News

ബോറടിപ്പിച്ച് ആദ്യപകുതി, നെയ്മറില്ലാതെ വിയര്‍ത്തു, എങ്കിലും ബ്രസീല്‍ നേടി

ബോറടിപ്പിച്ച് ആദ്യപകുതി, നെയ്മറില്ലാതെ വിയര്‍ത്തു, എങ്കിലും ബ്രസീല്‍ നേടി
ആറാം ലോക കിരീടമെന്ന റെക്കോര്‍ഡ് ലക്ഷ്യവുമയെത്തിയ ബ്രസീല്‍ ആദ്യ കടമ്പ വിജയകരമായി പിന്നിട്ടു. ഗ്രൂപ്പ് ജിയിലെ രണ്ടാമങ്കത്തില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനെയാണ് മഞ്ഞപ്പട ഏകപക്ഷീയമായ ഒരു ഗോളിനു മറികടന്നത്. വിരസമായ ആദ്യ പകുതിക്കു ശേഷം 83ാം മിനിറ്റില്‍ കസേമിറോ ബോക്‌സിനുള്ളില്‍ നിന്നും നേടിയ തകര്‍പ്പന്‍ ഗോളാണ് മല്‍സരത്തില്‍ ഇരുടീമുകളെയും വേറിട്ടുനിര്‍ത്തിയത്.
രിക്കേറ്റ സൂപ്പര്‍ താരം നെയ്മറില്ലാതെ ഇറങ്ങിയ മഞ്ഞപ്പട ആദ്യ പകുതിയില്‍ സ്വിസ് ടീമിന്റെ ഡിഫന്‍സീവ് ഫുട്‌ബോളിനു മുന്നില്‍ നന്നായി വിയര്‍ത്തു. എന്നാല്‍ രണ്ടാം പകുതിയിലെ അവസാന അര മണിക്കൂറില്‍ മഞ്ഞപ്പട ആക്രമണങ്ങളുടെ വേലിയേറ്റം തീര്‍ത്തു. സ്വിസ് ഗോളിയുടെ ചില തകര്‍പ്പന്‍ സേവുകളും പ്രതിരോധ നിരയുടെ ഉജ്ജ്വല പ്രകടനവും ബ്രസീലിനെ കൂടുതല്‍ ഗോളുകള്‍ നേടുന്നതില്‍ തടയുകയായിരുന്നു. തുടരെ രണ്ടാം ജയവുമായിട്ടാണ് ബ്രസീല്‍ അവസാന 16ലേക്കു ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. ആദ്യ കളിയില്‍ കാനറികള്‍ 2-0നു സെര്‍ബിയയെ തകര്‍ത്തിരുന്നു.
കളി സ്ലോയാക്കി സ്വിസ് തന്ത്രം
ആദ്യ പത്തു മിനിറ്റില്‍ പാസിങ് ഗെയിം കളിച്ച് മല്‍സരം സ്ലോയാക്കുകയെന്ന ബോറന്‍ തന്ത്രണ് സ്വിസ് സ്വീകരിച്ചത്. ബ്രസീലിനു പരമാവധി ബോള്‍ നല്‍കാതിരിക്കാന്‍ അവര്‍ ശ്രദ്ധിക്കുകയും ചെയ്തു. ഇതോടെ മല്‍സരം തണുപ്പനായി മാറി. ബ്രസീലിനു ഇടയ്ക്കു ബോള്‍ ലഭിച്ചപ്പോഴെല്ലാം അവര്‍ ചടുലമായ നീക്കങ്ങള്‍ നടത്തുകയും ചെയ്തു. 12ാം മിനിറ്റില്‍ ബ്രസീലിന്റെ ഒരു മനോഹരമായ നീക്കം കണ്ടു. പക്വേറ്റയുടെ ഫ്‌ളിക്ക് പാസിനൊടുവില്‍ വലതു വിങിലൂടെ കയറിയ റിച്ചാര്‍ളിസണ്‍ ബോക്‌സിലേക്കു വിനീഷ്യസിനു ക്രോസ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ബ്ലോക്ക് ചെയ്യപ്പെട്ടു.
ബ്രസീല്‍ ഗോള്‍നീക്കം
19ാം മിനിറ്റില്‍ ബ്രസീലിന്റെ ഭാഗത്തു നിന്നും മനോഹരമായ ഒരു നീക്കം. നാലു സ്വിസ് ഡിഫന്‍ഡര്‍മാര്‍ക്കിടയിലൂടെ വിനീഷ്യസ് നല്‍കിയ ബോള്‍ പക്വേറ്റയ്ക്ക്. ഇടതു വിങിലൂടെ ബോളുമായി കയറിയ പക്വേറ്റ ബോക്‌സിനു കുറുകെ നല്‍കിയ ക്രോസ് റിച്ചാര്‍ളിസണിനെ ലക്ഷ്യം വച്ചായിരുന്നു. പക്ഷെ റിച്ചാര്‍ളിസണ്‍ അതെടുക്കുമുമ്പ് സ്വിസ് ഡിഫന്‍ഡര്‍ എല്‍വെഡി ക്ലിയര്‍ ചെയ്തതോടെ ഗോളവസരവും പാഴായി.

