News

Share

ജോസ് കെ മാണി നാണം കെട്ടവന്‍; അപ്പനോട് ബഹുമാനമില്ലാത്തവന്‍ എന്ന് പിസി ജോര്‍ജ്

ജോസ് കെ മാണി നാണം കെട്ടവന്‍; അപ്പനോട് ബഹുമാനമില്ലാത്തവന്‍ എന്ന് പിസി ജോര്‍ജ്
കോട്ടയം: കേരള കോണ്‍ഗ്രസ് നേതാവും എംപിയുമായ ജോസ് കെ മാണിക്കെതിരെ കടുത്ത വിമര്‍ശനവുമായി ജനപക്ഷം നേതാവ് പിസി ജോര്‍ജ്. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതികരിക്കവെയാണ് വിമര്‍ശനം. സമരക്കാര്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച സംഭവത്തില്‍ വൈദികര്‍ക്കെതിരെ ഉള്‍പ്പെടെ പോലീസ് കേസെടുത്തിരുന്നു.സമരക്കാരെ പിന്തുണച്ചാണ് കഴിഞ്ഞ ദിവസം ജോസ് കെ മാണി രംഗത്തുവന്നത്. ബിഷപ്പിനെതിരെ കേസെടുത്തത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് പിസി ജോര്‍ജ് കടുത്ത ഭാഷയില്‍ മറുപടി നല്‍കിയത്. വിശദാംശങ്ങല്‍ ഇങ്ങനെ...
വിഴിഞ്ഞത്ത് അദാനി ഗ്രൂപ്പ് തുറമുഖം നിര്‍മിക്കുന്നതിനെതിരെ പ്രദേശവാസികള്‍ സമരത്തിലാണ്. ലത്തീല്‍ അതിരൂപതയുടെ നേതൃത്വത്തിലാണ് സമരം. എന്നാല്‍ ബിജെപിയും സിപിഎമ്മും പദ്ധതിയെ അനുകൂലിച്ച് പ്രകടനം നടത്തുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം പോലീസ് സ്‌റ്റേഷന്‍ സമരക്കാര്‍ ആക്രമിച്ചത്. കസ്റ്റഡിയിലെടുത്തവരെ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ടാണ് പ്രശ്‌നങ്ങളുടെ തുടക്കം.
സംഭവത്തില്‍ 3000 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. വൈദികരും കേസില്‍ പ്രതികളാണ്. വിഴിഞ്ഞം സമരം പൊളിക്കാന്‍ നടക്കുന്ന നീക്കത്തിന്റെ ഭാഗമായിട്ടാണ് സ്റ്റേഷന്‍ ആക്രമിച്ചതെന്ന് സമര സമിതി ആരോപിക്കുന്നു. എന്നാല്‍ സമരക്കാരാണ് ആക്രമണത്തിന് പിന്നിലെന്ന് മറുഭാഗവും വാദിക്കുന്നു. നിയമ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വിഴിഞ്ഞം പദ്ധതി സര്‍ക്കാരിന് വരുമാനമുണ്ടാക്കാന്‍ സഹായിക്കുമെന്നും അതിനിതിരെ പ്രവര്‍ത്തിക്കുന്നവര്‍ രാജ്യവിരുദ്ധമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും കഴിഞ്ഞ ദിവസം ഫിഷറീസ് മന്ത്രി വി അബ്ദുറഹ്മാന്‍ പറഞ്ഞിരുന്നു. അബ്ദുറഹ്മാന്റെ പേരില്‍ തന്നെ തീവ്രവാദിയുണ്ട് എന്ന ഫാദര്‍ ഡിക്രൂസിന്റെ മറുപടി വലിയ വിവാദത്തിന് ഇടയാക്കി. മന്ത്രി അബ്ദുറഹ്മാന്‍ രാജ്യദ്രോഹിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇതിനിടെയാണ് വിഴിഞ്ഞം പദ്ധതിക്കെതിരെ പിസി ജോര്‍ജ് രംഗത്തുവന്നത്. വിഴിഞ്ഞം പദ്ധതി കാരണമായി ഒരു ഗുണവും സംസ്ഥാനത്തിന് ലഭിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സമരക്കാര്‍ക്ക് ഒപ്പമാണ് ഞാന്‍. എന്നാല്‍ അക്രമങ്ങള്‍ തെറ്റാണെന്നും പിസി ജോര്‍ജ് പറഞ്ഞു. 20 കൊല്ലം മുമ്പ് പദ്ധതി നടപ്പാക്കിയിരുന്നു എങ്കില്‍ ഞാന്‍ അനുകൂലിക്കുമായിരുന്നു എന്നും പിസി ജോര്‍ജ് പറഞ്ഞു.

