News

Share

ബഹിരാകാശ യാത്രക്ക് ഒരുങ്ങി സന്തോഷ് ജോർജ്ജ് കുളങ്ങര. സ്വപ്നം വൈകാതെ സാധ്യമാകുമെന്ന സൂചനകൾ ലഭിച്ചു.

ബഹിരാകാശ യാത്രക്ക് ഒരുങ്ങി സന്തോഷ് ജോർജ്ജ് കുളങ്ങര. സ്വപ്നം വൈകാതെ സാധ്യമാകുമെന്ന സൂചനകൾ ലഭിച്ചു.

സഹാറ മുതല്‍ മൊഹാവി വരെയുള്ള മരുഭൂമികള്‍, ഹിമാലയം മുതല്‍ ഫ്യുജി വരെയുള്ള പര്‍വതങ്ങള്‍, നൈൽ നിന്ന് ഡാന്യൂബ് വരെയുള്ള നദികള്‍, ലോകാത്ഭുതങ്ങള്‍, മനുഷ്യ ജീവിതങ്ങള്‍, സംസ്‌കാരങ്ങള്‍... കാഴ്ചകളുടെയും അനുഭവങ്ങളുടെയും അക്ഷയപാത്രമായ സഞ്ചാരവിശേഷങ്ങള്‍ മലയാളികള്‍ക്ക് മുമ്പിലെത്തിക്കുന്നതില്‍ മുന്‍പന്തിയില്‍ ആര് എന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ. സന്തോഷ് ജോര്‍ജ് കുളങ്ങര.

1997 ഒക്‌ടോബര്‍ 24ന് ആരംഭിച്ച മലയാളത്തിലെ ആദ്യ ദൃശ്യയാത്രാവിവരണ പരമ്പര, 2013ല്‍ സഫാരി ചാനലായി. മലയാളികളുടെ സ്വീകരണമുറിയിലേക്ക് ലോകക്കാഴ്ചകള്‍ എത്തിച്ച സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ സഞ്ചാരം രണ്ടുപതിറ്റാണ്ടു പിന്നിട്ട് മുന്നേറുകയാണ്.

ആശുപത്രി കിടക്കയില്‍ കിടന്നുകൊണ്ട് ജോലി ചെയ്യുന്ന ചിത്രം വൈറലായിരുന്നല്ലോ?

ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പറഞ്ഞതുപോലെ അത്ര ഗുരുതരാവസ്ഥയൊന്നുമായിരുന്നില്ല. ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ പോയതാണ്. തുടര്‍ന്ന് തീര്‍ത്തും അപ്രതീക്ഷിതമായി ഒരു സര്‍ജറി വേണ്ടി വന്നു. ജോലികള്‍ പലതും പെന്‍ഡിംഗിലാക്കിയാണ് ചികിത്സയ്ക്ക് പോയത്. കുറച്ച് ദിവസം അഡ്മിറ്റാകേണ്ടി വരുമ്പോഴുള്ള അവസ്ഥ പറയണോ? അതുകൊണ്ട് അത്യാവശ്യമായി ചെയ്തു തീര്‍ക്കണ്ട ജോലികള്‍ ആശുപത്രി കിടക്കയില്‍ വച്ചു തന്നെ ചെയ്തു. ആ ഫോട്ടോ എങ്ങനെയോ വൈറലായി. കേട്ടപാതി കേള്‍ക്കാത്ത പാതി, ഇത്തരം കാര്യങ്ങള്‍ ഷെയര്‍ ചെയ്യുക എന്നതാണല്ലോ സോഷ്യല്‍ മീഡിയയുടെ രീതി. അത്തരം പ്രചരണങ്ങള്‍ക്ക് വലിയ പ്രാധാന്യമൊന്നും കൊടുക്കുന്നില്ല. ഉത്തരവാദിത്തബോധമുള്ള ഏതൊരാളും അങ്ങനെയേ ചെയ്യൂ.

