News

Share

സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വാര്‍ത്തയാണ് സംരംഭം തുടങ്ങാന്‍ ശ്രമിച്ച് ദുരാനുഭവം നേരിട്ട കൊച്ചി സ്വദേശി മിനി ജോസിയുടെ അനുഭവം.

കൊച്ചി പെരുമ്പടപ്പ് ബംഗ്ലാപറമ്പിൽ മിനി മരിയ ജോസിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇതിനകം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്. 14വർഷത്ത പ്രവാസജിവിതം അവസാനിച്ചു നാട്ടിൽ വന്നു ഒരു ഫ്ലോര്‍ മില്ല് ഇടാൻ തീരുമാനിച്ചുവെന്നും അതിനായി നടത്തിയ ശ്രമങ്ങളാണ് ദുരിതം സമ്മാനിച്ചതെന്നും ഇവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 

 

ഇവിടെ ജീവിക്കാൻ അനുവാദം ഉള്ളത് പാവപ്പെട്ടവര്‍ക്ക് അല്ല. ഗവണ്‍മെന്‍റ് ജോലിക്കാർക്ക് ആണ്, ഞങ്ങളെ പോലെ പാവങ്ങൾ വീണ്ടും പ്രവാസി ആവണം. അതുകൊണ്ട് ഒരിക്കലും ഇങ്ങോട്ട് വന്നു ലോൺ കിട്ടി ബിസിനസ് ചെയ്യാൻ ഒന്നും ആരും ജോലി കളഞ്ഞു വരരുതെന്ന് മിനി പോസ്റ്റിന്‍റെ അവസാനം പറയുന്നു. ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ തന്‍റെ രേഖകള്‍ കീറിക്കളഞ്ഞാണ് മിനി പ്രതികരിച്ചത്.

 

വീടിനോടു ചേർന്നുള്ള പഴയ കെട്ടിടത്തിൽ പൊടിപ്പ് മിൽ തുടങ്ങാനായിരുന്നു ശ്രമം. ഇതിനായി ബാങ്ക് വായ്പയ്‌ക്ക് അപേക്ഷിക്കാനായാണ് രേഖകൾ തയ്യാറാക്കാൻ മിനി കഴിഞ്ഞ ഒന്നരമാസമായി ഓഫീസുകൾ തോറും കയറി ഇറങ്ങിയത്. ആരോഗ്യ വിഭാഗത്തിൽ നിന്നും മലിനീകരണ ബോർഡിൽ നിന്നുമെല്ലാം അനുമതി ലഭിച്ചു. കോർപ്പറേഷൻ ഓഫീസിൽ ചെന്നപ്പോൾ ആദ്യത്തെ ഓഫിസിൽ ആവശ്യപ്പെട്ടത് 25,000 രൂപ. അഞ്ചു പേർക്ക് അയ്യായിരം രൂപ വീതം നൽകാനാണെന്നു പറഞ്ഞുവെന്ന് മിനി പറയുന്നു.

 

ഇപ്പോള്‍ സംഭവത്തില്‍ വ്യവസായ മന്ത്രി പി രാജീവ് ഇടപെട്ടുവെന്നാണ് മിനി തന്നെ ഫേസ്ബുക്കിലിട്ട പോസ്റ്റ് പറയുന്നത്. രാജീവ് സാറുമായി ഈ വിഷയത്തെ കുറിച്ച് സംസാരിച്ചു.  കേരളത്തിൽ ഒരു വ്യവസായിക്ക് പച്ച പിടിക്കാൻ പറ്റില്ല എന്നായിരുന്നു ഇന്ന് വൈകീട്ട് വരെയുള്ള എന്റെ വിശ്വാസം. മന്ത്രിക്ക് എന്നോടുള്ള സമീപനം എന്നെ അത്ഭുതപെടുത്തി. എന്റെ പ്രശ്നങ്ങൾ ചോദിച്ചു മനസിലാക്കി ആവിശ്യമുള്ള നിർദ്ദേശം തരികയും എന്റെ ലൈസൻസ് രണ്ടു ദിവസത്തിനുള്ളിൽ ശെരിയാക്കി തരാമെന്നു രാജീവ് സാർ ഉറപ്പു തരികയും ചെയ്തുവെന്ന് മിനി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഞാൻ പോസ്റ്റിൽ പറഞ്ഞ  100% സത്യസന്ധമായ കാര്യങ്ങളാണെന്ന് മന്ത്രിക്ക് മനസിലായെന്നും മിനി പറയുന്നു.

Latest News

Loading..