News

Share

ആകാശത്തെ അത്ഭുത അമ്മൂമ്മ. ഏറെ ട്വിസ്റ്റുകളുള്ള വാലി ഫങ്കിന്റെ ജീവിത കഥ.

ആകാശത്തെ അത്ഭുത അമ്മൂമ്മ. ഏറെ ട്വിസ്റ്റുകളുള്ള വാലി ഫങ്കിന്റെ ജീവിത കഥ.

കാലാവസ്‌ഥ അനുകൂലമെങ്കില്‍ ഈ മാസം 20-ന്‌ ബഹിരാകാശത്തെത്തുന്ന ഏറ്റവും പ്രായം കൂടിയയാള്‍ എന്ന ബഹുമതി വാലി ഫങ്ക്‌ സ്വന്തമാക്കും. അമേരിക്കയില്‍ ബഹിരാകാശ യാത്രയ്‌ക്ക് പരിശീലനം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വനിതയായിരുന്ന അവര്‍ ഭൂമിയുടെ പരിധിക്ക്‌ അപ്പുറത്തേക്കു പോകുന്നത്‌ 88-ാം വയസ്സിലാണെന്നു മാത്രം.

ഇരുപത്തിരണ്ടാം വയസ്സില്‍ ബഹിരാകാശയാത്രയ്‌ക്ക് ഒരുങ്ങി നിരാശപ്പെട്ട വാലി ഫങ്ക്‌ 60 വര്‍ഷത്തിനു ശേഷം വീണ്ടും ആ സ്വപ്‌നം താലോലിക്കുകയാണ്‌. ഇത്തവണ പക്ഷേ, അവര്‍ പറക്കും. കാലാവസ്‌ഥ അനുകൂലമെങ്കില്‍ ഈ മാസം 20-ന്‌ ബഹിരാകാശത്തെത്തുന്ന ഏറ്റവും പ്രായം കൂടിയയാള്‍ എന്ന ബഹുമതി വാലി ഫങ്ക്‌ സ്വന്തമാക്കും.

ലോകത്തെ ഏറ്റവും സമ്പന്നനായ ബിസിനസുകാരന്‍, ഏവര്‍ക്കും സുപരിചിതമായ ആമസോന്‍ കമ്പനിയുടെ സ്‌ഥാപകന്‍ ജെഫ്‌ ബെസോസ്‌ തന്റെ സ്വന്തം പേടകമായ ന്യൂ ഷെപ്പേഡില്‍ ബഹിരാകാശത്തേക്കു പോകുമ്പോള്‍ ഒപ്പം കൂട്ടുന്നതാണ്‌ വാലി ഫങ്കിനെ. ഒപ്പം മറ്റു രണ്ടു പേരുമുണ്ടാകും, ജെഫിന്റെ സഹോദരന്‍ മാര്‍ക്കും ലേലം വിളിയിലൂടെ 2.80 കോടി ഡോളര്‍ (208 കോടി രൂപ) മുടക്കി ടിക്കറ്റ്‌ എടുത്ത ഒരു അജ്‌ഞാതനും.

തന്റെ കൂടെ വാലി ഫങ്കും ബഹിരാകാശത്തേക്ക്‌ ഉണ്ടാകുമെന്ന്‌ ജെഫ്‌ ബെസോസ്‌ തന്നെയാണ്‌ ഇന്‍സ്‌റ്റാഗ്രാമിലൂടെ അറിയിച്ചത്‌. ബെസോസിന്റെ വിവരണം അത്ഭുതവും ആകാംക്ഷയും ആഹ്ലാദവും സ്‌ഫുരിക്കുന്ന മുഖത്തോടെ കേട്ടു നില്‌ക്കുന്ന വാലിയുടെ വീഡിയോ അതിവേഗമാണ്‌ സൈബറിടത്ത്‌ തരംഗമായി മാറിയത്‌.