ഒരു ഡോക്ടറാണ് അപ്രതീക്ഷിതമായി ആശുപത്രിയില്‍ അഡ്മിറ്റാകുന്നതെങ്കില്‍ അയാള്‍ ചികിത്സിച്ചുകൊണ്ടിരുന്ന രോഗിയുടെ കാര്യങ്ങള്‍ എങ്ങനെയെങ്കിലുമൊക്കെ മാനേജ് ചെയ്യില്ലേ? ഉത്തരവാദിത്തപ്പെട്ട ജോലികള്‍ ചെയ്യുന്ന എല്ലാവരും അങ്ങനെയാണല്ലോ. പക്ഷേ സാധാരണക്കാര്‍ക്ക് ഈ രീതി പരിചയമില്ല. ആശുപത്രിയില്‍ പോയാല്‍ പിന്നെ വേറൊരു പണിയും ചെയ്യരുത് എന്നാണ് അവരുടെ വിചാരം. എനിക്ക് പരിചയമുള്ള ടെലിവിഷന്‍ ചാനലിന്റെ മേധാവികളെല്ലാം ഇത്തരമൊരു സാഹചര്യത്തില്‍ ഇങ്ങനെയൊക്കെയേ ചെയ്യൂ.

Santhosh George Kulangara

കൊറോണ മൂലം യാത്രകളൊക്കെ മുടങ്ങി വീട്ടിലും ഓഫീസിലുമായി ജീവിതം ഒതുങ്ങിയെന്ന് തോന്നുന്നുണ്ടോ?

മെക്സിക്കന്‍ യാത്ര കഴിഞ്ഞ് നാട്ടിലെത്തുന്ന സമയത്താണ് ഇവിടെ കൊറോണ സ്പ്രെഡ് ആകുന്നത്. വിദേശ യാത്ര കഴിഞ്ഞെത്തിയതിനാല്‍ 15 ദിവസം ക്വാറന്റൈനിലിരിക്കണമെന്ന നിര്‍ദേശം ലഭിച്ചിരിക്കുന്നു. ഓഫീസ് വീടിനടുത്തു തന്നെയായതുകൊണ്ട് ആവശ്യമായ സൗകര്യങ്ങള്‍ വീട്ടിലൊരുക്കി റൂമിലിരുന്ന് ഞാന്‍ ജോലി ചെയ്തു. ഞാനടക്കം ചാനലിലെല്ലാവരും ജോലിയില്‍ നിന്ന് ഒരു മിനിറ്റ് പോലും മാറിനിന്നിട്ടില്ല. ഈ ഒരു വര്‍ഷത്തിനിടയില്‍ ഒരു മാറ്റവും വന്നതായി തോന്നിയിട്ടുമില്ല.

ക്വാറന്റൈന്‍ ദിവസങ്ങളില്‍ ആദ്യമൊക്കെ കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു. സ്റ്റുഡിയോയില്‍ ഇരുന്ന് ചെയ്തുകൊണ്ടിരുന്ന ജോലി വീട്ടിലിരുന്ന് ചെയ്യുന്നത് അത്ര എളുപ്പമല്ലല്ലോ.

ലോക്ഡൗണ്‍ കാലത്ത് സഞ്ചാരത്തെ അനുകരിച്ച് സോഷ്യല്‍ മീഡിയയില്‍ ധാരാളം ട്രോളുകള്‍ വൈറലായിരുന്നല്ലോ?

