News

Share

റോഡിലെ കുഴി: ഏതെങ്കിലും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ടോയെന്ന് ഹൈക്കോടതി

റോഡിലെ കുഴി: ഏതെങ്കിലും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ടോയെന്ന് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ പൊതുമരാമത്ത് വകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് കേരള ഹൈക്കോടതി. പൊതുമരാമത്ത് റോഡിലെ കുഴികള്‍ അടയ്ക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥരെ കോടതിയിലേക്ക് വിളിച്ചു വരുത്താന്‍ തുടങ്ങിയാല്‍ ഹൈക്കോടതിയില്‍ പൊതുമരാമത്ത് വകുപ്പ് ഓഫീസ് തുറക്കേണ്ടി വരുമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്തെ റോഡുകള്‍ മോശമാകുന്നതില്‍ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ടോയെന്ന് കോടതി ഹര്‍ജി പരിഗണിക്കുന്നതിനിടെ ചോദിച്ചു.ആലുവ - പെരുമ്പാവൂര്‍ റോഡിലെ കുഴികള്‍ സംബന്ധിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. എഞ്ചിനീയര്‍മാര്‍ അവരുടെ ജോലി ചെയ്യുന്നുണ്ടോയെന്നും റോഡുകളിലെ സ്ഥിതി ദയനീയമാണെന്നും കോടതി ചൂണ്ടിക്കാട്ടി. മാശം റോഡുകള്‍ കാരണം ആയിരക്കണക്കിന് ആള്‍ക്കാരാണ് ദുരിതം അനുഭവിക്കുന്നതെന്നും റോഡില്‍ ഒരാള്‍ മരിച്ചാല്‍ ജനം രോഷം പ്രകടിപ്പിക്കുമെന്നും ജനം പ്രശ്‌നം ഉണ്ടാക്കിയപ്പോള്‍ ആണ് ഈ വിഷയം കോടതിയുടെ ശ്രദ്ധയിലേക്ക് വന്നതെന്നും പറഞ്ഞു.അതേസമയം, സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിലെ റണ്ണിങ് കോണ്‍ട്രാക്ട് പ്രകാരമുള്ള റോഡ് പ്രവൃത്തികളുടെ പരിശോധന ചൊവ്വാഴ്ച ആരംഭിക്കും. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ആരംഭിക്കുന്നത്. കേരളത്തിലെ 14 ജില്ലകളിലെയും ഒന്നും രണ്ടും റണ്ണിങ് കോണ്‍ട്രാക്ട് അനുസരിച്ച് നടപ്പാക്കുന്ന മുഴുവന്‍ പ്രവൃത്തിയുടെയും പുരോഗതി വിലയിരുത്തും. പ്രവൃത്തിയില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്തു വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി.തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ചൊവ്വാഴ്ച പരിശോധന നടക്കുക. പൊതുമരാമത്തു മന്ത്രിയുടെ നേരിട്ടുള്ള നിയത്രണത്തില്‍ നാല് ഐ എ എസ് ഉദ്യോഗസ്ഥര്‍, എട്ട് ചീഫ് എന്‍ജിനീയര്‍മാര്‍, സൂപ്രണ്ടിങ് എന്‍ജിനീയര്‍മാര്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് പരിശോധനക്ക് നേതൃത്വം നല്‍കുക. ഓരോ പ്രവൃത്തിയുടെയും മെഷര്‍മെന്റ് ബുക്ക് സഹിതം പരിശോധനക്ക് വിധേയമാക്കും. തിരുവനന്തപുരം ജില്ലയില്‍ 1525, കിലോമീറ്റര്‍ റോഡ് ആണ് റണ്ണിങ് കോണ്‍ട്രാക്ട് പ്രകാരം പ്രവൃത്തി നടക്കുന്നത്. 4420 ലക്ഷം രൂപയുടെ പ്രവൃത്തിയാണ് ജില്ലയില്‍ നടക്കുന്നത്. ഇടുക്കിയില്‍ 2330 കിലോമീറ്ററില്‍ 7357.72 ലക്ഷം രൂപയുടെയും, എറണാകുളം ജില്ലയില്‍ 2649 കിലോമീറ്ററില്‍ 6824 .65 ലക്ഷം രൂപയുടെ പ്രവൃത്തിയും ആണ് നടക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മറ്റ് ജില്ലകളിലും പരിശോധന നടക്കും.തൊടുപുഴ നിയോജക മണ്ഡലത്തിലാണ് പരിശോധന ആരംഭിക്കുക. സജീവ് എസ്, സൂപ്രണ്ടിങ് എഞ്ചിനീയര്‍ നാഷണല്‍ ഹൈവേ സെന്‍ട്രല്‍ സര്‍ക്കിള്‍, അനിത എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മെയിന്റനന്‍സ് വിഭാഗം, പ്രസാദ് സി.കെ, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ റോഡ്‌സ് വിഭാഗം, മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള വിനു എന്നിവരാണ് ഇന്നത്തെ ഇന്‍സ്പെക്ഷന്‍ അംഗങ്ങള്‍.

Latest News

Loading..