News

Share

മലയാളി നഴ്‌സുമാര്‍ക്ക് ആശ്വാസം. നിര്‍ത്തിവച്ച റിക്രൂട്ടമെന്റ് പുനഃരാരംഭിക്കാന്‍ ബ്രിട്ടന്‍ തീരുമാനിച്ചു.

മലയാളി നഴ്‌സുമാര്‍ക്ക് ആശ്വാസം. നിര്‍ത്തിവച്ച റിക്രൂട്ടമെന്റ് പുനഃരാരംഭിക്കാന്‍ ബ്രിട്ടന്‍ തീരുമാനിച്ചു.

ഇന്ത്യയിലെ കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞതോടെ രണ്ടു മാസമായി നിര്‍ത്തിവച്ച റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കാന്‍ തീരുമാനിച്ചു. യുകെ. നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് നടപടികള്‍ ഉടനടി പുന:രാരംഭിക്കാമെന്ന് എന്‍.എച്ച്.എസ് റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്ക് നര്‍ദേശം നല്‍കി. ഇതോടെ പാതിവഴി മുടങ്ങിയ ആപ്ലിക്കേഷന്‍ പ്രോസസിംഗുമെല്ലാം അടുത്തയാഴ്ചയോടെ പുനരാരംഭിക്കാനാവും.

കോവിഡ് വ്യാപനം മൂലം ഇന്ത്യയിലെ ആരോഗ്യമേഖല അതീവ ഗുരുതരമായ പ്രതിസന്ധി നേരിടുമ്പോള്‍ നഴ്‌സുമാരെ വിദേശത്തേക്ക് റിക്രൂട്ട് ചെയ്തു കൊണ്ടുപോരുന്നത് ധാര്‍മികമായി ശരിയല്ലാത്തതിനാലാണ് സ്ഥിതിഗതികള്‍ മെച്ചമാകുന്നതുവരെ റിക്രൂട്ട്‌മെന്റ് നടപടികള്‍ മരവിപ്പിക്കാന്‍ ഏപ്രില്‍ അവസാനം യുകെ ആരോഗ്യവകുപ്പ് തീരുമാനിച്ചത്. ഇന്ത്യയെ റെഡ് ലിസ്റ്റിലാക്കിയതിനു തൊട്ടു പിന്നാലെയായിരുന്നു ഈ തീരുമാനം. ഇതോടെ ജോലി ഓഫര്‍ ലഭിച്ച് റിക്രൂട്ട്‌മെന്റ് നടപടികളെല്ലാം പൂര്‍ത്തിയാക്കി പറക്കാന്‍ കാത്തിരുന്ന നൂറുകണക്കിന് നഴ്‌സുമാര്‍ക്കാണ് യാത്ര മുടങ്ങിയത്. ഇവരുടെ ആരുടെയും അവസരം പാഴാകില്ലെന്ന് എന്‍.എച്ച്.എസ് ഉറപ്പുനല്‍കിയിരുന്നു.

വിലക്ക് നീങ്ങിയെങ്കിലും നിലവില്‍ ഇന്ത്യ ബ്രിട്ടന്റെ റെഡ് ലിസ്റ്റിലായതിനാല്‍ ബ്രിട്ടണിലേക്കുള്ള വരവ് മുന്‍കാലങ്ങളിലേപ്പോലെ അത്ര സുഗമമാവില്ല. വരുന്നവര്‍ നിര്‍ബന്ധമായും 1750 പൗണ്ട് മുന്‍കൂറായി അടച്ച് ഹോട്ടല്‍ ക്വാറന്റൈന് വിധേയരാകണം. പത്തുദിവസത്തെ ക്വാറന്റൈനിടെ രണ്ടുവട്ടം പി.സി.ആര്‍. ടെസ്റ്റും സ്വന്തം ചെലവില്‍ നടത്തണം. ഈ തുക നല്‍കി നഴ്‌സുമാരെ എത്തിക്കാന്‍ മിക്കവാറും എല്ലാ ട്രസ്റ്റുകളും തയാറായിട്ടുണ്ട്. സ്വന്തമായി സൗകര്യം ഇല്ലാത്തതിനാല്‍ പണം മുടക്കി ഹോട്ടല്‍ ക്വാറന്റൈന്‍ ഒരുക്കാനാണ് മിക്കവാറും ട്രസ്റ്റുകളും തയാറായിട്ടുള്ളത്.

ആഴ്ചയില്‍ 15 വിമാന സര്‍വീസുകള്‍ മാത്രമാണ് ഇപ്പോള്‍ ഇന്ത്യയില്‍ നിന്നും ബ്രിട്ടണിലേക്കുള്ളത്. അതും ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ നിന്നു മാത്രവും. ഈ സാഹചര്യത്തില്‍ വിലക്ക് നീങ്ങിയെങ്കിലും ബ്രിട്ടണിലേക്കെത്താന്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് തടസങ്ങള്‍ ഏറെയാണ്. എങ്കിലും റിക്രൂട്ട്‌മെന്റ് നടപടി തുടങ്ങുന്നത് വരും മാസങ്ങളില്‍ യാത്രയ്ക്ക് വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണവര്‍.

Latest News

Loading..