യോമറുടെ സേവ്
27ാം മിനിറ്റില്‍ സ്വിസ് ഗോള്‍ കീപ്പര്‍ യാന്‍ സോമറിനു കളിയിലെ ആദ്യ സേവ് നടത്തേണ്ടി വന്നു. വലതു വിങില്‍ നിന്നും ബോക്‌സിലേക്കു താഴ്ന്നിറങ്ങിയ റഫീഞ്ഞയുടെ കര്‍ലിങ് ക്രോസ്. സെക്കന്റ് പോസ്റ്റിലേക്കു ഓടിക്കയറിയ വിനീഷ്യസ് വോളിയിലേക്കു അതു വലയിലേക്കു വഴി തിരിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും ഗോള്‍കീപ്പര്‍ സോമര്‍ അതു കുത്തിയകറ്റി. ഏഴു മിനിറ്റിനകം ബ്രസീല്‍ വീണ്ടുമൊരു ഷോട്ട് ഗോളിലേക്കു തൊടുത്തു. മിലിറ്റാവോയ്‌ക്കൊപ്പം വണ്‍ ടു പാസ് കളിച്ച ശേഷം 25 വാര അകലെ നിന്നും ഒരു ലോങ്‌റേഞ്ചറാണ് റഫീഞ്ഞ പരീക്ഷിച്ചത്. പക്ഷെ അതു നേരെ സ്വിസ് ഗോളി സോമറുടെ കൈകളിലേക്കാണ് വന്നത്.
നെയ്മറുടെ അഭാവം
സൂപ്പര്‍ താരം നെയ്മറുടെ അഭാവം ബ്രസീല്‍ നിരയില്‍ പ്രകടമായിരുന്നു. അമിത പ്രതിരോധത്തിലൂന്നി കളിച്ച സ്വിസ് പ്രതിരോധം തകര്‍ക്കാന്‍ നെയ്മറെപ്പോലെ ക്രിയേറ്റീവായി നീക്കങ്ങള്‍ നടത്താന്‍ ശേഷിയുള്ള ഒരാളെ ബ്രസീലിനു ആവശ്യമായിരുന്നു. അതുകൊണ്ടു തന്നെ നെയ്മറുടെ അഭാവത്തില്‍ സ്വിസ് പ്രതിരോധം കീറിമുറിക്കാന്‍ ശേഷിയുള്ള മൂര്‍ച്ചയേറിയ നീക്കങ്ങളൊന്നും ആദ്യപകുതിയില്‍ കണ്ടില്ല. ആദ്യ പകുതിയില്‍ ആകെ ആറു ഷോട്ടുകളാണ് ബ്രസീലിന്റെ ഭാഗത്തു നിന്നും കണ്ടത്. ഇതില്‍ രണ്ടെണ്ണം മാത്രമേ ഓണ്‍ ടാര്‍ജറ്റുണ്ടായുള്ളൂ.
ശൈലി മാറ്റി സ്വിസ്
