കോവിഡ് ഡെൽറ്റ വേരിയന്റ് നാൽപത് ശതമാനം കൂടുതൽ രോഗം പരത്തുമെന്ന് ബ്രിട്ടിഷ് ആരോഗ്യ മന്ത്രി.

കോവിഡ് 19 ന്റെ ഡെൽറ്റ വേരിയന്റ് ആൽഫ വേരിയന്റിനേക്കാൾ 40 ശതമാനം കൂടുതൽ രോഗം പടർത്തുമെന്നാണ് കണക്കാക്കുന്നതെന്ന് ബ്രിട്ടന്റെ ആരോഗ്യ മന്ത്രി. ആദ്യ വേവിൽ യു കെയിൽ രോഗബാധയ്ക്ക് കാരണമായത് കൊറോണ വൈറസിന്റെ ആൽഫാ വേരിയന്റ് ആയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ വാക്‌സിന്റെ രണ്ട് ഡോസുകളും ലഭിച്ച ആളുകൾ കൊറോണ വൈറസിന്റെ രണ്ട് വാരിയന്റുകളിൽ നിന്നും സുരക്ഷിതരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പബ്ലിക് ഹെൽത്ത് ഓഫ് ഇംഗ്ലണ്ട് പുറത്ത് വിടുന്ന വിവരങ്ങൾ അനുസരിച്ച് ഇപ്പോൾ യുകെയിൽ ഏറ്റവും കൂടുതൽ കണ്ട് വരുന്നത് മുമ്പ് കെന്റ് വേരിയന്റ് എന്ന് അറിയപ്പെട്ടിരുന്ന ആൽഫ വേരിയന്റ് മൂലമാണ്.
ഈ വേരിയന്റ് മൂലം ഉണ്ടായ കോവിഡ് രോഗബാധയിലെ വർദ്ധനവിനെ തുടർന്നാണ് ജനുവരിയിൽ യുകെയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചത്. ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക് നൽകുന്ന വിവരം അനുസരിച്ച് 40 ശതമാനം രോഗം വർദ്ധനവ് ഇനിയും ഉണ്ടാകാനിടയുണ്ട്.
ജൂൺ 21 ൽ നിയന്ത്രണങ്ങൾ പിൻവലിക്കാനിരിക്കെ ഡെൽറ്റ വാരിയന്റിന്റെ സന്നിധ്യം കണ്ടെത്തിയത് വിദഗ്ദ്ധരെ ആശങ്കയിലാക്കുന്നുണ്ട്. ഒരാഴ്ച കൂടി സ്ഥിതിഗതികൾ നോക്കിയ ശേഷം മാത്രമേ തീരുമാനം എടുക്കുകയുള്ളൂവെന്നും അറിയിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കുന്നത് താത്ക്കാലത്തേക്ക് മാറ്റി വെക്കാനും സാധ്യതയുണ്ട്.
കഴിഞ്ഞ മാസം പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് നടത്തിയ പഠനം അനുസരിച്ച് രണ്ട് ഡോസ് വാക്‌സിനും എടുക്കുന്നത് കോവിഡിന്റെ കെന്റ് വാരിയന്റിനെതിരെയും ഡെൽറ്റ വാരിയന്റിനെതിരെയും ഫലപ്രദമാണ്. യുകെ ഇത് വരെ 27 മില്യൺ ആളുകൾക്ക് 2 ഡോസ് വാക്‌സിനും നൽകി കഴിഞ്ഞു. അതായത് പ്രായപൂർത്തിയായ 50 ശതമാനം പേരും വാക്‌സിൻ സ്വീകരിച്ച് കഴിഞ്ഞു.