News

Share

കേരളത്തിൽ 300 വോട്ട് , എത്ര വോട്ട് കിട്ടും? ആരുടെയൊക്കെ വോട്ട്? മറുപടിയുമായി ശശി തരൂർ

കേരളത്തിൽ 300 വോട്ട് , എത്ര വോട്ട് കിട്ടും? ആരുടെയൊക്കെ വോട്ട്? മറുപടിയുമായി ശശി തരൂർ
തിരുവനന്തപുര: അധ്യക്ഷ തിരഞ്ഞെടുപ്പിൽ പരസ്യ നിലപാട് പ്രഖ്യാപിച്ചവരോട് ഇനി വോട്ട് തേടുന്നതിൽ കാര്യമില്ലെന്ന് ശശി തരൂർ. മുതിർന്ന നേതാക്കളിൽ അല്ല യുവാക്കളിലാണ് തന്റെ പ്രതീക്ഷ. കേരളത്തിൽ വലിയ ഭൂരിപക്ഷം ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും തരൂർ പറഞ്ഞു. കേരളത്തിൽ രണ്ടാം ദിന പ്രചരണത്തിനിറങ്ങവെയാണ് മാധ്യമങ്ങളോട് തരൂരിന്റെ പ്രതികരണം.
കേരളത്തിൽ 300 വോട്ടുകളാണ് ഉള്ളത്. ഇതിൽ എത്ര വോട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് തരൂരിന്റെ മറുപടി ഇങ്ങനെ- 'കേരളത്തിൽ എത്രവോട്ട് കിട്ടുമെന്ന കണക്കൊന്നും ഞാൻ എടുക്കുന്നില്ല. പലർക്കും പരസ്യമായ പിന്തുണ തരാൻ ബുദ്ധിമുട്ടുണ്ട്. ചിന്തിച്ച് മനസിലാക്കി പ്രവർത്തിച്ചാൽ മതി. അവസാനം രഹസ്യ ബാലറ്റ് ആണല്ലോ. ആരും അവരുടെ വോട്ട് കാണില്ല. ആർക്ക് വോട്ട് ചെയ്തെന്ന് പോലും മനസിലാകില്ല'.'ബാലറ്റ് പേപ്പർ ദില്ലിയിൽ എത്തി കഴിഞ്ഞ് കലക്കി മിക്സ് ചെയ്തിട്ടാണ് വോട്ടെണ്ണുക. അപ്പോഴും കേരളത്തിൽ നിന്ന് എത്രയെന്ന് കണ്ടെത്താൻ സാധിക്കില്ല. കേരളത്തില്‍ നിന്ന് വലിയ ഭൂരിപക്ഷം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുവ പ്രതിനിധികളും താഴേത്തട്ടിലുള്ളവരും വോട്ട് അനുകൂലമാക്കുമെന്നാണ് കരുതുന്നത്', തരൂർ പറഞ്ഞു.ശശി തരൂരിനെതിരെ ഹൈക്കമാന്റ് ഇടപെടലുണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ ഔദ്യോഗിക സ്ഥാനാർത്ഥിയില്ലെന്നാണ് തനിക്ക് ഹൈക്കമാന്റ് നൽകിയ ഉറപ്പെന്നായിരുന്നു തരൂരിന്റെ പ്രതികരണം.'പാർട്ടി അധ്യക്ഷയും മുൻ അധ്യക്ഷനായ രാഹുൽ ഗാന്ധിയും തന്നോട് പറഞ്ഞത് ധൈര്യത്തോടെ മുൻപോട്ട് പോകൂ, ഔദ്യോഗിക സ്ഥാനാർത്ഥി ഇല്ലെന്നാണ്. ഞാൻ അവരെ വിശ്വസിക്കുന്നു. 'ഫെയർ ആന്റ് ഫ്രീ' തിരഞ്ഞെടുപ്പാണ് നടക്കുകയെന്നാണ് പാർട്ടി തന്നോട് വ്യക്തമാക്കുന്നത്.കെ പി സി സി എന്നത് എന്റെ തറവാട് പോലെയാണ്. ഇവിടെ നേതാക്കളാരും കാണാൻ കൂട്ടാക്കുന്നില്ലെന്ന് കരുതി ഞാൻ അതൊന്നും കാര്യമാക്കുന്നില്ല. എല്ലാവരേയും എനിക്കറിയാം. അവർക്ക് എന്നെയും'.'