"യാത്രയ്‌ക്കു ശേഷം നമ്മള്‍ ഭൂമിയിലെത്തും. പേടകത്തിന്റെ വാതില്‍ തുറന്നു പുറത്തിറങ്ങുമ്പോള്‍ എന്താവും പറയുക" വീഡിയോയില്‍ ബെസോസ്‌ ചോദിക്കുമ്പോള്‍ അവരുടെ മറുപടി പെട്ടെന്നായിരുന്നു:

"എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ലകാര്യം ഇതാണ്‌"
ജീവിതത്തില്‍ മുഴുവന്‍ മറ്റാരും ചെയ്യാത്ത കാര്യങ്ങള്‍ ചെയ്യണമെന്ന്‌ ആഗ്രഹിച്ച ഈ മുത്തശ്ശിക്ക്‌ അല്ലാതെ ആര്‍ക്ക്‌ ഇങ്ങനെ പറയാന്‍ പറ്റും?

അമേരിക്കയും സോവ്യറ്റ്‌ യൂണിയനും ബഹിരാകാശ ദൗത്യങ്ങളില്‍ മത്സരിക്കുന്ന അറുപതുകളിലായിരുന്നു വാലി ഫാങ്ക്‌ ആദ്യം വാര്‍ത്തകളില്‍ നിറഞ്ഞത്‌. അക്കാലത്ത്‌ അമേരിക്ക പുരുഷന്മാരെ മാതമേ ബഹിരാകാശ ദൗത്യങ്ങള്‍ക്ക്‌ തെരഞ്ഞെടുത്തിരുന്നുള്ളൂ. വനിതകള്‍ക്കും തുല്യ പരിഗണനയും പുരുഷന്മാരെ പോലെ പരിശീലനവും നല്‍കണമെന്ന്‌ അക്കാലത്ത്‌ ആവശ്യമുയര്‍ന്നു. ഇതു ശക്‌തമായപ്പോഴാണ്‌ 13 വനിതകളെ പരിശീലനം നല്‍കാന്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ തെരഞ്ഞെടുത്തത്‌.

മെര്‍ക്കുറി-13 എന്ന്‌ അറിയപ്പെട്ടിരുന്ന ഈ സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞയാളായിരുന്നു 22 വയസുകാരിയായ വാലി. പുരുഷന്മാര്‍ക്ക്‌ നല്‍കുന്ന അതേ പരിശീലനം ഇവര്‍ക്കും നല്‍കി. പക്ഷേ, അവര്‍ നാസയുടെ ദൗത്യങ്ങളുടെ ഭാഗമായിരുന്നില്ല. അവരെ ബഹിരാകാശത്തേക്ക്‌ അയച്ചതുമില്ല, പ്രധാന കാരണം വനിതകളായിരുന്നു എന്നതു തന്നെ.

അമേരിക്കയില്‍ പൈലറ്റ്‌ ലൈസന്‍സ്‌ നേടുന്ന ആദ്യ വനിതകളില്‍ ഒരാളായിട്ടും വിമാനം പറത്താന്‍ അവര്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നുമില്ല. മൂന്നു വിമാനക്കമ്പനികള്‍ അവരുടെ അപേക്ഷ മടക്കി, ഇതിനു കാരണവും വനിതയായിരുന്നു എന്നതു തന്നെ.

പക്ഷേ, പിന്നീട്‌ അവര്‍ ചില ഒന്നാം സ്‌ഥാനങ്ങള്‍ നേടിയെടുത്തു. അമേരിക്കയിലെ വനിതയായ ആദ്യ എയര്‍ സേഫ്‌റ്റി ഇന്‍വെസ്‌റ്റിഗേറ്റര്‍, ആദ്യ വനിതാ സിവിലിയന്‍ ഫൈ്ലറ്റ്‌ ഇന്‍സ്‌ട്രക്‌ടര്‍, വനിതയായ ആദ്യ ഫെഡറല്‍ ഏവിയേഷന്‍ ഏജന്‍സി ഇന്‍സ്‌പെക്‌ടര്‍ എന്നീ ബഹുമതികള്‍ വാലി ഫങ്കിനു സ്വന്തം. മൂവായിരത്തിലധികം പേര്‍ക്ക്‌ പൈലറ്റ്‌ പരിശീലനം നല്‍കിയിട്ടുള്ള അവര്‍ 19,600 മണിക്കൂര്‍ വിമാനം പറത്തുകയും ചെയ്‌തിട്ടുണ്ട്‌.

