സൈബർ തട്ടിപ്പുകാർ ഏറുന്നു. ശ്രദ്ധിച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് കാലിയാകും. എൻഎച്ച്‌എസ് വാക്സിൻ പാസ്‌പോർട്ട് നൽകാമെന്ന വ്യാജേന തട്ടിപ്പ്.

എൻഎച്ച്‌എസ് വാക്സിൻ പാസ്‌പോർട്ട് ആപ്ലിക്കേഷൻ പൊതുജനങ്ങൾക്ക് ഗുണകരമാണെങ്കിലും വൻ തട്ടിപ്പുകളാണ് അതിന്റെ മറപറ്റി സൈബർ തട്ടിപ്പ് സംഘങ്ങൾ ചെയ്യുന്നത്. എൻഎച്ച്എസിന്റെ ഭാഗമാണെന്ന് നടിച്ച് നിരവധി ആളുകളുടെ വ്യക്തിഗത വിവരങ്ങളും പണവും മോഷ്ടിക്കുകയാണ് വ്യാജ വാക്സിൻ പാസ്‌പോർട്ട് തട്ടിപ്പുകാർ. അവധിദിനങ്ങളും ടിക്കറ്റുകളും ആഗ്രഹിക്കുന്ന ആളുകളെ ലക്ഷ്യമിട്ടാണ് അവർ പ്രവർത്തിക്കുന്നത്. ലോക്ക്ഡൗണിൽ ഇളവുകൾ വരുന്നതോടെ അവധിദിനങ്ങളും വലിയ പരിപാടികളും വീണ്ടും സജീവമാകും. ഇത് തട്ടിപ്പുകാർക്ക് പുതിയ അവസരങ്ങളും ഒരുക്കും.
പാസ്പോർട്ട് നൽകാമെന്ന വ്യാജേനയാണ് ഇവർ ആളുകളെ ബന്ധപ്പെടുന്നത്. തുടർന്ന് എൻഎച്ച്‌എസ് വെബ്‌സൈറ്റുകളിലേക്കെന്ന് തോന്നിപ്പിക്കുന്ന ലിങ്കുകൾ ഉപയോഗിച്ച് ഇമെയിലുകൾ അയക്കും. പേയ്‌മെന്റുകൾ ഉപയോഗിച്ച് പാസ്‌പോർട്ടിനായി അപേക്ഷിക്കാനും വ്യക്തിഗത വിശദാംശങ്ങൾ നൽകാനും ആളുകളെ പ്രേരിപ്പിക്കും. ഈ മാർഗത്തിലൂടെയാണ് പണവും മറ്റ് വ്യക്തിഗത വിവരങ്ങളും തട്ടിയെടുക്കുന്നത്.
ലോക്ക്ഡൗൺ കാലത്ത് വർധിച്ചുവരുന്ന സൈബർ തട്ടിപ്പുകളെക്കുറിച്ച് നോർത്ത് ടീസിലെയും ഹാർട്ട്‌പൂൾ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിലെയും മെഡിക്കൽ ഡയറക്ടർ ദീപക് ദ്വാരകനാഥ് മുന്നറിയിപ്പ് നൽകി. “കോവിഡ് -19 വാക്സീൻ രണ്ട് ഡോസും പൂർത്തിയാക്കിയവർക്ക് എൻഎച്ച്‌എസ് കോവിഡ് പാസ് നിർണായകമാണ്. കാരണം യാത്ര ചെയ്യാൻ ഇത് ആളുകളെ അനുവദിക്കുന്നു. കൂടാതെ അവധിദിനങ്ങൾ ആഘോഷിക്കാനും വലിയ പരിപാടികളിൽ പങ്കെടുക്കാനും ഇത് സഹായിക്കും. ഈയൊരു അവസരം മുതലെടുത്ത് ചിലർ ക്രൂരമായ രീതിയിൽ മറ്റുള്ളവരെ കബളിപ്പിക്കാൻ ശ്രമിക്കുന്നത് അപമാനകരമാണ്.” അദ്ദേഹം പറഞ്ഞു. “രണ്ട് ഡോസും പൂർത്തീകരിച്ച ശേഷം നിങ്ങൾക്ക് പാസ് ആവശ്യമാണെങ്കിൽ, ദയവായി എൻഎച്ച്എസ് ചാനലുകൾ ഉപയോഗിച്ച് അത് നേടുക.” അദ്ദേഹം കൂട്ടിച്ചേർത്തു.