സഞ്ചാരമൊരു ജനകീയ പരിപാടിയായതുകൊണ്ടാണല്ലോ അതിനെ അനുകരിച്ച് ട്രോളുകളുണ്ടാക്കുന്നത്. ആ പ്രോഗാമുകളെക്കുറിച്ച് ആളുകള്‍ക്ക് അറിയില്ലെങ്കില്‍ ട്രോളുകള്‍ ആസ്വദിക്കാന്‍ കഴിയില്ല. ആളുകള്‍ക്കിടയില്‍ സഞ്ചാരത്തിന് അത്രത്തോളം സ്വീകാര്യതയുണ്ടെന്നാണ് ഇതില്‍ നിന്നും മനസിലാകുന്നത്.
നമ്മളേക്കാളും ക്രിയേറ്റീവ് ആയി അവസരോചിതമായി പ്രവര്‍ത്തിക്കുന്ന പ്രതിഭകളോട് എന്നും ആരാധനയും ബഹുമാനവുമാണ്. അതുകൊണ്ടുതന്നെ ട്രോളര്‍മാരുടെ തമാശകളെ മനസ് നിറഞ്ഞ് അനുമോദിക്കുന്നു.

ഉത്തരവാദിത്തപ്പെട്ട ചുമതലകളേറെയുണ്ട്. ഈ തിരക്കുകള്‍ക്കിടയിലും സഞ്ചാരത്തിനായുള്ള യാത്രകള്‍ നടത്തുന്നതെങ്ങനെയാണ്?


ഉല്ലാസയാത്രയ്ക്ക് പോകുന്ന മാനസികാവസ്ഥയോടെയല്ല സഞ്ചാരത്തിനുള്ള എപ്പിസോഡുകള്‍ക്കായി യാത്ര ചെയ്യുന്നത്. ഒരു രാജ്യത്ത് പോയി വരുമ്പോള്‍ കുറഞ്ഞത് 30 എപ്പിസോഡുകള്‍ക്കുള്ള കണ്ടന്റ് കൈയിലുണ്ടാവണം. സഫാരി ചാനലിന്റെ ഉടമസ്ഥനാണ് ഞാന്‍. മറ്റുള്ളവരേക്കാള്‍ കൂടുതല്‍ ജോലി ചെയ്യേണ്ട ആളുമാണ്. ഞാന്‍ ഉഴപ്പിയാല്‍, കൂടെയുള്ളവര്‍ എങ്ങനെ വര്‍ക്ക് ചെയ്യും? മാസത്തില്‍ ഒരു രാജ്യമാണ് സന്ദര്‍ശിക്കുന്നതെങ്കില്‍ അടുത്ത യാത്ര കഴിഞ്ഞ് മടങ്ങി എത്തുംവരെ ടെലികാസ്റ്റ് ചെയ്യാനുള്ളവ ഷൂട്ട് ചെയ്യണമെന്നത് എന്റെ ഉത്തരവാദിത്തമാണ്. വാലും തലയുമില്ലാതെ എന്തെങ്കിലുമൊക്കെ ഷൂട്ട് ചെയ്തിട്ട് കാര്യമില്ല. സഞ്ചാരത്തിന്റെ ഓരോ എപ്പിസോഡിലും കാണിക്കുന്ന സ്ഥലത്തിന്റെ ചരിത്രവും മറ്റ് വിവരങ്ങളും കൃത്യതയോടെ മറ്റൊരാള്‍ക്കും അനുകരിക്കാന്‍ കഴിയാത്ത രീതിയില്‍ ഷൂട്ട് ചെയ്ത് സ്‌ക്രിപ്റ്റ് തയാറാക്കി നല്‍കിയാല്‍ മാത്രമേ അത് നന്നായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിക്കാന്‍ കഴിയൂ.

സഞ്ചാരം ലോകം മുഴുവന്‍ കാണുന്ന പോഗ്രാമാണെന്നും അതില്‍ ചെറിയൊരു തെറ്റുപോലും സംഭവിക്കരുതെന്നും പ്രധാനപ്പെട്ട കാര്യങ്ങളൊന്നും വിട്ടുപോകരുതെന്നുമുള്ള ടെന്‍ഷനോടെയാണ് യാത്ര ചെയ്യുന്നത്, അതുകൊണ്ടുതന്നെ ഓരോ യാത്രയും വലിയൊരു ഉത്തരവാദിത്തമാണെന്ന് മനസിലാക്കിയാണ് പോകുന്നത്. എല്ലാം ഉദ്ദേശിച്ച രീതിയില്‍ നടക്കണമെങ്കില്‍ യാത്രയ്ക്ക് മുമ്പുതന്നെ കൃത്യമായി പ്ലാന്‍ ചെയ്യണം.

