News

Share

'ടൂറിസ്റ്റ് ബസുകാര്‍ സൂക്ഷിച്ചോ': രണ്ടാഴ്ചക്കുള്ളില്‍ വമ്പന്‍ പരിശോധന, കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി

'ടൂറിസ്റ്റ് ബസുകാര്‍ സൂക്ഷിച്ചോ': രണ്ടാഴ്ചക്കുള്ളില്‍ വമ്പന്‍ പരിശോധന, കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ ടൂറിസ്റ്റ് ബസുകളും രണ്ടാഴ്ചക്കുള്ളില്‍ പരിശോധിക്കുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. ഇതോടൊപ്പം സ്പീഡ് ഗവര്‍ണര്‍ നടപടി കര്‍ശനമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്പീഡ് ഗവര്‍ണര്‍ അഴിച്ചുമാറ്റുന്ന സംഭവങ്ങള്‍ നടക്കുന്നുണ്ടെന്നും ഇത് പാടില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.അതേസമയം, സംസ്ഥാനത്ത് 368 എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ മാത്രമാണുള്ളതെന്നും ഓരോ വാഹനത്തിനും പിന്നാലെ പോകാനാകില്ലെന്നും മന്ത്രി അറിയിച്ചു. എന്നാല്‍ ഘട്ടം ഘട്ടമായി വാഹനങ്ങളുടെ പരിശോധന വര്‍ദ്ധിപ്പിക്കും. സ്പീഡ് ഗവര്‍ണര്‍ അഴിച്ച് മാറ്റുന്ന സംഭവങ്ങളില്‍ ഡീലര്‍മാരുടെ സഹായമുണ്ടെന്ന് സൂചനയുണ്ടെന്നും അതിനാല്‍ ഷൂ റൂമുകള്‍ പരിശോധിക്കുമെന്നും അറിയിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.അതേസമയം, വടക്കഞ്ചേരി അപകടത്തില്‍പ്പെട്ട ബസിന്റെ അമിത വേഗതയെ കുറിച്ച് അപകടത്തിന്റെ മുമ്പ് തന്നെ വാഹന ഉടമയ്ക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നു. അതുകൊണ്ട് ബസുടമയുടെ പേരിലും കേസെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനിടെ ജോമോനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ജോമോനെ പൊലീസ് ഇന്ന് കൂടുതല്‍ ചോദ്യം ചെയ്യും. അപകട സമയത്ത് ഇയാള്‍ പൊലീസിനോട് കള്ളം പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് രക്ഷപ്പെട്ടത്. ഇതേ കുറിച്ച് കൂടുതല്‍ അന്വേഷിക്കും. ആലത്തൂര്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തിലാണ് കേസില്‍ അന്വേഷണം നടക്കുന്നത്.അപകടം നടക്കുന്ന സമയത്ത് ജോമോന്‍ മദ്യപിച്ചിരുന്നോ എന്ന് കണ്ടെത്താന്‍ രക്ത പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തേക്ക് കടക്കുന്നതിനിടെയാണ് പൊലീസ് ജോമോനെ അറസ്റ്റ് ചെയ്തത്. ടൂറിസ്റ്റ് ബസ് കാറിനേയും കെഎസ്ആര്‍ടിസി ബസിനേയും ഒരുമിച്ച് മറികടക്കാന്‍ ശ്രമിച്ചെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.മോട്ടോര്‍ വാഹന വകുപ്പിന്റെയും അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്. ബസിന്റെ ഫിറ്റ്നസ് റദ്ദാക്കുന്നതും, ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതുമുള്‍പ്പെടെയുള്ള നടപടികള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഭാഗത്തു നിന്നും ഉണ്ടാവും. നിയമവിരുദ്ധമായി ബൂഫറുകള്‍ ഘടിപ്പിച്ചിട്ടുള്ള വാഹനങ്ങള്‍ കണ്ടെത്തി നടപടി എടുക്കുന്നതിനും സ്പീഡ് ഗവര്‍ണര്‍ ഇല്ലാത്ത വാഹനങ്ങള്‍ക്ക് എതിരായ നടുടിയുമെല്ലാം മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിക്കും.അതേസമയം, നിയമം കര്‍ശനമായി പാലിച്ചാല്‍ മാത്രമേ അശ്രദ്ധയും അമിത വേഗവും മൂലമുള്ള അപകടങ്ങള്‍ നമുക്ക് ഒഴിവാക്കുവാന്‍ സാധിക്കുകയുള്ളുവെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. യാത്രക്കാരുടെ ജീവന്‍ തങ്ങളുടെ കൈയിലാണെന്ന ഉത്തമബോധ്യത്തോടെ വേണം ഓരോ ഡ്രൈവറും വാഹനമോടിക്കാന്‍. ടൂറിസ്റ്റ് ബസ് ഡ്രൈവര്‍മാരുടെ പൂര്‍ണ്ണ വിവരങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് ശേഖരിക്കുമെന്നും മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചു.വിനോദ യാത്ര പോകുന്ന സ്‌കൂളുകള്‍ക്ക് ഡ്രൈവറുടെയും വാഹനത്തിന്റെയും പശ്ചാത്തലം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തും. വടകഞ്ചേരി അപകടത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.ഇതിനിടെ, സ്‌കൂളുകളില്‍ നിന്ന് വിനോദയാത്ര പോകുമ്പോള്‍ രാത്രി യാത്ര ഒഴിവാക്കണമെന്ന നിര്‍ദ്ദേശം സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും നിര്‍ബന്ധമായും പാലിക്കണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. രാത്രി 9 മണി മുതല്‍ രാവിലെ 6 വരെയാണ് യാത്ര പാടില്ലെന്ന് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്.കേരള ടൂറിസം വകുപ്പ് അംഗീകാരം നല്‍കിയ നല്‍കിയിട്ടുള്ള ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പട്ടികയില്‍ ഉള്ള വാഹനങ്ങള്‍ മാത്രമേ പഠന യാത്രകള്‍ക്ക് ഉപയോഗിക്കാവൂ എന്ന് നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2020 മാര്‍ച്ച് 2 ലെ ഉത്തരവിലൂടെ കൂടുതല്‍ സമഗ്രമായ നിര്‍ദ്ദേശങ്ങള്‍ പൊതു വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ യാത്രകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം സ്ഥാപനങ്ങളുടെ തലവന്മാര്‍ക്കാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Latest News

Loading..