News

Share

സ്വന്തം വീടെന്ന സ്വപ്നം കാണുന്ന ആരോഗ്യപ്രവർത്തകർക്ക് സുവർണാവസരം:ഫസ്റ്റ് ഹോംസ് സഹായ പദ്ധതിയുമായി യു കെ സർക്കാർ.

സ്വന്തം വീടെന്ന സ്വപ്നം കാണുന്ന ആരോഗ്യപ്രവർത്തകർക്ക് സുവർണാവസരം:ഫസ്റ്റ്  ഹോംസ് സഹായ പദ്ധതിയുമായി യു കെ സർക്കാർ.

യുകെയിലെ അവശ്യ സര്‍വ്വീസുകളില്‍ ജോലിചെയ്യുന്ന കീ വര്‍ക്കേഴ്‌സിനും ആദ്യമായി വീടുവാങ്ങുന്നവര്‍ക്കും വളരെ എളുപ്പത്തില്‍ വീടുകള്‍ സ്വന്തമാക്കാന്‍ കഴിയുന്ന ഫസ്റ്റ് ഹോംസ് വീടുകള്‍ ഇപ്പോള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. നിരവധി വ്യത്യസ്ത സ്‌കീമുകളും സഹായ പദ്ധതികളും ഫസ്റ്റ് ഹോംസ് പദ്ധതിയില്‍ സര്‍ക്കാര്‍ അവതരിപ്പിക്കുന്നു. കീ വര്‍ക്കേഴ്‌സിനും ആദ്യമായി വീടുവാങ്ങുന്നവര്‍ക്കും വേണ്ടി യുകെയിലുടനീളമായി പ്രതിവര്‍ഷം 300,000 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുകയാണ് സര്‍ക്കാര്‍ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഫസ്റ്റ് ഹോംസിലെ ആദ്യവീടുകളുടെ വില്‍പനോദ്ഘാടനം ഹൗസിങ്ങ് സെക്രട്ടറി റോബെര്‍ട്ട് ജെന്റിക്ക് നിര്‍വ്വഹിച്ചു.

ജനങ്ങള്‍ക്കിടയില്‍ ഇത് എത്തിക്കുന്നതിന് ഓണ്‍ യുവര്‍ ഹോം ക്യാപെയിനും മന്ത്രി തുടക്കമിട്ടു. ഓഗസ്റ്റ് 2 മുതല്‍ കാന്നോക്കിലും സ്റ്റഫോര്‍ഡ്‌ഷൈറിലുമാണ് ഫസ്റ്റ് ഹോംസ് ലഭ്യമാകുക. ഇവിടെയുള്ള കുടുംബങ്ങള്‍ക്കും കീ വര്‍ക്കേഴ്‌സിനും വീടു വാങ്ങുന്നതിനുള്ള വിവിധ പദ്ധതികളിലൂടെ അപേക്ഷിക്കാം. ഇപ്പോള്‍ ഭവനങ്ങള്‍ ലഭ്യമായ ഏരിയകളിലെ കീ വര്‍ക്കേഴ്‌സിനും ഫാമിലികള്‍ക്കും 30% പ്രത്യേക ഡിസ്‌കൗണ്ടിലാണ് വീടുകള്‍ നല്‍കുന്നതെന്നും ഹൗസിങ്ങ് സെക്രട്ടറി വ്യക്തമാക്കി. 95% മോര്‍ട്‌ഗേജ് ലോണും 5% ഡിപ്പോസിറ്റും മാത്രമുള്ള ലോണുകളും ഫസ്റ്റ് ഹോംസിന് ലഭ്യമാണ്.

നഴ്‌സുമാരും ഡോക്ടര്‍മാരും കെയറര്‍മാരും ഉള്‍പ്പടെയുള്ള എല്ലാ എന്‍.എച്ച്.എസ് - സോഷ്യല്‍ കെയര്‍ സ്റ്റാഫുകള്‍, അവശ്യ സര്‍വ്വീസിലുള്ള പൊതുമേഖലാ ജീവനക്കാര്‍, പബ്‌ളിക് സേഫ്റ്റി ആന്‍ഡ് നാഷണല്‍ സെക്യൂരിറ്റി സ്റ്റാഫുകള്‍, ട്രന്‍സ്‌പോര്‍ട്ട് ആന്‍ഡ് ബോര്‍ഡര്‍ വര്‍ക്കേഴ്‌സ്, എഡ്യുക്കേഷന്‍ ആന്‍ഡ് ചൈല്‍ഡ് കെയര്‍ വര്‍ക്കേഴ്‌സ്, ഫുഡ്, ഡ്രിങ്ക് തുടങ്ങിയ അവശ്യവസ്തുക്കളുടെ നിര്‍മ്മാണത്തിലും വിതരണത്തിലുമുള്ള മുന്‍നിര പ്രവര്‍ത്തകര്‍ എന്നിവരാണ് കീ വര്‍ക്കേഴ്‌സ്. ആദ്യമായി വീടുവാങ്ങുന്നവര്‍ക്ക് മാത്രമുള്ളതാണ് ഫസ്റ്റ് ഹോംസ്. യോഗ്യരായ കീ വര്‍ക്കേഴ്‌സിനേയും കുടുംബങ്ങളേയും അപേക്ഷകള്‍ പരിഗണിച്ച് പ്രാദേശിക കൗണ്‍സിലുകളാണ് തിരഞ്ഞെടുക്കുന്നത്. ഓപ്പണ്‍ മാര്‍ക്കറ്റ് വിലയേക്കാള്‍ 30% ഡിസ്‌കൗണ്ടില്‍ ഫസ്റ്റ് ഹോംസ് നല്‍കുന്നു. ഈ വീടുകള്‍ ഭാവിയില്‍ വാങ്ങുന്നവര്‍ക്കും ഉടമകള്‍ മാര്‍ക്കറ്റ് വിലയേക്കാള്‍ 30% വിലക്കുറവില്‍ നല്‍കണമെന്നത് ഉറപ്പുവരുത്തുന്നു. നിലവില്‍ സര്‍ക്കാര്‍ ചില ഭവന നിര്‍മ്മാതാക്കളുമായി സഹകരിച്ച് ബോള്‍സോവറിലും ഇംഗ്‌ളണ്ടിലെ മറ്റിടങ്ങളിലും ഇതിന്റെ നിര്‍മ്മാണ പ്രക്രിയകള്‍ നടത്തിവരുന്നു. 2021 സമ്മറില്‍ത്തന്നെ (സെപ്റ്റംബര്‍ വരെ) ഫസ്റ്റ് ഹോംസിലെ ആദ്യഘട്ട വീടുകള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യും.