Santhosh George Kulangara


പൈങ്കിളി സീരിയലുകള്‍ കാണുന്നവരല്ല സഫാരിയുടെ പ്രേക്ഷകര്‍. ഐ.എ.എസുകാര്‍, എഴുത്തുകാര്‍, ആര്‍ക്കിടെക്ടുമാര്‍, എന്‍ജിനീയേഴ്‌സ്, ചരിത്രാധ്യാപകര്‍, ഡോക് ടര്‍മാര്‍ എന്നിങ്ങനെയുള്ളവരാണ് സഫാരിയുടെ ഭൂരിപക്ഷം പ്രേക്ഷകരും. അവരുടെ മുമ്പി ല്‍ ഓരോ രാജ്യത്തിന്റെയും കഥകളവതരിപ്പിക്കുമ്പോള്‍ തെറ്റുകള്‍ വരുത്താന്‍ പറ്റില്ല. അങ്ങനെയുള്ളപ്പോള്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ മിസാവരുതേ, ഷൂട്ട് ചെയ്യുമ്പോഴത്തെ കാലാവസ്ഥ ടെലികാസ്റ്റ് ചെയ്യുന്ന സമയമാകുമ്പോള്‍ മാറരുതേ, കണക്ഷന്‍ വാഹനങ്ങള്‍ സമയം തെറ്റരുതേ എന്നിങ്ങനെ നൂറുകണക്കിന് പ്രശ്നങ്ങള്‍ അഭിമുഖീകരിച്ചുകൊണ്ടാണ് യാത്ര.

യാത്രയില്‍ ഒരു കണക്ഷന്‍ ഫ്ളൈറ്റ് മിസായാല്‍ അന്നു മുഴുവന്‍ എയര്‍പോര്‍ട്ടില്‍ ഇരിക്കേണ്ടി വരും. അന്ന് പ്ലാന്‍ ചെയ്ത പ്രോഗ്രാമുകള്‍ മുഴുവന്‍ തെറ്റും. അന്നത്തെ ഷെഡ്യൂള്‍ പൂര്‍ണ്ണമായും ഒഴിവാക്കേണ്ടി വരും. അഞ്ചു ദിവസമാണ് ആകെ പ്ലാന്‍ ചെയ്തിട്ടുള്ളതെങ്കില്‍ ദിവസവും ആറ് എപ്പിസോഡുകളെങ്കിലും ഷൂട്ട് ചെയ്യേണ്ടി വരും. ഞാനൊറ്റയ്ക്കാണ് ഇതൊക്കെ ചെയ്യേണ്ടത്. പുലര്‍ച്ചെ മുതല്‍ പാതിരാത്രി വരെ 20 കിലോമീറ്ററോളം നടക്കേണ്ടി വരും. നടന്ന് ഇത്രയും ദൂരം ഷൂട്ട് ചെയ്യുന്നതൊന്ന് ആലോചിച്ചു നോക്കൂ. ആ രാത്രിയില്‍ തന്നെ അടുത്ത സ്ഥലത്ത് എത്തുകയും വേണം. വീണ്ടും ഇതേ കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നു. തിരിച്ചുവരുമ്പോഴേക്കും കാലൊക്കെ നീരുവച്ച് അനങ്ങാന്‍പോലും പറ്റാത്ത അവസ്ഥയിലായിരിക്കും. ഇതാണ് ഓരോ യാത്രയും എനിക്ക് സമ്മാനിക്കുന്നത്.

ഷൂട്ടിങ്, സ്‌ക്രിപ്റ്റിങ്, എഡിറ്റിംഗ് തുടങ്ങി പല റോളുകള്‍ കൈകാര്യം ചെയ്യുന്നുണ്ടല്ലോ?

