News

Share

മകളെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസ്; മരിച്ചെന്ന് കരുതിയയാൾ കൊലക്കേസ് പ്രതിയായി; പിതാവ് സനുമോഹനെതിരെ കുറ്റപത്രം സമർപ്പിച്ചു.

മകളെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസ്; മരിച്ചെന്ന് കരുതിയയാൾ കൊലക്കേസ് പ്രതിയായി; പിതാവ് സനുമോഹനെതിരെ കുറ്റപത്രം സമർപ്പിച്ചു.

മകൾ വൈഗയെ പുഴയിൽ തള്ളി കൊലപ്പെടുത്തിയ കേസിൽ പിതാവ് സനു മോഹനെതിരെ പൊലീസ്, മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കങ്ങരപ്പടി ഹാർമണി ഫ്ലാറ്റിൽ താമസിച്ചിരുന്ന വൈഗയെയും സനുവിനെയും കഴിഞ്ഞ മാർച്ച് 21ന് കാണാതായതിനെ തുടർന്നു നടത്തിയ അന്വേഷണത്തിൽ വൈഗയുടെ മൃതദേഹം പിറ്റേന്നു മുട്ടാർ പുഴയിൽ കണ്ടെത്തിയതാണ് കേസിന്റെ തുടക്കം. 

വൈഗയുടെ മരണത്തിനു ശേഷം പിതാവ് സനു മോഹൻ നാടുവിട്ടെന്ന നിഗമനത്തിൽ തുടങ്ങിയ അന്വേഷണമാണു നാടിനെ ഞെട്ടിച്ച കൊലപാതകത്തിന്റെ ചുരുളഴിച്ചത്. വൈഗയെ സനുവാണു കൊലപ്പെടുത്തിയതെന്നു വ്യക്തമായ സൂചന ലഭിച്ചതോടെ ഇതര സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു.

ഒരു മാസത്തിനു ശേഷം കർണാടകയിലെ കാർവാറിൽ നിന്നാണു സനു പിടിയിലായത്. രാജ്യ വ്യാപകമായി തെളിവെടുപ്പു നടത്തേണ്ടി വന്ന അപൂർവം കൊലക്കേസിൽ ഒന്നായിരുന്നു ഇത്. തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഗോവ, ബിഹാർ സംസ്ഥാനങ്ങളിൽ പോയി പൊലീസ് തെളിവു ശേഖരിച്ചു.

മരിച്ചെന്ന് കരുതിയയാൾ കൊലക്കേസ്  പ്രതിയായി

മകൾ വൈഗയ്ക്കൊപ്പം മുട്ടാർ പുഴയിൽ ജീവനൊടുക്കിയെന്ന് കരുതിയ പിതാവ് മകളെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അപൂർവ വഴിത്തിരിവായിരുന്നു വൈഗ കൊലക്കേസ് അന്വേഷണത്തിലെ ക്ലൈമാക്സ്. മാർച്ച് 21ന് കങ്ങരപ്പടിയിലെ ഫ്ലാറ്റിൽ നിന്നു സനു മോഹനും ഭാര്യയും മകൾ വൈഗയും ആലപ്പുഴയിലെ ബന്ധു വീട്ടിലേക്ക് പോയി. ഭാര്യയെ അവിടെ നിർത്തി അന്നു തന്നെ അമ്മാവന്റെ വീട്ടിലേക്കെന്നു പറഞ്ഞു മകളെയും കൂട്ടി പോയ സനു തിരിച്ചെത്താതായതോടെയാണു ബന്ധുക്കൾ പരാതി നൽകിയത്.

പിറ്റേന്നാണു വൈഗയുടെ മൃതദേഹം പുഴയിൽ കണ്ടെത്തിയത്. മകൾക്കൊപ്പം സനുവും മരിച്ചിട്ടുണ്ടാകുമെന്ന ധാരണയിൽ രണ്ടു ദിവസം കൂടി പുഴയിൽ തിരച്ചിൽ നടത്തി. ഇതിനിടെയാണു ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴികളിൽ നിന്നു സനുവിന്റെ സാമ്പത്തിക ബാധ്യതകൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പൊലീസിനു ബോധ്യമാകുന്നത്. കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്ന ശാസ്ത്രീയ തെളിവുകളും പൊലീസിനു ലഭിച്ചു.

