News

Share

'73 വയസിൽ തനിക്ക് സീറ്റ് നിഷേധിച്ചവരാണ് ഇപ്പോൾ 81 വയസുള്ള ഖാർഗെയെ പിന്തുണക്കുന്നത്';കെവി തോമസ്

'73 വയസിൽ തനിക്ക് സീറ്റ് നിഷേധിച്ചവരാണ് ഇപ്പോൾ 81 വയസുള്ള ഖാർഗെയെ പിന്തുണക്കുന്നത്';കെവി തോമസ്
കൊച്ചി: പ്രായത്തിന്റെ പേരില്‍ തനിക്ക് സീറ്റ് നിഷേധിച്ചവരാണ് ഇപ്പോൾ ഖാർഗെയ്ക്ക് പിന്തുണ നൽകുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെവി തോമസ്. ഖാർഗെയെ ആണ് അധ്യക്ഷനാക്കാൻ ഉദ്ദേശിച്ചിരുന്നതെങ്കിൽ എന്തിനായിരുന്നു ഹൈക്കമാന്റ് തുടക്കത്തിൽ അനാവശ്യ പ്രചരണം നടത്തിയതെന്നും കെവി തോമസ് ചോദിച്ചു. ഖാർഗെയുടെ പ്രായമല്ല പ്രശ്നം മറിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കോൺഗ്രസ് കടന്ന് പോകുമ്പോൾ പാർട്ടിയിൽ മാറ്റം കൊണ്ടുവരാൻ ഖാർഗെയ്ക്ക് സാധിക്കുമോയെന്നതാണെന്നും തോമസ് പറഞ്ഞു. മാതൃഭൂമി ന്യൂസ് ചാനലിനോടായിരുന്നു കെവി തോമസിന്റെ പ്രതികരണം.'73 വയസുള്ളപ്പോഴാണ് എനിക്ക് സീറ്റ് നിഷേധിച്ചത്. പ്രായമായി ഒരു ഘടകമായി പിന്നീടും തോന്നിയിട്ടില്ല. ഓരോരുത്തർക്ക് സൗകര്യം പോലെ മാനദണ്ഡങ്ങൾ ഉണ്ടാക്കുന്നതാണ്. കോൺഗ്രസിൽ തലമുറമാറ്റം എന്ന് വാദിച്ചവരാണ് 81 വയസുള്ള ഖാർഗെയെ പിന്തുണയ്ക്കുന്നതെന്ന ചോദ്യത്തിന് കോൺഗ്രസ് പ്രസ്ഥാനം തന്നെ ഇപ്പോൾ തലയില്ലാതായല്ലോയെന്നായിരുന്നു കെവി തോമസ് പ്രതികരിച്ചത്.ഖാർഗെയെ ആണ് ഉദ്ദേശിച്ചിരുന്നെങ്കിൽ എന്തിനായിരുന്നു തുടക്കത്തിൽ വലിയ പ്രചരണം നടത്തിയത്. ഗാന്ധികുടുംബം ഇടപെടില്ല, ഔദ്യോഗിക സ്ഥാനാർത്ഥി ഉണ്ടാകില്ല എന്നൊക്കെയായിരുന്നല്ലോ പറഞ്ഞത്.എന്നാൽ ഇപ്പോൾ ഖാർഗെയ്ക്ക് വേണ്ടി ഇറങ്ങുന്നു. ഇതൊക്കെ ശരിയാണ്. രാഹുൽ ആരുടെയൊക്കെയോ റിമോർട്ട് കൺട്രോളിലാണ് പ്രവർത്തിക്കുന്നതെന്നാണ് തന്റെ അനുഭവത്തിൽ നിന്ന് തന്നെ മനസിലായത്. സ്ഥാനാർത്ഥികൾക്ക് വേണ്ടി ഔദ്യോഗിക സ്ഥാനത്തുള്ള ആരും പ്രചരണം നടത്താൻ പാടില്ലെന്നാണ് ഹൈക്കമാന്റ് നിർദ്ദേശം. പ്രചരണം നടത്തുന്നവർ ഔദ്യോഗിക സ്ഥാനം രാജിവെക്കണമെന്നാണ് നിർദ്ദേശം. അങ്ങനെയാണെങ്കിൽ സതീശനും സുധാകരനും രാജിവെക്കേണ്ടേ? പറയുന്നതൊന്നും ചെയ്യുന്നതൊന്നുമാണ്.കേരളത്തിലെ സതീശനടക്കമുള്ള നേതാക്കൾ ഖാർഗെയ്ക്ക് വേണ്ടി രംഗത്ത് വന്നത് കൊണ്ടാണെല്ലോ ഞാൻ ഖാർഗെയ്ക്കൊപ്പം എന്ന് മനസിന് ഇഷ്ടമല്ലെങ്കിൽ കൂടിയും പലർക്കും പറയേണ്ടി വരുന്നത്. ഇതൊരു ശരിയായ നടുപടിയാണോ?' ശശി തരൂർ നല്ലൊരു സ്ഥാനാർത്ഥിയാണ്. എന്നാൽ ഹൈക്കമാന്റ് ഖാർഗെയ്ക്ക് ഒപ്പമാണെങ്കിൽ സ്വാഭാവികമായും വോട്ട് ഖാർഗെയ്ക്ക് മാത്രമേ പോകൂ. പലർക്കും ശശിയെ സ്വീകരിക്കുന്നതിന് പ്രശ്നമുണ്ടായിട്ടല്ല, എന്നാൽ ഹൈക്കമാന്റ് നിലപാട് ആണ് അവരെ ഭയപ്പെടുത്തുന്നത്. ഹൈക്കമാന്റ് ഇതാലോചിക്കണം. ഇത്തരത്തിലൊരു മാറ്റമാണോ പാർട്ടിക്ക് വേണ്ടതെന്ന്.ഖാർഗയുടെ പ്രായമെന്നതിനപ്പുറമുളള പ്രശ്നം ഇത്രയും വലിയ പ്രതിസന്ധിയിലൂടെ പാർട്ടി കടന്ന് പോകുമ്പോൾ സ്വീകരിക്കേണ്ട നടപടികളാണ്. രണ്ട് വർഷം കഴിഞ്ഞാൽ പൊതുതിരഞ്ഞെടുപ്പ് നടക്കും. അതിനെ നേരിടാനുള്ള ശക്തി പാർട്ടിക്കുണ്ടോ, പാർട്ടി സജ്ജമാണോ എന്നതൊക്കെയാണ് വിഷയം',കെവി തോമസ് പറഞ്ഞു.

Latest News

Loading..