ഞാന്‍ ഒരു രാജ്യത്ത് പോയി ഷൂട്ട് ചെയ്ത വിഷ്വലുകള്‍ മറ്റൊരാള്‍ക്ക് സ്‌ക്രിപ്റ്റ് ചെയ്യാന്‍ കഴിയില്ല. കാരണം ആ കാഴ്ചകള്‍ നേരിട്ട് കണ്ടറിഞ്ഞവര്‍ക്ക് മാത്രമേ കൃത്യമായത് ചെയ്യാന്‍ കഴിയൂ. കുറേ വിഷ്വലുകള്‍ കണ്ടതുകൊണ്ടുമാത്രം സ്‌ക്രിപ്റ്റ് തയാറാക്കാനും ശരിയായി എഡിറ്റ് ചെയ്യാനും കഴിയില്ല. കാഴ്ചകളോരോന്നും കൃത്യമായ ഓഡറിലായിരിക്കില്ല ഷൂട്ട് ചെയ്യുന്നത്. ഒരു രാജ്യത്ത് ചെല്ലുമ്പോള്‍ മുതല്‍ ഷൂട്ട് അവസാനിക്കുന്നതുവരെയുള്ള കാഴ്ചകള്‍ അതേ പോലെ കാണിച്ചാലേ യാത്ര പൂര്‍ത്തിയാകൂ. ഷോട്ടുകളുടെ തുടര്‍ച്ച, കഥ എങ്ങനെ മുമ്പോട്ട് പോകണം എന്നതിന്റെ സ്‌ക്രിപ്റ്റ് മനസിലുണ്ടെങ്കില്‍ മാത്രമേ എഡിറ്റ് ചെയ്യാനാകൂ. യാത്ര ചെയ്ത എനിക്കല്ലാതെ, മറ്റൊരാള്‍ക്ക് എങ്ങനെ യാത്രാ അനുഭവങ്ങള്‍ കൃത്യമായി അവതരിപ്പിക്കാന്‍ കഴിയും?


യാത്രയില്‍ എനിക്കൊപ്പം വേറെ ഒരാളെ കൂടി കൊണ്ടുപോകണമെങ്കില്‍ അതിന് ഇരട്ടി പണം വേണം. അതിനുള്ള വരുമാനം എന്റെ ചാനലിനില്ല. ചെലവ് ചുരുക്കി ചാനലിനെ നിലനിര്‍ത്താന്‍ പരമാവധി ജോലി ഒറ്റയ്ക്ക് ചെയ്യുക എന്നതേയുള്ളൂ മാര്‍ഗം.

യാത്രകള്‍ക്ക് വേണ്ടി മാത്രമൊരു ചാനല്‍ എന്ന ആശയത്തിലേക്കെത്തിയത്?

പ്രീഡിഗ്രി ആദ്യ വര്‍ഷം മുതല്‍ ടെലിവിഷന്‍ പ്രൊഡക്ഷന്‍ മേഖലയില്‍ ജോലി ചെയ്യുന്ന ആളാണ് ഞാന്‍. എന്റെ ആഗ്രഹങ്ങള്‍പോലെയുള്ളൊരു ചാനല്‍ അന്നു മുതല്‍ ഞാന്‍ സ്വപ്നം കാണുന്നതാണ്. ദൂരദര്‍ശന്റെ വരാന്തയിലൂടെ നടന്ന 17 വയസുകാരന്റെ ആഗ്രഹങ്ങള്‍ യാഥാര്‍ത്ഥ്യമാകാന്‍ പിന്നെയും ഒരുപാട് വര്‍ഷങ്ങളെടുത്തു. ടെലിവിഷന്‍ പ്രൊഡക്ഷനുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും ജോലി ചെയ്ത്, തനിയെ ആണെങ്കില്‍പ്പോലും ഒരു ചാനല്‍ നടത്താന്‍ കഴിയുമെന്ന് സ്വയം ബോധ്യപ്പെട്ടശേഷമാണ് സഫാരി ചാനല്‍ തുടങ്ങിയത്. ചാനലില്‍ സഞ്ചാരമുള്‍പ്പെടെ നാല് പ്രോഗ്രാമുകള്‍ ഞാന്‍ ചെയ്യുന്നുണ്ട്. ഇനിയും രണ്ടു പ്രോഗ്രാമുകള്‍കൂടി ചെയ്യാന്‍ കഴിയുമെന്ന വിശ്വാസമുണ്ട്. ചെലവ് കുറച്ച്, കണ്ടന്റുള്ള പ്രോഗ്രാമുകള്‍ എങ്ങനെ ഈസിയായി ചെയ്യാമെന്ന് 25 വര്‍ഷം കൊണ്ട് വിവിധ ചാനലുകളിലൂടെ പഠിച്ചതാണ്. വിഷ്വല്‍ മീഡിയ പൂര്‍ണ്ണമായും എനിക്ക് വഴങ്ങി എന്ന് ബോധ്യമായശേഷമാണ് ചാനല്‍ തുടങ്ങിയത്.