വിഴിഞ്ഞം പദ്ധതിക്ക് ഇപ്പോള്‍ പ്രസക്തിയില്ല. തൂത്തുകുടിയിലും ശ്രീലങ്കയിലും വലിയ തുറമുഖങ്ങള്‍ വന്നു. ഇനി വിഴിഞ്ഞത്തേക്ക് കപ്പലുകള്‍ വരില്ല. പിന്നെ എന്തിനാണ് ഉണ്ടാക്കുന്നത്. വിഴിഞ്ഞം പദ്ധതിക്കെതിരെ വിശദമായി താന്‍ നിയമസഭയില്‍ പറഞ്ഞിട്ടുണ്ട്. ഇത് രാജ്യദ്രോഹമാണെന്നും ജനങ്ങളെ വഞ്ചിക്കുകയാണെന്നു ഞാന്‍ പറഞ്ഞിട്ടുണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു.

നിയമസഭ തല്ലിപ്പൊളിച്ച വി ശിവന്‍കുട്ടി വിഴിഞ്ഞം സമരത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെടുന്നത് വിരോധാഭാസമാണ്. പ്രക്ഷോഭത്തിന്റെ ഭാഗമായിട്ടാണ് വിഴിഞ്ഞത്ത് നഷ്ടം വന്നിരിക്കുന്നത്. അതിന് എന്തിനാണ് മെത്രാന്റെ മേല്‍ കയറുന്നത്. ആര്‍ച്ച് ബിഷപ്പാണോ അവിടെ അക്രമിച്ചത്. അവരെ ആക്രമിച്ചു, അവര്‍ തിരിച്ച് ആക്രമിച്ചു. അതാണുണ്ടായതെന്നും പിസി ജോര്‍ജ് പറഞ്ഞു.

ജോസ് കെ മാണിയുടെ പ്രതികരണം ചൂണ്ടിക്കാട്ടിയപ്പോള്‍ പിസി ജോര്‍ജിന്റെ മറുപടി ഇങ്ങനെയായിരുന്നു- ഇവരെന്തിനാ അധികാരത്തില്‍ കുത്തിയിരിക്കുന്നത്. അധികാരത്തില്‍ നിന്നിറങ്ങിയിട്ട് അവന്‍ പറയട്ടെ. ഒരു മന്ത്രിസ്ഥാനത്തിന് വേണ്ടി പിണറായിയുടെ പിറകെ ഓശാന പാടി നടക്കുന്ന നാണം കെട്ടവനാ ജോസ് കെ മാണി. പിതാക്കന്മാരുടെ പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കുകയാണ്...

മുന്നണിയില്‍ നിന്ന് അന്തസ്സായി രാജിവയ്ക്കണം. അതായിരുന്നു അപ്പന്‍. അപ്പനോട് ബഹുമാനമുണ്ടെങ്കില്‍ അങ്ങനെ ചെയ്യട്ടെ. കെഎം മാണിയോട് ആത്മാര്‍ഥതയുണ്ടെങ്കില്‍ അത് ചെയ്യും. അതില്ലല്ലോ. കെഎം മാണി മുഖ്യമന്ത്രിയാകാനിരുന്നപ്പോള്‍ പാര വച്ചവനാ മകന്‍. പിന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലോ എന്നും പിസി ജോര്‍ജ് പറഞ്ഞു.


Latest News

Loading..