2021 അവസാനത്തോടെ മറ്റൊരു 1500 വീടുകള്‍ പൂര്‍ത്തീകരിക്കാനും സര്‍ക്കാര്‍ ധനസഹായം നല്‍കും. 3 ലക്ഷത്തോളം വീടുകളാണ് ഈ സ്‌കീമില്‍ നിര്‍മ്മിച്ച് നല്‍കുക. ഭവന വിപണിയിലെ അമിത വില നിയന്ത്രണത്തിനും സാധാരണക്കാരെ സഹായിക്കുന്നതിനുമായി രാജ്യത്താകമാനമായി 10 ലക്ഷം വീടുകള്‍ 2024 നുള്ളില്‍ നിര്‍മ്മിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗംകൂടിയാണ് ഫസ്റ്റ് ഹോംസ്.

95% മോര്‍ട്‌ഗേജ്: മോര്‍ട്‌ഗേജ് ഗ്യരണ്ടി സ്‌കീം പ്രകാരം 5% ഡിപ്പോസിറ്റ് മാത്രം നല്‍കി 95% ദീര്‍ഘകാല മോര്‍ട്‌ഗേജ് ലോണില്‍ വീടുകള്‍ സ്വന്തമാക്കുവാന്‍ കഴിയും. ഇതിന് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കും. ഹെല്പ് ടു ബൈ: ഈക്വിറ്റി ലോണ്‍: ഇത് സര്‍ക്കാര്‍ നല്‍കുന്ന ഈക്വറ്റി ലോണാണ്. ഡിപ്പോസിറ്റിന്മേല്‍ കുറഞ്ഞ പലിശനിരക്കില്‍ ലോണ്‍ ലഭിക്കും എന്നതാണ് പ്രത്യേകത. ഷെയേര്‍ഡ് ഓണര്‍ഷിപ്: വീടുവിലയുടെ ഒരുഷെയര്‍ മാത്രം നല്‍കി സ്വന്തമാക്കാന്‍ സഹായിക്കുന്നു. ഈ വിധത്തില്‍ വിലയുടെ 10% മുതല്‍ 75% വരെ ഷെയര്‍ നല്‍കി വീടുവാങ്ങാം. ബാക്കിയുള്ള തുകയ്ക്ക് ആനുപാതികമായി വാടക നല്‍കണം. ഷെയര്‍ തുക 1% വീതം ഇന്‍സ്റ്റാള്‍മെന്റായി നല്‍കി വര്‍ദ്ധിപ്പിക്കുവാനും കഴിയും. ഹെല്പ് ടു ബില്‍ഡ്: ചെറിയ ഡിപ്പോസിറ്റില്‍ മോര്‍ട്‌ഗേജ് ലോണെടുത്ത് സ്വന്തമായി വിടുവയ്ക്കാനും താമസിക്കാനും സഹായിക്കുന്നു. ഈ സ്‌കീമില്‍ പൂര്‍ത്തീകരിച്ച വീടിന് ഈക്വിറ്റി ലോണും ലഭ്യമാണ്. സര്‍ക്കാരിന്റെ ഈവിധമുള്ള സ്‌കീമുകളിലൂടെ അനായാസമായി ആദ്യവീടുകള്‍ സ്വന്തമാക്കുവാന്‍ കഴിയും. തലചായ്ക്കാന്‍ ഒരുവീട് എന്നതിലുപരി വലിയ ലാഭം നല്‍കുന്ന ഒരു ഇന്‍വെസ്റ്റ്‌മെന്റായോ കച്ചവട വസ്തുവായോ ഇതിനെ കാണുവാനും കഴിയില്ല എന്നതും തിരിച്ചറിയുക.

Latest News

Loading..