News

Share

മുസ്ലിം ലീഗിനെ എല്‍ഡിഎഫില്‍ എടുക്കുന്നത് ആലോചനയില്‍ ഇല്ലെന്ന് കാനം രാജേന്ദ്രന്‍

മുസ്ലിം ലീഗിനെ എല്‍ഡിഎഫില്‍ എടുക്കുന്നത് ആലോചനയില്‍ ഇല്ലെന്ന് കാനം രാജേന്ദ്രന്‍
തിരുവനന്തപുരം: എല്‍ഡിഎഫില്‍ മുസ്ലിം ലീഗിനെ ഉള്‍പ്പെടുത്തുന്നത് ആലോചനയില്‍ ഇല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ലീഗ് യുഡിഎഫ് വിട്ടുവന്നതിന് ശേഷം ഇക്കാര്യം ആലോചിക്കാം. എല്‍ഡിഎഫ് വിപുലീകരണത്തെ കുറിച്ച് നിലവില്‍ ആലോചിച്ചിട്ടില്ല. മുന്നണി വിപുലീകരണിക്കുന്നതിന്റെ ആവശ്യകത ഇപ്പോള്‍ ഇല്ല. അക്കാര്യത്തില്‍ ആദ്യം മുന്നണിയിലെ കക്ഷികള്‍ സമവായത്തില്‍ എത്തട്ടെ. കേരളാ കോണ്ഗ്രസിന്റെ ഇടതുമുന്നണിയിലേക്കുള്ള വരവ് ഗുണം ചെയ്തിട്ടുണ്ട്. അവരുടെ ചില ശക്തി കേന്ദ്രങ്ങളില്‍ നഷ്ടവും ഉണ്ടായിട്ടുണ്ടെന്നും കാനം പറഞ്ഞു. തിരുവനന്തപുരത്ത് പത്ര പ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മീറ്റ് ദി പ്രസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനസംഖ്യാ നിയന്ത്രണം വേണമെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരാമര്‍ശത്തെ കാനം വിമര്‍ശിച്ചു. മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം ആരെ ലക്ഷ്യം വെച്ചുള്ളതാണെന്ന് സുവ്യക്തമാണ്. മത ന്യൂനപക്ഷങ്ങള്‍ വളര്‍ന്ന് മതസ്വത്വം തകര്‍ക്കുമെന്ന വാദം മനപൂര്‍വ്വമായി നടത്തിയതാണ്. ഇതെല്ലാം വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ നീക്കമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ജനിച്ചവര്‍ക്ക് ആ പരിഗണന നല്‍കാനാവില്ലെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്നും കാനം വ്യക്തമാക്കി.പരസ്യ വിമര്‍ശനമുന്നയിച്ച സി ദിവാകരനെതിരായ നടപടി പുതിയ സംസ്ഥാന കൗണ്‍സില്‍ തീരുമാനിക്കുമെന്ന് കാനം പറഞ്ഞു. സി ദിവാകരന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. പാര്‍ട്ടിയില്‍ അഭിപ്രായങ്ങള്‍ അടിച്ചമര്‍ത്താറില്ല. ചില സന്ദര്‍ഭങ്ങളില്‍ ചിലര്‍ കാര്യങ്ങള്‍ പുറത്തു പറയുന്നു. അങ്ങനെ പറയുന്നത് അവരുടെ വ്യക്തിപരമായ അഭിപ്രായമാണെന്ന് സമ്മേളനത്തോടെ തെളിഞ്ഞുവെന്നും കാനം പറഞ്ഞു. തിരുവനന്തപുരം സമ്മേളനം പാര്‍ട്ടി ചരിത്രത്തിലെ അവിസ്മരമണീയ സംഭവമാണ്. ഇനിയും പാര്‍ട്ടി അംഗസംഖ്യ വര്‍ധിപ്പിക്കണം. ഗൗരവമുള്ള രാഷ്ട്രീയ വിഷയങ്ങളാണ് സമ്മേളനത്തില്‍ ചര്‍ച്ചയായതെന്നും അദ്ദേഹം പറഞ്ഞു. സമ്മേളത്തിനിടയില്‍ മാധ്യമങ്ങള്‍ അവര്‍ക്ക് താത്പര്യമുള്ള പൈങ്കിളി കഥകള്‍ പ്രചരിപ്പിച്ചു. സിപിഐ സര്‍ക്കാറിനെതിരെയാണെന്ന് വരുത്തി തീര്‍ക്കാനും ശ്രമം നടന്നുവെന്നും കാനം പറഞ്ഞു.

Latest News

Loading..