അതികഠിനമായ പരിശീലനമായിരുന്നു മെര്‍ക്കുറി-13 സംഘത്തിന്‌ നാസ നല്‍കിയിരുന്നത്‌. ഏകാന്ത പരിശീലനങ്ങളായിരുന്നു അതില്‍ ഏറ്റവും കഠിനം. ബഹിരാകാശത്തിലെ ഭാരമില്ലായ്‌മ പരീക്ഷിച്ചതായിരുന്നു വെള്ളത്തില്‍. ഒറ്റയടിക്ക്‌ പത്തു മണിക്കൂര്‍ വരെയൊക്കെ വെള്ളത്തില്‍ പൊങ്ങിക്കിടക്കേണ്ടി വന്നിരുന്നു. പരിശീലനത്തില്‍ ഏറ്റവും മികവു കാട്ടിയതും വാലിയായിരുന്നു. എന്നിട്ടും നാസ പച്ചക്കൊടി കാണിച്ചില്ല.

ഏതാനും വര്‍ഷം കഴിഞ്ഞ്‌, 1963-ല്‍, സോവ്യറ്റ്‌ യൂണിയന്‍ ആദ്യ വനിതയെ ബഹിരാകാശത്തെത്തിച്ചു- വാലന്റീന ടെരഷ്‌കോവയെ. ഈ നേട്ടം കണ്ടിട്ടെങ്കിലും തന്നെ പരിഗണിക്കുമെന്നോര്‍ത്ത്‌ അവര്‍ വീണ്ടും മൂന്നു തവണ നാസയെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. പതിറ്റാണ്ടുകള്‍ക്ക്‌ ശേഷം 1983-ലായിരുന്നു ആദ്യ അമേരിക്കന്‍ വനിതയായി സാലി റൈഡ്‌ ബഹിരാകാശത്തെത്തിയത്‌. ആദ്യമായി അമേരിക്കന്‍ വനിത ഒരു ബഹിരാകാശയാത്രയുടെ കമാന്‍ഡറാകാന്‍ 1995 വരെ കാത്തിരിക്കേണ്ടി വന്നു.

ഡിസ്‌കവറി സ്‌പേസ്‌ ഷട്ടില്‍ എയ്‌ലീന്‍ കോളിന്‍സിന്റെ നേതൃത്വത്തില്‍ ബഹിരാകാശത്തേക്കു കുതിക്കുന്നതു കാണാന്‍ മെര്‍ക്കുറി- 13 സംഘത്തിലെ അംഗങ്ങള്‍ വിക്ഷേപണ കേന്ദ്രത്തിലെത്തിയിരുന്നു.

