News

Share

മസ്‌ക്-ട്വിറ്റര്‍ ഇടപാടില്‍ വീണ്ടും ട്വിസ്റ്റ്; പറഞ്ഞ വിലക്ക് തന്നെ ട്വിറ്റര്‍ വാങ്ങാന്‍ മസ്‌ക്

മസ്‌ക്-ട്വിറ്റര്‍ ഇടപാടില്‍ വീണ്ടും ട്വിസ്റ്റ്; പറഞ്ഞ വിലക്ക് തന്നെ ട്വിറ്റര്‍ വാങ്ങാന്‍ മസ്‌ക്
വാഷിങ്ടണ്‍: മൈക്രോ ബ്ലോഗിംഗ് ആപ്പായ ട്വിറ്റര്‍ വാങ്ങുന്നതില്‍ ശതകോടീശ്വരനും ടെസ്ല സി ഇ ഒയുമായ ഇലോണ്‍ മസ്‌കിന് വീണ്ടും മനംമാറ്റം. ട്വിറ്റര്‍ വാങ്ങാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോയ മസ്‌ക് ഇപ്പോള്‍ യഥാര്‍ത്ഥ തുകയായ 54.20 ഡോളറിന് തന്നെ ട്വിറ്റര്‍ വാങ്ങാന്‍ തീരുമാനിച്ചു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.ട്വിറ്ററിന് അയച്ച കത്തിലാണ് ഇലോണ്‍ മസ്‌ക് ഈ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത് എന്ന് പേര് വെളിപ്പെടുത്താത്ത ആളുകളെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. മസ്‌കില്‍ നിന്ന് കത്ത് ലഭിച്ചതായി ട്വിറ്റര്‍ എ എ ഫ്പിയോട് സ്ഥിരീകരിച്ചിട്ടുണ്ട്. ട്വിറ്ററിന് ഇലോണ്‍ മസ്‌ക് നല്‍കിയ കത്തില്‍ തനിക്കെതിരായ കേസിലെ നടപടി നിര്‍ത്തിവെക്കണം എന്ന വ്യവസ്ഥയും ഉണ്ട് എന്നാണ് റിപ്പോര്‍ട്ട്.അതേസമയം സംഭവത്തില്‍ പ്രതികരണം ആരാഞ്ഞ് ട്വിറ്ററിന്റേയും ഇലോണ്‍ മസ്‌കിന്റെയും അഭിഭാഷകരെ ബന്ധപ്പെട്ടെങ്കിലും ലഭ്യമായില്ല എന്നാണ് റോയിട്ടേഴ്‌സ് പറയുന്നത്. ഒക്ടോബര്‍ 17-ന് ഡെലവെയറിന്റെ കോര്‍ട്ട് ഓഫ് ചാന്‍സറിയില്‍ ഇലോണ്‍ മസ്‌കിനെതിരെ ട്വിറ്റര്‍ കൊടുത്ത കരാര്‍ ലംഘന കേസ് നടക്കാനിരിക്കെയാണ് പുതിയ സംഭവവികാസങ്ങള്‍ എന്നതും ശ്രദ്ധേയമാണ്.ചൊവ്വാഴ്ച മസ്‌കിന്റെ മനംമാറ്റത്തെ തുടര്‍ന്നുള്ള വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ ട്വിറ്ററിന്റെ ഷെയര്‍ മൂല്യം ഉയര്‍ന്നു. ഇതിനെ തുടര്‍ന്ന് ട്രേഡിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചെങ്കിലും റെഗുലേറ്ററി ഫയലിംഗിന് ശേഷം പുനരാരംഭിച്ചു. കേസ് പ്രകാരം ട്വിറ്ററിന്റെ ഒരു ഷെയറിന് 54.20 ഡോളറിന് കരാര്‍ അവസാനിപ്പിക്കണം എന്നാണ് ഇലോണ്‍ മസ്‌കിനോട് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്.നേരത്തെ ഉണ്ടായ കരാര്‍ പ്രകാരം 44 ബില്യണ്‍ ഡോളറിന് ട്വിറ്റര്‍ വാങ്ങാന്‍ ഇലോണ്‍ മസ്‌ക് ഏപ്രിലില്‍ സമ്മതിച്ചിരുന്നു. എന്നാല്‍ പിന്നീട് മസ്‌ക് കരാറില്‍ നിന്ന് പിന്നോട്ട് പോവുകയായിരുന്നു. ഇതോടെ മസ്‌കിനെതിരെ ട്വിറ്റര്‍ നിയമനടപടിയും ആരംഭിച്ചു.

Latest News

Loading..