെല്ലറിന്‍റെയും” “ഡണ്‍കിര്‍ക്കിന്‍റെയും” ക്യാമറ ചലിപ്പിച്ച ഹോയ്തെ വാന്‍ ഹോയ്തെമയുടെ  വി. എഫ്. എക്സിന്റെ സാദ്ധ്യതകള്‍ അധികം ഉപയോഗിക്കാതെ ഒരു ഒറിജിനല്‍ വിമാനം പൊട്ടിത്തെറിക്കുന്ന ഷോട്ടുകളൊക്കെ അത്ഭുതപ്പെടുത്തുന്നതാണ് !!. അതുപോലെ എടുത്തുപറയേണ്ടതാണ് പല തവണ ഫോര്‍വേര്‍ഡ് ആന്‍ഡ് റിവേഴ്സ് സീനുകള്‍ വരുന്ന ചിത്രത്തിലെ എഡിറ്റിംഗ് നിര്‍വഹിച്ച ജെന്നിഫര്‍ ലെയിമിന്റെ അധ്വാനം. അതുകൊണ്ടാണല്ലോ തന്‍റെ സിനിമകളില്‍ താന്‍ എഡിറ്റ് ചെയ്യാന്‍ ഏറ്റവും പാട് പെട്ട സിനിമ ടെനറ്റ് ആണ് എന്ന നോലന്‍ തന്നെ പറഞ്ഞത്. ഫ്യൂച്ചര്‍ പാസ്റ്റിലെ ആ ഫൈറ്റ് സീന്‍ ഒക്കെ അക്ഷരം തെറ്റാതെ മാസ്റ്റര്‍പീസ് എന്ന് വിളിക്കാം.