ബെസോസിന്റെയും വാലിയുടെയും യാത്രയ്‌ക്ക് ജൂലൈ 20 തെരഞ്ഞെടുത്തതിന്‌ ഒരു കാരണമുണ്ട്‌. 1969-ല്‍ നീല്‍ ആംസ്‌ട്രോങ്ങും ബസ്‌ ആല്‍ഡ്രിനും ചന്ദ്രനില്‍ കാലു കുത്തിയതിന്റെ 52-ാം വാര്‍ഷികമാണ്‌ അന്ന്‌. ആദ്യമായി ബഹിരാകാശത്തു പോയ അമേരിക്കക്കാരനായ അലന്‍ ഷെപ്പേഡിന്റെ സ്‌മരണയില്‍ ന്യൂ ഷെപ്പേഡ്‌ എന്നു പേരിട്ടിരിക്കുന്ന പേടകത്തിന്റെ യാത്ര ഏതാണ്ട്‌ പത്തു മിനിറ്റു മാത്രമേ നീളുകയുള്ളൂ. വിക്ഷേപണത്തറയില്‍ നിന്ന്‌ കുതിച്ചുയരുന്ന ന്യൂ ഷെപ്പേഡ്‌ 65 മൈല്‍ നേരേ ഉയര്‍ന്ന്‌ ബഹിരാകാശത്തിന്റെ അരികിലെത്തും. അവിടെ സീറ്റ്‌ ബെല്‍റ്റ്‌ അഴിച്ച്‌ സഞ്ചാരികള്‍ക്ക്‌ നാലു മിനിറ്റ്‌ ഭാരമില്ലാത്ത അവസ്‌ഥ അനുഭവിക്കാന്‍ സാധിക്കും. പക്ഷേ, യാത്ര അത്ര നിസ്സാരമല്ല. വിക്ഷേപണ സമയത്ത്‌ ഭൂഗുരുത്വാകര്‍ഷണബലത്തിന്റെ മൂന്നിരട്ടി ബലമായിരിക്കും യാത്രികര്‍ക്ക്‌ നേരിടേണ്ടി വരുക. തിരിച്ചു വരുമ്പോള്‍ ഏതാനും സെക്കന്‍ഡ്‌ അത്‌ അഞ്ചരയിരട്ടി വരെയാകും. ഇതൊന്നും വാലിക്ക്‌ വലിയ ബുദ്ധിമുട്ടാകാന്‍ വഴിയില്ല. ഈ പ്രായത്തിലും കമ്പിയില്‍ തൂങ്ങി സഞ്ചരിക്കുന്ന സിപ്‌ലൈന്‍ വിനോദത്തിനു പോകാറുണ്ട്‌ അവര്‍.

ഭൂമിക്കു ലംബമായി കുതിച്ചുയര്‍ന്ന്‌ അതേ രീതിയില്‍ തന്നെ തിരിച്ചിറങ്ങുന്ന പേടകമാണ്‌ ന്യൂ ഷെപ്പേഡ്‌. ജെഫ്‌ ബെസോസിന്റെ വര്‍ഷങ്ങളായുള്ള സ്വപ്‌നമാണ്‌ ഈ മാസം സാധ്യമാകുന്നത്‌. അഞ്ചാം വയസ്സില്‍ മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയ ദൃശ്യം കണ്ട്‌ ആവശം കയറിയതാണ്‌. പിന്നീട്‌ സയന്‍സ്‌ ഫിക്ഷന്‍ കഥകളുടെയും മറ്റും ആരാധകനായി. സ്‌റ്റാര്‍ ട്രെക്ക്‌ പരിപാടിയുടെ സ്‌ഥിരം പ്രേക്ഷകനായി. ആധുനിക റോക്കറ്റ്‌ സാങ്കേതിക വിദ്യയുടെ പിതാവായ റോബര്‍ട്ട്‌ ഗൊദാര്‍ദിന്റെ ഓര്‍മയ്‌ക്ക് ഒരു മകന്‌ ആ പേരുമിട്ടു ബെസോസ്‌.

സ്വത്ത്‌ വന്നു കുമിഞ്ഞു കൂടുമ്പോഴും ബെസോസ്‌ സ്‌പേസ്‌ പ്രേമം വിട്ടില്ല. സ്‌പേസ്‌ കമ്പനിയായ ബ്ലൂ ഒറിജിനു വേണ്ടി അദ്ദേഹം കോടിക്കണക്കിനു ഡോളര്‍ മുടക്കാന്‍ തയാറായി.

