News

Share

ദേവസഹായംപിള്ളയുടെ വിശുദ്ധ പദവി:  പാളയം കത്തീഡ്രലിൽ നിന്ന് വാഹന പ്രദക്ഷിണം നാളെ

ദേവസഹായംപിള്ളയെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ച് തിരുവനന്തപുരത്ത് പാളയം സെന്‍റ് ജോസഫ്സ് കത്തീഡ്രലിൽ നിന്ന് തിരുശേഷിപ്പും തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള വാഹനറാലി നാളെ (മെയ് 14 ) രാവിലെ 8.30-ന്് ആരംഭിക്കും. കത്തീഡ്രൽ വികാരി മോണ്‍. ടി. നിക്കോളാസ് ആശീർവാദ സന്ദേശം നൽകും. ദേശീയപാതയിൽ ബാലരാമപുരം വഴി വാഹനയാത്ര കമുകിൻകോട് വിശുദ്ധ അന്തോനീസ് തീർത്ഥാടന കേന്ദ്രത്തിലെത്തും.

ഈശോസഭയുടെ നേതൃത്വത്തിൽ നേമം മിഷനുകീഴിൽ ക്രിസ്തുമതം സ്വീകരിച്ചവർക്കുനേരേ ആക്രമണം നടക്കുകയും ക്രൈസ്തർ നാടുവിട്ടോടുകയും ചെയ്തതായാണ് ചരിത്രം. ഇതിൽ കുറേപ്പേർ അഭയാർത്ഥികളായെത്തിയത് കമുകിൻകോട് പ്രദേശത്താണ്. അക്രമത്തിനിരയായവരെ കാണാനാണ് ദേവസഹായംപിള്ള ആദ്യമായി കമുകിൻകോട് എത്തിയത്.

ഈ ഓർമ പുതുക്കലിൽ ദേവസഹായംപിള്ളയുടെ വിശുദ്ധ പ്രഖ്യാപന തിരുനാൾ തീർത്ഥാടന കേന്ദ്രമായ കമുകിൻകോട് കൊച്ചുപള്ളിയിൽ ഇന്ന് (മെയ് 14-ന്) ആരംഭിച്ചു. നാളെ രാവിലെ 8.30-ന് നടക്കുന്ന സമൂഹ ദിവ്യബലി ബിഷപ് സ്റ്റാൻലി റോമൻ മുഖ്യകാർമികത്വം വഹിക്കും. അതേസമയമാണ് പാളയത്തു നിന്ന് വാഹന പ്രദക്ഷിണവും നടക്കുന്നത്.

17-ന് ചൊവ്വാഴ്ച രാവിലെ 10-ന് ദിവ്യബലി. ഉച്ചക്ക് 12-ന് നേർച്ചയൂണിൽ ആയിരങ്ങൾ പങ്കെടുക്കും. വൈകുന്നേരം 5.45-ന് നടക്കുന്ന കൃതജ്ഞതാ ദിവ്യബലിയിൽ തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായ മെത്രാൻ ആർ. ക്രിസ്തുദാസ് മുഖ്യകാർമികത്വം വഹിക്കും.

വൈകുന്നേരം അഞ്ചിന് ദേവസഹായംപിള്ളയുടെ തിരുസ്വരൂപ പ്രദക്ഷിണം നടക്കും. രാത്രി 7.30-ന് നടക്കുന്ന പൊതുസമ്മേളനം സ്പീക്കർ എം.പി.രാജേഷ് ഉദ്ഘാടനം ചെയ്യും. എംഎൽഎമാർ, സാമൂഹിക സാംസ്കാരിക പ്രവർത്തകർ എന്നിവർ പ്രസംഗിക്കും.

 തീർത്ഥാടന കേന്ദ്രമായ കമുകിൻകോട് കൊച്ചുപള്ളിയിൽ പതിനായിരത്തിലേറെ പേർ ചൊവ്വാഴ്ചകളിൽ തീർത്ഥാടകരായെത്തുന്നു. എല്ലാ ചൊവ്വാഴ്ചയും രണ്ടായിരത്തിലേറെ പേർക്ക് ഉച്ചയൂണ് നൽകുന്നു. ഉണ്ണിയപ്പമാണ് പ്രധാന നേർച്ച. ആയിരങ്ങൾ ചൊവ്വാഴ്ച ഉണ്ണിയപ്പം നേർച്ചയായി സമർപ്പിക്കുന്നു. ചൊവ്വാഴ്ചകളിൽ ഇടവകപള്ളിയിൽ 6.30-നും കൊച്ചുപള്ളി തീർത്ഥാടന കേന്ദ്രത്തിൽ രാവിലെ 10.30നും വൈകുന്നേരം 4.30-നും വൈകുന്നേരം 6.30-നും കുർബാനയുണ്ടാകും.

 

കമുകിൻകോട് പള്ളിയിലേക്കുള്ള റൂട്ട്

 

ദേശീയപാത ബാലരാമപുരം  വഴിമുക്ക് എത്തി കാഞ്ഞിരംകുളം- പൂവാർ റൂട്ടിൽ അവണാകുഴി ജംഗ്ഷനിൽ നിന്ന് കമുകിൻകോട് റോഡിലേക്ക് തിരിയുക.

 

ഫോണ്‍ നന്പർ ഫാ. മത്യാസ് 9447587814

Latest News

Loading..