രണ്ടു ദിവസത്തിനുള്ളിൽ സനു ജീവിച്ചിരിപ്പുണ്ടെന്ന സൂചന ലഭിച്ചു.ഇതോടെ പ്രതിയെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലായി പൊലീസ്. സനുവിനെ തിരഞ്ഞു പൊലീസ് കേരളത്തിലും തമിഴ്നാട്ടിലുമായി അന്വേഷണം നടത്തിയതു അറുപതോളം ഹോട്ടലുകളിലും 16 വീടുകളിലും. ഫോൺകോൾ പരിശോധനയിലൂടെയാണ് അടുപ്പമുള്ളവരെ പൊലീസ് കണ്ടെത്തിയത്. സൈബർ വിഭാഗത്തിന്റെ സഹായത്തോടെ പതിനായിരക്കണക്കിനു ഫോൺ നമ്പറുകളാണ് പരിശോധിച്ചത്.

സാക്ഷി മൊഴി 300

വൈഗ കൊലക്കേസിൽ 240 പേജുള്ള കുറ്റപത്രമാണ് കാക്കനാട് മജിസ്ട്രേട്ട് കോടതിയിൽ തൃക്കാക്കര പൊലീസ് ഇൻസ്പെക്ടർ കെ.ധനപാലൻ സമർപ്പിച്ചത്. 300 സാക്ഷി മൊഴികളും ശാസ്ത്രീയ പരിശോധനാ ഫലവ‌ുമുൾപ്പെടെ നൂറോളം രേഖകളും 70 തൊണ്ടി സാധനങ്ങളും കുറ്റപത്രത്തോടൊപ്പം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഇവയുടെ പട്ടികയും വിശദാംശങ്ങളും ഉൾപ്പെടെ 1,200 പേജുള്ള ഡിജിറ്റൽ ഫയലാണ് തൃക്കാക്കര പൊലീസ് കുറ്റപത്രത്തിന്റെ ഭാഗമായി തയാറാക്കിയത്.

90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാൻ തീവ്ര യത്നം തന്നെ പൊലീസ് നടത്തി.പ്രതി വിറ്റ കാറും മകളെ കൊന്ന ശേഷം അഴിച്ചെടുത്ത ആഭരണങ്ങളും തമിഴ്നാട്ടിൽ നിന്നാണ് വീണ്ടെടുത്തത്. പ്രതി ഉപേക്ഷിച്ച വസ്ത്രങ്ങൾ കർണാടകയിലെയും മഹാരാഷ്ട്രയിലെയും വിവിധ ഭാഗങ്ങളിൽ നിന്നു കണ്ടെടുത്തു. തെളിവുകൾ ഇല്ലാതാക്കാൻ പ്രതി ഉപേക്ഷിച്ച മൊബൈൽ ഫോണും വിറ്റ മറ്റൊരു ഫോണും പൊലീസ് കണ്ടെത്തിയിരുന്നു.

എച്ച്എംടി ജംക‍്ഷനിൽ സനു ഉപേക്ഷിച്ച മൊബൈൽ ഫോൺ ബിഹാറിൽ നിന്നാണ് പൊലീസിനു ലഭിച്ചത്. കളമശേരിയിലെ ബിഹാറുകാരനായ സെക്യൂരിറ്റി ജീവനക്കാരനു കളഞ്ഞു കിട്ടിയ ഫോൺ നാട്ടിലേക്ക് കൊണ്ടു പോകുകയായിരുന്നു.സിറ്റി പൊലീസ് കമ്മിഷണർ നാഗരാജു, ഡപ്യൂട്ടി കമ്മിഷണർ ഐശ്വര്യ ഡോങ്റെ എന്നിവരുടെ മേൽനോട്ടത്തിൽ അസി.പൊലീസ് കമ്മിഷണർ ആർ.ശ്രീകുമാർ, ‌ഇൻസ്പെക്ടർ കെ.ധനപാലൻ എന്നിവർ നയിച്ച സ്ക്വാഡാണ് രാജ്യ വ്യാപക അന്വേഷണത്തിന് നേതൃത്വം നൽകിയത്.