ആദ്യ പകുതിയില്‍ 'ബസ് പാര്‍ക്കിങ്' ശൈലിയിലൂടെ മല്‍സരം വിരസമാക്കി മാറ്റിയ സ്വിറ്റ്‌സര്‍ലാന്‍ഡ് രണ്ടാംപകുതിയില്‍ കുറേക്കൂടി അറ്റാക്കിങ് ഗെയിമാണ് പുറത്തെടുത്തത്. പ്രതിരോധം പാളാതെ നോക്കുന്നതിനൊപ്പം കൗണ്ടര്‍ അറ്റാക്കുകളിലൂടെ ബ്രസീലിനെ സമ്മര്‍ദ്ദത്തിലാക്കുകയെന്ന തന്ത്രമാണ് സ്വിസ് ടീം സ്വീകരിച്ചത്. ഇതിന്റെ ഫലമായി കളിയുടെ വേഗത കൂടുന്നതിനൊപ്പം ഗോളവസരങ്ങള്‍ സൃഷ്ടിച്ചെടുക്കാനും സ്വിസ് ടീമിനു കഴിഞ്ഞു.
ഓഫ്‌സൈഡ് ഗോള്‍
64ാം മിനിറ്റില്‍ ബ്രസീല്‍ ആരാധകരെ ആവേശം കൊള്ളിച്ച് വിനീഷ്യസ് വലയില്‍ പന്തെത്തിച്ചിരുന്നു. മൈതാന മധ്യത്തു നിന്നുള്ള നീക്കത്തിനൊടുവില്‍ കസേമിറോ മുന്നോട്ടു നല്‍കിയ ബോള്‍ വിനീഷ്യസിന്. പന്തുമായി മുന്നേറിയ താരം ഡിഫന്‍ഡറെയും മറികടന്ന് ബോക്‌സിലെത്തിയ ശേഷം ഗോളി സോമറിനെയും നിസ്സഹായനാക്കി ബോള്‍ വലയിലേക്കു പ്ലേസ് ചെയ്തു. പക്ഷെ ബ്രസീലിന്റെ ആഹ്ലാദം പെട്ടെന്നു തന്നെ അവസാനിച്ചു. റഫറി വിആഎര്‍ സഹായം തേടിയ ശേഷം അത് ഓഫ് സൈഡ് വിധിക്കുകയായിരുന്നു.
വിജയഗോള്‍
നിശ്ചിത സമയം തീരാന്‍ ഏഴു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ കസേമിറോയിലൂടെ ബ്രസീല്‍ അര്‍ഹിച്ച ഗോള്‍ പിടിച്ചുവാങ്ങി. അതുവരെ തകരാതെ നിന്ന സ്വിസ് പ്രതിരോധക്കോട്ട ഭേദിച്ചായിരുന്നു കസേമിറോയിലൂടെ ബ്രസീല്‍ വല കുലുക്കിയത്. വിനീഷ്യയസിന്റെ പാസ് റോഡ്രിഗോ ഫ്‌ളിക്ക് ചെയ്ത് ബോക്‌സിനകത്തേക്കു കയറിയ കസേമിറോയ്ക്ക് നല്‍കി. ഇടതു ഭാഗത്തു നിന്നും കിടിലനൊരു വോളിയാണ് കസേമിറോ തൊടുത്തത്. ഗോളി സോമറിനെ കാഴ്ച്ചക്കാരനാക്കി അതു വലയില്‍ തുളഞ്ഞുകയറിയതോടെ ബ്രസീല്‍ ഫാന്‍സ് ആഹ്ലാദത്തിമര്‍പ്പിലാവുകയും ചെയ്തു.

Share

Latest News

Loading..