ആളുമാറി സംസ്കരിച്ച ഇർഷാദിന്റെ മൃതദേഹാവശിഷ്ടങ്ങൾ ബന്ധുക്കൾക്ക് കൈമാറി
കോഴിക്കോട്: സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഇര്‍ഷാദിന്‍റെ മൃതദേഹാവശിഷ്ടങ്ങൾ ബന്ധുക്കൾക്ക് കൈമാറി. കാണാതായ ദീപക്കിന്‍റേതെന്ന് കരുതി ദീപക്കിന്റെ ബന്ധുക്കൾ ഇര്‍ഷാദിന്‍റെ മൃതദേഹം സംസ്കരിച്ചിരുന്നു. എന്നാല്‍ ഡിഎന്‍എ പരിശോധനയില്‍ മൃതദേഹം ഇര്‍ഷാദിന്‍റേതാണെന്ന് വ്യക്തമായതിനെ തുടർന്നാണ് വടകര ആർ ഡി ഒയുടെ നേൃത്വത്തിൽ ഇര്‍ഷാദിന്‍റെ മൃതദേഹാവശിഷ്ടങ്ങൾ ബന്ധുക്കൾക്ക് കൈമാറിയത്.
ജൂലൈ ആറിന് വൈത്തിരിയിലെ ഭാര്യ വീട്ടിലേക്ക് പുറപ്പെട്ട ഇര്‍ഷാദ് പിന്നീട് തിരികെ വന്നില്ലെന്നും ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോയെന്ന് സ്വര്‍ണ്ണക്കടത്ത് സംഘം വിളിച്ചറിയിച്ചതായും കാട്ടി ഒരാഴ്ച മുമ്പായിരുന്നു മാതാപിതാക്കള്‍ പെരുവണ്ണാമൂഴി പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോയ സംഘത്തിലെ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് ജൂലൈ 15 ന് വൈകിട്ട് പുറക്കാട്ടിരി പാലത്തില്‍ നിന്ന് ഇര്‍ഷാദ് ചാടി രക്ഷപ്പെട്ടെന്ന വിവരം കിട്ടിയത്. ജൂലൈ 17 ന് ഇതിന്‍റെ പരിസര പ്രദേശത്ത് ഒരു യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയ കാര്യവും പൊലീസ് പരിശോധിച്ചു.അതേസമയം കണ്ടെത്തിയ മൃതദേഹം മേപ്പയൂര്‍ സ്വദേശി ദീപക്കിന്‍റേതെന്ന ധാരണയില്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി മതാചാര പ്രകാരം ദഹിപ്പിച്ചിരുന്നു. എന്നാൽ ദീപക്കിന്‍റെ ചില ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ഡിഎന്‍എ പരിശോധന നടത്തുകയും മൃതദേഹം ദീപക്കിന്റേതല്ലെന്നും പിന്നീട് ഇർഷാദിന്‍റെതാണെന്ന് തിരിച്ചറിയുകയായിരുന്നു.
Loading..