News

Share

അമിത വേഗതയിലെന്ന് ബസ് ഡ്രൈവർക്ക് രണ്ട് തവണ സന്ദേശമെത്തി, സ്പീഡ് ഗവേർണറിൽ കൃത്രിമം എന്നും കണ്ടെത്തൽ

അമിത വേഗതയിലെന്ന് ബസ് ഡ്രൈവർക്ക് രണ്ട് തവണ സന്ദേശമെത്തി, സ്പീഡ് ഗവേർണറിൽ കൃത്രിമം എന്നും കണ്ടെത്തൽ
പാലക്കാട്: വടക്കഞ്ചേരി അപകടത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷ്ണർ എസ്. ശ്രീജിത്ത്. ടൂറിസ്റ്റ് ബസ് അമിത വേഗതയിലാണ് സഞ്ചരിച്ചത്. വേഗത കൂട്ടുന്നതിനായി സ്പീഡ് ഗവേര്‍ണര്‍ സംവിധാനത്തില്‍ മാറ്റം വരുത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്നും എസ്. ശ്രീജിത്ത് പറഞ്ഞു.അപകടം നടക്കുന്നതിന് തൊട്ടുമുമ്പായി ബസ് സഞ്ചരിക്കുന്നത് അമിത വേഗതിയിലാണെന്ന് കാണിച്ച് രണ്ട് തവണ മെസേജ് എത്തിയിരുന്നതായും ട്രാൻസ്പോർട്ട് കമ്മീഷ്ണർ പറഞ്ഞു. അപകടം ഉണ്ടായ സമയത്ത് ബസ് സഞ്ചരിച്ചിരുന്നത് 97 കിലോമീറ്റർ വേഗത്തിലായിരുന്നു. പരമാവധി 80 കിലോമീറ്റര്‍ വേഗമാണ് ഈ വാഹനത്തിലെ സ്പീഡ് ഗവേര്‍ണര്‍ സംവിധാനത്തില്‍ കമ്പനി നിശ്ചയിച്ചിരുന്നത്.എന്നാല്‍ 100 കിലോമീറ്റര്‍ വേഗത്തില്‍ പോകാവുന്ന വിധത്തില്‍ സ്പീഡ് ഗവേര്‍ണര്‍ സംവിധാനത്തിൽ മാറ്റംവരുത്തിയിട്ടുണ്ട്- എസ് ശ്രീജിത്ത് പറഞ്ഞു. ലൈറ്റിങ്, ബൂഫര്‍ എന്നിവയിലും മാറ്റം വരുത്തിയിട്ടുണ്ട്. രൂപമാറ്റം വരുത്തിയ വാഹനങ്ങളാണ് വിനോദയാത്രയ്ക്കായി പല വിദ്യാലയങ്ങളും ആവശ്യപ്പെടുന്നത് . ബസ് ഉടമകളും വിദ്യാലയങ്ങളും അപകടങ്ങള്‍ കുറയ്ക്കാന്‍ ജാഗ്രത പുലര്‍ത്തണം.വിനോദയാത്രയ്ക്ക് വാഹനങ്ങള്‍ വിളിക്കുമ്പോൾ മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെടണമെന്നും എസ്. ശ്രീജിത്ത് പറഞ്ഞു.മോട്ടോർ വാഹന വകുപ്പ് പരിശോധനയ്ക്ക് എത്തിയാൽ പെട്ടെന്ന് അഴിച്ചുമാറ്റാവുന്ന രീതിയിലാണ് മിക്ക ബസുകളിലും എക്‌സ്ട്രാ ഫിറ്റിങ്‌സുകള്‍ പിടിപ്പിക്കുന്നതെന്നും ട്രാൻസ്പോർട്ട് കമ്മീഷ്ണണർ കുറ്റപ്പെടുത്തി. പരിശോധിക്കുന്നതിന് മുൻപ് അഴിച്ച് മാറ്റും. പിന്നീട് വീണ്ടും ഘടിപ്പിക്കും. പരിശോധനകൾ വ്യാപകമാക്കുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത് വ്യക്തമാക്കി.ഇന്ന് പുലർച്ചയോടെയാണ് ദേശീയപാത പാലക്കാട് വടക്കഞ്ചേരി ദേശിയപാതയിൽ അപകടം സംഭവിച്ചത്. കെഎസ്ആർടി ബസിലേക്ക് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് ഇടിച്ച് കയറുകയായിരുന്നു. 42 വിദ്യാർത്ഥികളും അഞ്ച് അധ്യാപകരുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ദാരുണ അപകടത്തിൽ ഒൻപതുപേരാണ് മരിച്ചത്. അതേസമയം ബസ് അമിത വേഗതയിൽ കുതിച്ചതാണ് അപകടകാരണം എന്ന് മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.വാഹനം മറ്റ് യാത്രക്കാർക്കും ഭീഷണിയുണ്ടാക്കിയെന്ന് ദൃക്സാക്ഷികളും പറയുന്നു. കുട്ടികൾ സഞ്ചരിച്ച ബസ് അമിത വേഗതയിലാണ് പോയതെന്ന് ഗതാഗതാമന്ത്രി ആന്റണി രാജുവും നേരത്തെ വ്യക്തമാക്കിയിരുന്നു. മുന്നിൽ സഞ്ചരിച്ചിരുന്ന കാറിനെ ബസ് മറികടക്കുന്നതിനിടെ അപകടം സംഭവിച്ചു. ബസ് 97.2 കിലോമീറ്റർ വേഗതയിലായിരുന്നു ആ സമയത്ത്. സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയുണ്ടായെന്നും ഗതാഗത മന്ത്രി പറഞ്ഞു.ഇനി മുതൽ യാത്ര പോകുന്നതിന് മുമ്പ് വിനോദ യാത്ര ബസുകളുടെ വിവരം മോട്ടോര്‍ വാഹനവകുപ്പിനെ മുൻകൂറായി അറിയിക്കണമെന്നാണ് ഗതാഗതാ മന്ത്രിയുടെ നിർദേശം. മോട്ടോർ വാഹന വകുപ്പിന് വിവരങ്ങൾ പരിശോധിക്കാൻ ഈ നടപടി സഹായകരമാകും. ഡ്രൈവറുടെ അനുഭവ പരിചയവും പശ്ചാത്തലം ഉൾപ്പടെയുള്ള കാര്യങ്ങൾ തിരിച്ചറിയാനും ഇതിലൂടെ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Latest News

Loading..