ബഹിരാകാശയാത്ര പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഒപ്പമുള്ളത്‌ സഹോദരനായിരിക്കുമെന്ന്‌ ബെസോസ്‌ പ്രഖ്യാപിച്ചിരുന്നു. ഒരു സീറ്റ്‌ ലേലത്തിനു വച്ചപ്പോള്‍ താത്‌പര്യവുമായി എത്തിയത്‌ 159 രാജ്യങ്ങളില്‍ നിന്നായി 7600 പേരാണ്‌. കമ്പനി പ്രതീക്ഷിച്ചതിലുമധികം തുക വാഗ്‌ദാനം ചെയ്‌തവര്‍ ഏറെ. അതില്‍ നിന്നാണ്‌ 208 കോടി രൂപവാഗ്‌ദാനം ചെയ്‌തയാളെ തെരഞ്ഞെടുത്തത്‌. (ബെസോസിന്റെ എതിരാളിയായ എലോണ്‍ മസ്‌ക് തന്റെ ബഹിരാകാശ പേടകത്തില്‍ രാജ്യാന്തര സ്‌പേസ്‌ സ്‌റ്റേഷനിലേക്ക്‌ അയയ്‌ക്കുന്നതിനീടാക്കുന്ന തുകയുടെ പകുതി വരും ഈ തുക. പക്ഷേ, മസ്‌കിന്റെ യാത്രയില്‍ സഞ്ചാരികള്‍ക്ക്‌ ഒരാഴ്‌ച സ്‌പേസ്‌ സ്‌റ്റേഷനില്‍ താമസിക്കാം.)

ലേലത്തില്‍ കിട്ടുന്ന തുക ബെസോസിന്റെ കമ്പനിയുടെ ഫൗണ്ടേഷനിലേക്കാണ്‌ നല്‍കുക. യുവാക്കള്‍ക്ക്‌ ബഹിരാകാശം സംബന്ധിച്ച ഉന്നതപഠനത്തിനായി ഈ പണം ചെലവഴിക്കും.
ബഹിരാകാശ ടൂറിസം രംഗത്ത്‌ ബെസോസ്‌ രണ്ടു പേരോടാണ്‌ മത്സരിക്കുന്നത്‌. എലോണ്‍ മസ്‌കിനോടും വിര്‍ജിന്‍ ഗാലക്‌ടിക്കിന്റെ റിച്ചാര്‍ഡ്‌ ബ്രാന്‍സണോടും.

രണ്ടു പേരും ബെസോസിന്റെ കമ്പനിയേക്കാള്‍ ഏറെ മുന്നിലായി കഴിഞ്ഞു. ബ്രാന്‍സണിന്റെ സ്‌പേസ്‌ ഷിപ്‌-2 എന്നു പേരിട്ട പേടകം ഇതിനകം വിജയകരമായ പരീക്ഷണപ്പറക്കലുകള്‍ നടത്തിക്കഴിഞ്ഞു.

മസ്‌കിന്റെ സ്‌പേസ്‌ എക്‌സ് ആകട്ടെ ബഹുദൂരം മുന്നിലായി. സ്‌പേസ്‌ എക്‌സിന്റെ ഡ്രാഗണ്‍ പേടകം നാസയ്‌ക്കു വേണ്ടി ബഹിരാകാശ ദൗത്യങ്ങള്‍ നടത്തിക്കഴിഞ്ഞു. രാജ്യാന്തര സ്‌പേസ്‌ സ്‌റ്റേഷനിലേക്ക്‌ നാസ ഇപ്പോള്‍ യാത്രികരെ എത്തിക്കുന്നത്‌ ഡ്രാഗണ്‍ പേടകത്തിലാണ്‌. ന്യൂ ഷെപ്പേഡും സ്‌പേസ്‌ ഷിപ്പ്‌ -രണ്ടും നേരേ കുതിച്ചുയര്‍ന്ന്‌ ബഹിരാകാശത്തിന്റെ വിളുമ്പിലെത്തി താഴേക്കു വരുന്നവയാണ്‌. എന്നാല്‍, മസ്‌കിന്റെ ഡ്രാഗണ്‍ ആകട്ടെ മണിക്കൂറില്‍ 17500 മൈല്‍ വേഗത്തില്‍ സഞ്ചരിക്കുന്നവയും. ഇവ തമ്മില്‍ താരതമ്യം പോലും സാധ്യമല്ല.

