News

Share

മാധ്യമസ്വാതന്ത്ര്യം പ്രധാനം, ഇന്ത്യയുടെ ബിബിസി ഡോക്യുമെന്ററി വിലക്കിനെ തള്ളി യുഎസ്

മാധ്യമസ്വാതന്ത്ര്യം പ്രധാനം, ഇന്ത്യയുടെ ബിബിസി ഡോക്യുമെന്ററി വിലക്കിനെ തള്ളി യുഎസ്

വാഷിംഗ്ടണ്‍: ഗുജറാത്ത് വംശഹത്യ പ്രമേയമാക്കിയ ബിബിസി ഡോക്യുമെന്ററിക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. വിലക്കിനെ തള്ളുന്നതായി അവര്‍ അറിയിച്ചു. യുഎസ് മാധ്യമസ്വാതന്ത്ര്യം ഉയര്‍ത്തി പിടിക്കുന്നു.ജനാധിപത്യ മൂല്യങ്ങള്‍ക്കും, അഭിപ്രായ സ്വാതന്ത്ര്യത്തിനും വലിയ പ്രാധാന്യം നല്‍കേണ്ട സമയം അതിക്രമിച്ചുവെന്ന് യുഎസ് സ്റ്റേറ്റ് വിഭാഗം പറഞ്ഞു.ഇത് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ ചര്‍ച്ചയാവേണ്ട കാര്യമാണെന്നും യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. ബിബിസി ഡോക്യുമെന്ററി വിവാദം അന്താരാഷ്ട്ര തലത്തില്‍ തന്നെ ഇതോടെ ചര്‍ച്ചയായിരിക്കുകയാണ്.
വാഷിംഗ്ടണ്‍ മാധ്യമസ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്നു. ലോകത്തുള്ള എല്ലായിടത്തും ആ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കും. കാരണം അത് വളരയെധികം പ്രാധാന്യം അര്‍ഹിക്കുന്ന കാര്യമാണ്.ജനാധിപത്യ മൂല്യങ്ങളായ അഭിപ്രായ സ്വാതന്ത്ര്യം പോലുള്ള കാര്യങ്ങള്‍ക്ക് ഏറെ ആവശ്യമാണ് മാധ്യമസ്വാതന്ത്ര്യമെന്നും നെഡ് പ്രൈസ് പറഞ്ഞു. സ്വതന്ത്രമായ ഒരു മാധ്യമ മേഖല ലോകത്തെല്ലായിടത്തും ഉണ്ടാവണം. അതിനെയാണ് പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യ മൂല്യങ്ങളുടെ പ്രാധാന്യത്തെയാണ് ഞങ്ങള്‍ ഉയര്‍ത്തി കാണിക്കുന്നത്. മതസ്വാതന്ത്ര്യം, വിശ്വസിക്കാനുള്ള അവകാശം, മനുഷ്യാവകാശം, എന്നിവ ജനാധിപത്യങ്ങളെ ശക്തിപ്പെടുത്തുന്നതാണെന്നും നെഡ് പ്രൈസ് പറഞ്ഞു. ലോകത്തെല്ലായിടത്തും യുഎസ് ബന്ധം സ്ഥാപിക്കുന്നത് ഇക്കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇന്ത്യയുടെ കാര്യത്തിലും അത് തന്നെയാണ് പറയാനുള്ളതെന്നും പ്രൈസ് പറഞ്ഞു. നേരത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ചിരുന്നു.ബിബിസി ഡോക്യുമെന്ററിയില്‍ മോദിയെ ചിത്രീകരിച്ചിരിക്കുന്ന വിധത്തോട് തനിക്ക് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ബിബിസി ഡോക്യുമെന്ററി വലിയ വിവാദമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇതിന്റെ ലിങ്കുകള്‍ നീക്കം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഡോക്യുമെന്ററിയുടെ പ്രചാരണം തടയുകയായിരുന്നു ലക്ഷ്യം. തീര്‍ത്തും പക്ഷപാതപരമായ ഡോക്യുമെന്ററിയാണ് ബിബിസി തയ്യാറാക്കിയതെന്ന് വിദേശകാര്യ മന്ത്രാലയം ആരോപിച്ചിരുന്നു. അതേസമയം ഡോക്യുമെന്ററി നിരോധിച്ചതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നിരുന്നു. വിവിധയിടങ്ങളില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് ഇവര്‍ അറിയിക്കുകയും ചെയ്തു. ജെഎന്‍യുവിലും, ജാമിയയിലുമെല്ലാം വിദ്യാര്‍ത്ഥി യൂണിയനുകള്‍ ഈ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് യുണിവേഴ്‌സിറ്റി അധികൃതര്‍ അടക്കം രംഗത്ത് വന്നിരുന്നു. എന്ത് വന്നാലും പ്രദര്‍ശനം അനുവദിക്കില്ലെന്നായിരുന്നു ഇവര്‍ അറിയിച്ചത്. കഴിഞ്ഞ ദിവസം ജാമിയയിലെ വിദ്യാര്‍ത്ഥികളെ അറസ്റ്റും ചെയ്തിരുന്നു.

Latest News

Loading..