Santhosh George Kulangara

സാധാരണ പ്രേക്ഷകരെ ഉദ്ദേശിച്ചു കൊണ്ടല്ല സഫാരി ചാനല്‍ തുടങ്ങിയത്. മറ്റു ചാനലുകളില്‍ ട്രാവല്‍ ഷോകളാണ് നടത്തുന്നത്. സഞ്ചാരത്തിന്റേത് കുറേക്കൂടി ആഴത്തിലുള്ള യാത്രകളാണ്. ഒരു കാലഘട്ടത്തിന്റെ ഡോക്യുമെന്റേഷനാണ്. ഓരോ സ്ഥലത്തിന്റേയും ചരിത്രം, അവിടുത്തെ പ്രധാന നഗരങ്ങള്‍, ജനജീവിതം എന്നിങ്ങനെയുള്ള എല്ലാ കാര്യത്തെക്കുറിച്ചും ഗവേഷണം നടത്തിയാണ് ഓരോ എപ്പിസോഡും പുറത്തിറങ്ങുന്നത്. കൂടാതെ ഏത് ഭാഷയിലേക്കും പരിഭാഷപ്പെടുത്താവുന്ന, ഏത് കാലഘട്ടത്തിലും അവതരിപ്പിക്കാന്‍ കഴിയുന്ന, ഇംഗ്ലീഷ്, അറബിക് എന്നിങ്ങനെ ഏത് വോയ്സ്ഓവര്‍ കൊടുത്താലും പ്രശ്നമില്ലാത്ത രീതിയില്‍ ഗ്ലോബല്‍ നിലവാരത്തിലാണ് ഓരോ എപ്പിസോഡും ഷൂട്ട് ചെയ്യുന്നത്. അതുകൊണ്ടുതന്നെ മറ്റു ചാനലുകളെ അനുരിക്കാനോ അവരുടെ പ്രേക്ഷകരെ ആകര്‍ഷിക്കാനോ ശ്രമിക്കാറില്ല. സഫാരി ചാനലിന്റെ ഒരു പരസ്യം പോലും ഇതുവരെ നല്‍കേണ്ടി വന്നിട്ടില്ല.ആവശ്യമുള്ളവര്‍ ചാനല്‍ കാണും. അവര്‍ക്കാവശ്യമായ പ്രോഗ്രാമുകള്‍ നല്‍കുക എന്നതാണ് ഞങ്ങളുടെ ദൗത്യം.

.കുടുംബത്തോടൊപ്പമുള്ള യാത്രകള്‍?

