News

Share

ലോക്ക്ഡൗണില്‍ സര്‍ക്കാരിന്റെ മുഖ്യവരുമാനം ലോക്ക്ഡൗണ്‍ പിഴ; അഞ്ചു മാസത്തിനിടെ കേരളം ഈടാക്കിയത് 35 കോടി രൂപ.

ലോക്ക്ഡൗണില്‍ സര്‍ക്കാരിന്റെ മുഖ്യവരുമാനം ലോക്ക്ഡൗണ്‍ പിഴ; അഞ്ചു മാസത്തിനിടെ കേരളം ഈടാക്കിയത് 35 കോടി രൂപ.

ലോക്ക്ഡൗണില്‍ സര്‍ക്കാരിന്റെ മുഖ്യവരുമാനമാര്‍ഗ്ഗമായി മാറുന്നത് ലോക്ഡൗണ്‍ ലംഘനത്തിന് പൊതുജനങ്ങളില്‍ നിന്ന് ഈടാക്കുന്ന പിഴയാണെന്ന് കണക്കുകള്‍. ശരാശരി ഏഴു കോടിയോളം രൂപയാണ് ഓരോമാസവും സര്‍ക്കാരിലേയ്ക്ക് ഈ ഇനത്തില്‍ മുതല്‍ക്കൂട്ടുന്നത്. അതായത് ദിവസേന 23 ലക്ഷത്തോളം രൂപ. ഏകദേശം മണിക്കൂറില്‍ ഓരോ ലക്ഷം രൂപ കേരളമൊട്ടാകെ സര്‍ക്കാരിന് ലഭിച്ചുകൊണ്ടിരിക്കുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴചുമത്തി ഈ വര്‍ഷം ഇതുവരെ പോലീസ് ഈടാക്കിയത് 35 കോടിയിലധികം രൂപയാണ്. ജനുവരി ഒന്നു മുതല്‍ ജൂണ്‍ 9 ചൊവ്വാഴ്ചവരെയാണ് ഇത്രയും തുക പിഴയായി പോലീസ് ഈടാക്കിയത്. ഇതേ കാലയളവിനുള്ളില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച 82630 പേര്‍ക്കെതിരെ കേസെടുത്തു. കൊവിഡ് നിയന്ത്രങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കേരള പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് പൊലീസ് പിഴ ചുമത്തുന്നത്. 500 മുതല്‍ 5000 രൂപവരെ പിഴ ചുമത്താന്‍ നിയമം അനുവദിക്കുന്നുണ്ട്. അങ്ങനെ കഴിഞ്ഞ അഞ്ചു മാസത്തിനുള്ളില്‍ പോലീസിന് പിഴയിനത്തില്‍ കിട്ടിയത് 35,17,57,048 രൂപയാണ്. 

നിലവില്‍ തുടരുന്ന ലോക്ക്ഡൗണ്‍  കാലയളവില്‍ റിക്കോര്‍ഡ് തുകയാണ് പിഴയായി പോലീസ് പിരിച്ചെടുത്തത്. 1,96,31,100 രൂപയാണ് ഈ ലോക്ഡൗണ്‍ കാലത്ത് പിഴയീടാക്കിയത്. മെയ് 14 മുതല്‍ 20 വരെയുള്ള കാലയളവിലാണ് ഇത്രയും തുക പിരിച്ചത്.  കൊവിഡ് മാനദണ്ഡങ്ങള്‍ ലഘിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍, മാനദമണ്ഡം ലംഘിച്ചുള്ള വിവാഹം, മറ്റ് ചടങ്ങുകള്‍ എന്നിവയ്ക്ക് 5000 രൂപയാണ് പോലീസ് ചുമത്തുന്നത്. വാഹനവുമായി അനാവശ്യമായി പുറത്തിറങ്ങിയാല്‍ 2000 രൂപയാണ് പിഴ ഈടാക്കുന്നത്. മാസ്‌ക്കില്ലെങ്കില്‍ 500 രൂപ വരെ പിഴ ചുമത്തും. കോടികള്‍ ഒഴുകിയെത്തിയത് ഇങ്ങനെയാണ്. മാര്‍ച്ചുമാസം മുതല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവില്‍ നിന്നുള്ള പിഴ അടയ്ക്കാനായി മാത്രം എല്ലാ ജില്ലകളിലും പോലീസ് പ്രത്യേകം അക്കൗണ്ട് തുടങ്ങിയിരുന്നു. 

ഓരോ ദിവസത്തേയും പിഴത്തുക സ്റ്റേഷനുകള്‍ ഈ അക്കൗണ്ടിലേക്ക് അടക്കും. എല്ലാ മാസത്തിന്റെയും ആദ്യം ജില്ലാ എസ്പിമാര്‍ ഈ തുക പരിശോധിച്ച് ട്രഷറിയിലേക്ക് മാറ്റും.

ലോക്ക്ഡൗണായതോടെ സര്‍ക്കാരിന്റെ മദ്യവും ലോട്ടറിയുമുള്‍പ്പെടെ പ്രധാന വരുമാന മാര്‍ഗങ്ങളെല്ലാം നിലച്ചിരിക്കുകയാണ്. ജനങ്ങളില്‍ നിന്നുള്ള പിഴ തുകയാണ്  ഇപ്പോള്‍ കോടികളായി ഖജനാവിലേക്കെത്തുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ ജനങ്ങള്‍ പാലിക്കാത്തതിന്റെ തെളിവാണ് പിഴത്തുകയിലെ വന്‍ വര്‍ദ്ധനവ് കാണിക്കുന്നതെന്ന് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ലോക്ഡൗണിന്റെ മറവില്‍ അനാവശ്യ പണപിരിവും പോലീസ് നടത്തുന്നതായുള്ള ആക്ഷേപങ്ങളും ശക്തമാണ്.

Latest News

Loading..