News

Share

പ്രീക്വാര്‍ട്ടറില്‍ ഓസീസിനെ അര്‍ജന്റീന പേടിക്കണോ? ഒരു തവണ തോറ്റു!

പ്രീക്വാര്‍ട്ടറില്‍ ഓസീസിനെ അര്‍ജന്റീന പേടിക്കണോ? ഒരു തവണ തോറ്റു!
ഫിഫ ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം വിജയവുമായി ലാറ്റിന്‍ വമ്പന്‍മാരായ അര്‍ജന്റീന പ്രീക്വാര്‍ട്ടറിലേക്കു മുന്നേറിയിരിക്കുയാണ്. ആദ്യ മല്‍സരത്തില്‍ സൗദി അറേബ്യയോടു അട്ടിമറിത്തോല്‍വിയേറ്റു വാങ്ങിയ ശേഷം അര്‍ജന്റീന നോക്കൗട്ട് റൗണ്ടിലെത്തുമോയെന്നു പലരും സംശയിച്ചിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള നിര്‍ണായക മല്‍സരങ്ങളില്‍ മെക്‌സിക്കോ, പോളണ്ട് എന്നിവരെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തകര്‍ത്ത് ലയണല്‍ മെസ്സിയും സംഘവും ഗ്രൂപ്പ് ചാംപ്യന്‍മാരായി പ്രീക്വാര്‍ട്ടറില്‍ കടക്കുകയായിരുന്നു.ശനിയാഴ്ച ഓസ്‌ട്രേലിയയെയാണ് അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍ നേരിടുന്നത്. അര്‍ജന്റീനയെ സംബന്ധിച്ച് ഭയക്കേണ്ട എതിരാളികളല്ല സോക്കറൂസ്. എന്നാല്‍ അവരെ നിസാരമായി എഴുതിത്തള്ളാനും മെസ്സിപ്പടയ്ക്കാവില്ല. ലോക ചാംപ്യന്‍മാരായ ഫ്രാന്‍സുള്‍പ്പെട്ട ഗ്രൂപ്പ് ഡിയിലെ രണ്ടാംസ്ഥാനക്കാരായാണ് ഓസീസ് നോക്കൗട്ടിലെത്തിയിരിക്കുന്നത്. അര്‍ജന്റീനയും ഓസീസും ഇതുവരെ ഏറ്റുമുട്ടിയപ്പോഴുള്ള കണക്കുകളും സ്റ്റാറ്റസും പരിശോധിക്കാം.
ഏഴു തവണ ഏറ്റുമുട്ടി
അര്‍ജന്റീനയും ഓസ്‌ട്രേലിയയും ഇതുവരെ ഏഴു തവണയാണ് മുഖാമുഖം വന്നിട്ടുള്ളത്.കണക്കുകളില്‍ സോക്കറൂസിനു മേല്‍ ലാറ്റിന്‍ അതികായന്‍മാര്‍ക്കു വ്യക്തമായ ആധിപത്യമുണ്ടെന്നു കാണാന്‍ സാധിക്കും. ഏഴു മല്‍സരങ്ങളില്‍ അഞ്ചിലും അര്‍ജന്റീനയ്ക്കായിരുന്നു ജയം. ഒരു മല്‍സരം സമനിലയില്‍ പിരിഞ്ഞപ്പോള്‍ മറ്റൊനന്നില്‍ അര്‍ജന്റീനയെ ഓസീസ് അട്ടിമറിക്കുകുയും ചെയ്തു. ഈയൊരു വിജയത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടായിരിക്കും ഈ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ ഓസീസ് ബൂട്ടുകെട്ടുക.
ആദ്യ മല്‍സരം 1988ല്‍ 1988ലായിരുന്നു
അര്‍ജന്റീനയും ഓസ്‌ട്രേലിയയും ആദ്യമായി ഫുട്‌ബോളില്‍ മുഖാമുഖം വന്നത്. ബൈസെന്റനിയല്‍ ഗോള്‍ഡ് കപ്പിലായിരുന്നു ഇത്. അന്നു പക്ഷെ അര്‍ജന്റീനയ്ക്കു മേല്‍ വമ്പന്‍ അട്ടിമറി വിജയമാണ് ഓസ്‌ട്രേലിയ കൊയ്തത്. ഒന്നിനെതിരേ നാലു ഗോളുകള്‍ക്കു ലാറ്റിന്‍ പവര്‍ഹൗസുകളെ ഓസീസ് സ്തബ്ധരാക്കുകയായിരുന്നു. ഈ അദ്ഭുത വിജയത്തിനു ശേഷം ഒരിക്കല്‍പ്പോലും അര്‍ജന്റീനയ്ക്കു മേല്‍ വിജയം ആവര്‍ത്തിക്കാന്‍ ഓസ്‌ട്രേലിയക്കു സാധിച്ചിട്ടില്ലെന്നു കാണാം. ഈ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടര്‍ പോലെ വലിയൊരു വേദി അവര്‍ക്കു ലഭിക്കാനുമില്ല.
അവസാന നാലു കളിയിലും ജയം
ഓസ്‌ട്രേലിയക്കെതിരേയുള്ള അവസാനത്തെ നാലു മല്‍സരങ്ങളിലും അര്‍ജന്റീന വിജയം കൊയ്തിരുന്നു. 2007 സപ്തംബറില്‍ നടന്ന ഒരു സൗഹൃദ മല്‍സരത്തിലായിരുന്നു അവസാനായി ഇരുടീമുകളും മുഖാമുഖം വന്നത്. അന്നു അര്‍ജന്റീന ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയം അര്‍ജന്റീന കുറിക്കുകയായിരുന്നു. 49ാം മിനിറ്റില്‍ മാര്‍ട്ടിന്‍ ഡെമിഷെലിസായിരുന്നു അര്‍ജന്റൈന്‍ വിജയഗോളിനു അവകാശിയായത്. യുവതാരമായിരുന്ന ലയണല്‍ മെസ്സി ഈ മല്‍സരത്തില്‍ ടീമിന്റെ ഭാഗമായിരുന്നെങ്കിലും സ്‌കോര്‍ ചെയ്യാനായില്ല. ഓസീസിനെതിരേ മെസ്സിയുടെ രണ്ടാമത്തെ മല്‍സരമാണ് വരാനിരിക്കുന്ന പ്രീക്വാര്‍ട്ടര്‍.
അര്‍ജന്റീന തോല്‍വിയറിഞ്ഞിട്ടില്ല
അര്‍ജന്റീന ഒരിക്കല്‍പ്പോലും ലോകകകപ്പില്‍ തുടര്‍ച്ചയായി രണ്ടു തവണ പ്രീക്വാര്‍ട്ടറില്‍ തോറ്റിട്ടില്ല. 2021ലെ കഴിഞ്ഞ എഡിഷനിലെ പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിനെതിരേ വന്‍ തോല്‍വി അര്‍ജന്റീന വഴങ്ങിയിരുന്നു. അതുകൊണ്ടു തന്നെ ഇത്തവണ പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീന പരാജയപ്പെടില്ലെന്നു ചരിത്രം പറയുന്നു. ഓസ്‌ട്രേലിയയാവട്ടെ 16 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നിരിക്കുന്നത്. മുന്‍ ലോകകപ്പുകളിലെല്ലാം ഗ്രൂപ്പ് ഘട്ടത്തില്‍ മടങ്ങാനായായിരുന്നു സോക്കറൂസിന്റെ വിധി.

Latest News

Loading..