മാസത്തില്‍ 5 ദിവസം മാത്രമാണ് വീട്ടില്‍ നിന്നും മാറി നില്‍ക്കുന്നത്. ബാക്കി ദിവസങ്ങളിലെല്ലാം വൈകിയാണെങ്കില്‍പ്പോലും വീട്ടിലെത്തി ഭാര്യയ്ക്കൊപ്പം അത്താഴം കഴിച്ച് കിടന്നുറങ്ങുന്ന ആളാണ് ഞാന്‍. ഞായറാഴ്ചകളില്‍ ഉച്ചവരെ കുട്ടികള്‍ക്കൊപ്പം സമയം ചെലവിടാനും ശ്രദ്ധിക്കാറുണ്ട്. സാധാരണക്കാരായ ഗൃഹനാഥന്മാരെപ്പോലെ കുടുംബത്തോടൊപ്പമിരിക്കാന്‍ എനിക്ക് കഴിയാറില്ല. എന്റെ ജോലിയുടെ സ്വഭാവമതാണ്. എങ്കില്‍പ്പോലും ഭാര്യയുടെയും മക്കളുടേയും പ്രധാനപ്പെട്ട കാര്യങ്ങളിലെല്ലാം ഒപ്പമുണ്ടാകാറുണ്ട്. സ്നേഹവും സാന്നിധ്യവും നല്‍ക്കുന്നുമുണ്ട്. കുട്ടികളുടെ അവധിക്കാലത്ത് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും കുടുംബവുമൊത്ത് വിദേശയാത്ര പോകുന്നതും പതിവാണ്.

യാത്രക്കായി രാജ്യങ്ങള്‍ തെരഞ്ഞെടുക്കുന്നതും പ്ലാന്‍ ചെയ്യുന്നതും?

ഒരേ സമയം കുറഞ്ഞത് 10 രാജ്യങ്ങളുടെ പ്രയോറിറ്റി ലിസ്റ്റ് തയാറാക്കി വച്ചശേഷമാണ് കൂടുതല്‍ ഹോം വര്‍ക്ക് നടത്തുന്നത്. ഓരോ സ്ഥലങ്ങളുടെയും ചരിത്രം, ജനങ്ങളുടെ ജീവിതം, പ്രധാന കാഴ്ചകള്‍, എന്നിങ്ങനെയുള്ള എല്ലാ കാര്യങ്ങളും പഠിക്കും. സമാനമായ ഭൂപ്രകൃതിയും കാഴ്ചകളുമൊക്കെയുള്ള പലരാജ്യങ്ങളുണ്ടാകും. അത്തരം എപ്പിസോഡുകള്‍ തുടര്‍ച്ചയായി കൊടുക്കാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട്.

Santhosh George Kulangara

ബഹിരാകാശ യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍?

യു.കെയിലെ ഒരു ട്രെയിന്‍ യാത്രയിലാണ് സാധാരണക്കാര്‍ക്കും ബഹിരാകാശ യാത്ര ചെയ്യാമെന്ന വാര്‍ത്ത കേള്‍ക്കുന്നത്. വിര്‍ജിന്‍ ഗാലക്ട്രിക് എന്ന കമ്പനിയാണ് ആകര്‍ഷകമായ ആ ഓഫര്‍ നല്‍കുന്നത്. അവരെ കോണ്‍ടാക്ട് ചെയ്ത് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു. ഞാനൊരു ടെലിവിഷന്‍ ട്രാവലറാണെന്നും ബഹിരാകാശയാത്രയുടെ വിവരണം ഷൂട്ട് ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും അറിയിച്ചപ്പോള്‍ അവര്‍ക്കും താല്‍പര്യമായി.
ഇന്റര്‍വ്യൂ, കോണ്‍ട്രാക്ട് എന്നീ കടമ്പകള്‍ കടന്ന് ആ പ്രോജക്ടിന്റെ ഭാഗമായി. പ്രോജക്ടിന്റെ വര്‍ക്കുകള്‍ നടന്നുവരികയാണ്, സ്പേസ്ഷിപ്പുകളുടെ ടെസ്റ്റ് നടക്കുന്നു, സ്പേസ് ഷട്ടിലുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി എന്നിങ്ങനെ കൃത്യമായ അപ്ഡേഷനുകള്‍ കിട്ടുന്നുണ്ട്.

Latest News

Loading..