News

Share

വിട പറഞ്ഞവരിൽ ബാസ്‌ക്കറ്റ്ബോൾ താരവും, കണ്ണീരിൽ പൊതിഞ്ഞ് 9 ജീവനുകൾ, സ്കൂൾ മുറ്റത്ത് പൊതുദർശനം

വിട പറഞ്ഞവരിൽ ബാസ്‌ക്കറ്റ്ബോൾ താരവും, കണ്ണീരിൽ പൊതിഞ്ഞ് 9 ജീവനുകൾ, സ്കൂൾ മുറ്റത്ത് പൊതുദർശനം
പാലക്കാട് വടക്കഞ്ചേരി അപകടത്തില്‍ മരിച്ചവരിൽ ബാസ്‌ക്കറ്റ്‌ബോള്‍ താരവും. തൃശൂര്‍ സ്വദേശി രോഹിത് രാജ് ആണ് മരിച്ചത്. കെഎസ്ആർടിസി ബസിലാണ് രോഹിത്ത് യാത്ര ചെയ്തിരുന്നത്. തിരുവനന്തപുരത്തെ മാര്‍ ഇവാനിയോസ് കോളേജിന്റേയും നൈപുണ്യ കോളേജിന്റേയും ബാസ്‌ക്കറ്റ് ബോള്‍ ടീമിലെ അംഗമായിരുന്നു 24-കാരനായ രോഹിത്. പത്തനംതിട്ട ജില്ല ടീമിന് വേണ്ടിയും ബാസ്ക്കറ്റ് ബോൾ കളിച്ചിട്ടുണ്ട്. രോഹിത് ദേശീയ കോര്‍ഫ് ബോള്‍ താരവുമായിരുന്നു.കോയമ്പത്തൂരിൽ ജോലി ചെയ്യുകയായിരുന്ന രോഹിത്ത് പൂജാ അവധിക്ക് ശേഷം തിരിച്ച് ജോലിസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു. ബന്ധുകളെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.അതേസമയം വടക്കഞ്ചേരി അപകടത്തിൽ മരിച്ച ഒമ്പത് പേരുടെയും ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. അപകടത്തിൽ മരിച്ചവരിൽ ആറ് പേർ വിനോദയാത്ര സംഘത്തിലുള്ളവരാണ്.ഇതിൽ അഞ്ച് വിദ്യാർത്ഥികളും അധ്യാപകനും ഉൾപ്പെടുന്നു. ഇമ്മാനുവല്‍ സി.എസ് (17) , ക്രിസ് വിന്റര്‍ബോണ്‍ തോമസ് (15) , ദിയ രാജേഷ് (15), അഞ്ജന അജിത് (17), എല്‍ന ജോസ് (15), എന്നിവരാണ് മരിച്ച വിദ്യാർത്ഥികൾ. ആറാമത്തെയാൾ സ്‌കൂളിലെ കായികാധ്യാപകന്‍ വിഷ്ണു (33) വാണ്. മന്ത്രി എം.ബി. രാജേഷ്, പാലക്കാട് കളക്ടര്‍ മൃണ്‍മയി ജോഷി എന്നിവർ സ്ഥലത്തെത്തി നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. അഞ്ജന, ദിയ, ഇമ്മനുവല്‍ എന്നീ വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും, എല്‍ന, ക്രിസ്, വിഷ്ണു എന്നിവരുടെ മൃതദേഹങ്ങള്‍ ആലത്തൂരിലെ ആശുപത്രിയിലുമാണുള്ളത്. വിദ്യാര്‍ത്ഥികളുടെ മൃതദേഹം സ്കൂളിൽ പൊതുദര്‍ശനത്തിന് വയ്ക്കും. ഇന്ന് പുലർച്ചയോടെയാണ് ദേശീയപാത പാലക്കാട് വടക്കഞ്ചേരി ദേശിയപാതയിൽ അപകടം ഉണ്ടായത്. കെഎസ്ആർടി ബസിലേക്ക് വിദ്യാർത്ഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ഇടിച്ച് കയറുകയായിരുന്നു. അഞ്ച് അധ്യാപകരും 42 വിദ്യാർത്ഥികളുമാണ് ബസിൽ ഉണ്ടായിരുന്നത്. ദാരുണ അപകടത്തിൽ ഒൻപതുപേർ മരിച്ചു.അതേസമയം ബസ് അമിത വേഗതയിലായിരുന്നതാണ് അപകടകാരണം എന്ന് മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. ടൂറിസ്റ്റ് ബസ് മറ്റ് യാത്രക്കാർക്കും ഭീഷണിയുണ്ടാക്കിയെന്ന് ദൃക്സാക്ഷികളും പറയുന്നു. ടൂറിസ്റ്റ് ബസ് അമിത വേഗതയിലാണ് സഞ്ചരിച്ചതെന്ന് ഗതാഗതാമന്ത്രി ആന്റണി രാജുവും നേരത്തെ വ്യക്തമാക്കിയിരുന്നു. മുന്നിലുണ്ടായിരുന്ന കാറിനെ ബസ് മറികടക്കുന്നതിനിടെ അപകടം സംഭവിച്ചു. ബസ് 97.2 കിലോമീറ്റർ വേഗതയിലാണ് ബസ് ഓടിയിരുന്നത്. സംഭവത്തിൽ സ്കൂൾ അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്നും ഗതാഗത മന്ത്രി പറഞ്ഞു.ഇനി മുതൽ യാത്ര പോകുന്നതിന് മുമ്പ് ടൂറിസ്റ്റ് ബസുകളുടെ വിവരങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പിനെ മുൻകൂറായി അറിയിക്കണമെന്നാണ് ഗതാഗതാ മന്ത്രിയുടെ നിർദേശം. മോട്ടോർ വാഹന വകുപ്പിന് വിവരങ്ങൾ പരിശോധിക്കാൻ ഇത് സഹായകരമാകും, ഡ്രൈവറുടെ അനുഭവ പരിചയവും പശ്ചാത്തലം ഉൾപ്പടെയുള്ള കാര്യങ്ങൾ മനസിലാക്കാനും ഇതിലൂടെ സാധിക്കും. പാലക്കാട് വടക്കഞ്ചേരി ഉപകടം നൽകുന്ന പാഠം ഇതാണെന്നും ആന്റണി രാജു പറഞ്ഞു.

Latest News

Loading..