ചിലർ പരസ്യ നിലപാട് പ്രഖ്യാപിച്ച് കഴിഞ്ഞു. ഇനി അവരെ കണ്ട് മനസ് മാറ്റാൻ പറയുന്നതിൽ കാര്യമില്ല. ഞാൻ വിട്ടു, ഇതൊക്കെ ഇരിക്കട്ടെ. എനിക്ക് സംസാരിക്കാൻ സാധിച്ചവരിൽ നിന്ന് ലഭിച്ച പ്രതികരണങ്ങൾ പോസിറ്റീവ് ആണ്.ഫോണിലൂടെയും പലരേയും ബന്ധപ്പെട്ടിട്ടുണ്ട്. എനിക്കൊരു പരാതിയും ഇല്ല', തരൂർ വ്യക്തമാക്കി. മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ, വിഡി സതീശൻ , കൊടിക്കുന്നിൽ സുരേഷ് എന്നിവരാണ് ഖാർഗെയ്ക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചവർ. ഔദ്യോഗിക സ്ഥാനങ്ങളിൽ പരസ്യ പിന്തുണ പ്രഖ്യാപിക്കരുതെന്ന ഹൈക്കമാന്റ് നിർദ്ദേശം തള്ളിയായിരുന്നു കെ സുധാകരൻ ഖാർഗെയെ പിന്തുണച്ച് രംഗത്തെത്തിയത്. അതേസമയം യുവ നേതാക്കളിൽ പലരും തരൂരിനൊപ്പം എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.കെ എസ് ശബരീനാഥൻ ഉൾപ്പെടെയുള്ളവരാണ് തരൂരിന് അനുകൂല നിലപാട് സ്വീകരിച്ചത്.അതിനിടെ പാർലമെന്റ് ഐടി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയ കേന്ദ്രസർക്കാർ നടപടിയിലും തരൂർ പ്രതികരിച്ചു. 'ജനാധിപത്യ രീതിയിൽ വലിയ വെല്ലുവിളികൾ നേരിടുന്ന കാലമാണ്. പാർലമെന്ററി ചരിത്രത്തിൽ വിദേശകാര്യ കമ്മിറ്റിയുടെ ചെയർമാൻ പ്രതിപക്ഷ നേതാക്കളായിരിക്കും.കാരണം വിദേശ രാജ്യങ്ങൾക്ക് മുൻപിൽ നമ്മൾ ഇന്ത്യയെന്ന വികാരമാണ് ഉയർത്തുന്നത്. എന്നാൽ ബി ജെ പി അധികാരത്തിൽ വന്നപ്പോൾ നേരത്തേ കമ്മിറ്റി ചെയർമാൻ സ്ഥാനത്ത് നിന്ന് തന്നെ മാറ്റി മറ്റൊരു ബിജെപി നേതാവിനെ നിയമിച്ചു.പിന്നെ ഐടി കമ്മിറ്റിയിൽ ഉൾപ്പെടുത്തി'.കമ്മിറ്റി ചെയർമാനെന്ന നിലയിൽ പെഗസസ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാരിനെ ഞാൻ ചോദ്യമുയർത്തി. അവർക്കത് ഇഷ്ടപ്പെട്ട് കാണില്ല. അഞ്ച് വർഷമാണ് കാലാവധി എന്നിരിക്കെ മൂന്നാം വർഷം ചെയർമാനെ മാറ്റിയ കേന്ദ്രസർക്കാർ നടപടിയെ കുറിച്ച് എന്ത് പറയാനാണ്. ഇതാണോ ജനാധിപത്യ രീതി? എന്തുകൊണ്ട് മാറ്റിയെന്ന് അവർ പറഞ്ഞിട്ടില്ല, പറയുന്നുമില്ല, അവർക്ക് അതിനുള്ള അധികാരമുണ്ടെന്നാണ് അവരുടെ നിലപാട്'.

Latest News

Loading..