കളമശേരി ഇൻസ്പെക്ടർ ബാബു സെബാസ്റ്റ്യൻ, എസ്ഐമാരായ ഷമീർഖാൻ, അരുൺ, എഎസ്ഐ ഗിരീഷ്കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ര‍ഞ്ജിത് ബി.നായർ, എം.എസ്.ജാബിർ, മാഹിൻ അബൂബക്കർ, എം.എസ്.ഷെജീർ എന്നിവരായിരുന്നു സ്ക്വാഡിലെ അംഗങ്ങൾ.

കുറ്റപത്രം നൽകി ഇൻസ്പെക്ടർ പടിയിറങ്ങുന്നു

വൈഗ കൊലക്കേസിൽ ഇന്നലെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ച തൃക്കാക്കര പൊലീസ് ഇൻസ്പെക്ടർ കെ.ധനപാലൻ ഇന്ന് പദവിയൊഴിയും. തിരുവനന്തപുരം നരുവാംമൂട് പൊലീസ് സ്റ്റേഷനിലേക്കാണു മാറ്റം. തൃക്കാക്കര സ്റ്റേഷനിൽ ഇന്നലെ സഹപ്രവർത്തകർ അദ്ദേഹത്തിന് യാത്രയയപ്പു നൽകി. വൈഗ കൊലക്കേസ് അന്വേഷണത്തിലെ തെളിവെടുപ്പിനു നേതൃത്വം നൽകുന്നതുൾപ്പെടെയുള്ള ചിത്രങ്ങൾ ആലേഖനം ചെയ്ത ക്യാൻവാസ് സഹപ്രവർത്തകർ സമ്മാനിച്ചു.

ധനപാലൻ ഇൻസ്പെക്ടറായി ചുമതലയേറ്റ് ആഴ്ചകൾക്കകമായിരുന്നു വൈഗ കൊലക്കേസ്. രണ്ടാഴ്ച മുൻപ് സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങിയെങ്കിലും കുറ്റപത്രം സമർപ്പിച്ചിട്ടു ചുമതലയൊഴിഞ്ഞാൽ മതിയെന്ന നിർദേശത്തിലാണ് ഇന്നുവരെ തുടർന്നത്. കൊല്ലം പട്ടത്താനം സ്വദേശിയാണ്. ആർ.ഷാബു തൃക്കാക്കര ഇൻസ്പെക്ടറായി ഇന്നു ചാർജെടുക്കും.

സനു മോഹൻ ഇപ്പോൾ മുംബൈ ജയിലിൽ

സാമ്പത്തിക തട്ടിപ്പു കേസിൽ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്ത സനു മോഹൻ ഇപ്പോൾ മുംബൈ ജയിലിലാണ്. 7 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്ന കേസ് 2017ലാണ് അവിടെ റജിസ്റ്റർ ചെയ്തത്. മുംബൈ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്നു മുതൽ സനുവിനു വേണ്ടി തിരച്ചിൽ നടത്തുകയായിരുന്നു.

വൈഗ കൊലക്കേസിൽ കേരള പൊലീസ് അറസ്റ്റ് ചെയ്തപ്പോഴാണ് മുംബൈ പൊലീസ് കസ്റ്റഡി അപേക്ഷയുമായി കാക്കനാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയെ സമീപിച്ചത്. ജില്ലാ ജയിലിലെ ക്വാറന്റീൻ കേന്ദ്രത്തിൽ അറസ്റ്റ് രേഖപ്പെടുത്തിയാണ് സനുവിനെ മുംബൈയ്ക്ക് കൊണ്ടുപോയത്. കൊച്ചിയിലേക്ക് തിരികെ കൊണ്ടുവരാനുള്ള നടപടികൾ പൂർത്തിയായി വരികയാണെന്ന് പൊലീസ് പറഞ്ഞു.

Latest News

Loading..