ജൂലൈ 20-ന്‌ സ്വന്തം പേടകത്തില്‍ താന്‍ യാത്ര ചെയ്യുമെന്ന്‌ ബെസോസ്‌ പ്രഖ്യാപിച്ചതിനു പിന്നാലെ റിച്ചാഡ്‌ ബ്രാന്‍സണിന്റെ അറിയിപ്പും വന്നു; താനും ബഹിരാകാശത്തേക്കു പോകുന്നു, ജൂലൈ 11-ന്‌. വര്‍ഷങ്ങളായി ഇരുവരും നടത്തുന്ന മത്സരത്തിന്‌ അങ്ങനെ ഒരു ട്വിസ്‌റ്റും കൂടിയായി.

യൗവനകാലത്ത്‌ ആഗ്രഹിച്ച ബഹിരാകാശയാത്ര സാധ്യമാകുമ്പോള്‍ വാലി ഫങ്കിന്‌ അതൊരു മധുരപ്രതികാരം കൂടിയാണ്‌. അറുപതു വര്‍ഷം മുന്‍പുള്ള ഒരു കഥയാണത്‌.
വാലി ഫങ്ക്‌ അടങ്ങുന്ന സംഘം പരിശീലനം നടത്തുന്ന സമയത്തു തന്നെ നാസയില്‍ പരിശീലനം നടത്തിയിരുന്ന പുരുഷ സംഘത്തിലെ അംഗമായിരുന്നു ജോണ്‍ ഗ്ലെന്‍. വനിതകള്‍ ബഹിരാകാശയാത്ര നടത്തുന്നതിനെ ഗ്ലെന്‍ കളിയാക്കിയിട്ടുണ്ടെന്ന്‌ ഒരു കഥയുണ്ട്‌. അധികം താമസിയാതെ ഗ്ലെന്‍ അമേരിക്കയുടെ മൂന്നാമത്തെ യാത്രികനായി ബഹിരാകാശത്തെത്തി. ഭൂമിയെ വലം വയ്‌ക്കുന്ന ആദ്യ അമേരിക്കക്കാരനുമായി. 1998-ല്‍ വീണ്ടും ഗ്ലെന്‍ ബഹിരാകാശത്തെത്തി. ഡിസ്‌കവറി സ്‌പേസ്‌ ഷട്ടിലില്‍ ഗ്ലെന്‍ ബഹിരാകാശത്തെത്തുമ്പോള്‍ 77 വയസ്സായിരുന്നു. അങ്ങനെ ബഹിരാകാശത്തെത്തുന്ന ഏറ്റവും പ്രായമുള്ളയാളായി ഗ്ലെന്‍. അദ്ദേഹത്തിന്റെ ഈ റെക്കോഡ്‌ ആണ്‌ ഇനി വാലി ഫങ്ങ്‌ തിരുത്തുന്നത്‌.

ബഹിരാകാശത്തെത്തുക എന്ന സ്വപ്‌നം വാലി ഒരിക്കലും ഉപേക്ഷിച്ചിരുന്നില്ല. റിച്ചാര്‍ഡ്‌ ബ്രന്‍സണിന്റെ സ്‌പേസ്‌ ഷിപ്പ്‌ രണ്ടില്‍ പണം നല്‍കി യാത്രചെയ്യാന്‍ അവര്‍ പേരു നല്‍കിയിരുന്നതുമാണ്‌. ആ യാത്ര യാഥാര്‍ഥ്യമാകുന്നതിനു മുന്‍പു തന്നെ അവരെ ബഹിരാകാശം മാടിവിളിച്ചു, ജെഫ്‌ ബെസോസിലൂടെ.

Latest News

Loading..