ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ ജാപ്പാനീസ് കോഴ്സ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.
തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ജാപ്പാനീസ് കോഴ്സ് സര്‍ട്ടിഫിക്കറ്റ് വിതരണം ഫിഷറീസ്- സാംസ്‌കാരിക-യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ ആദിനാഥിന് നല്‍കി നിര്‍വഹിച്ചു. മന്ത്രിയുടെ ചേമ്പറില്‍ നടന്ന പരിപാടിയില്‍ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. പി. എസ്. ശ്രീകല, മുന്‍ഡയറക്ടർ പ്രൊഫ.വി. കാര്‍ത്തികേയന്‍ നായര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജാപ്പനീസ് സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ കെ. അശോക് കുമാര്‍, അഡ്വ. മനു. സി. പുളിക്കല്‍, ഡോ. പ്രതീഷ്. ജി. പണിക്കര്‍, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസി. ഡയറക്ടര്‍ ഡോ. ഷിബു ശ്രീധര്‍ എന്നിവര്‍ പങ്കെടുത്തു.
2021 സെപ്റ്റംബര്‍ മാസം 18 ന് ആരംഭിച്ച കോഴ്സ് 2022 ഏപ്രില്‍ 30 നാണ് പൂര്‍ത്തിയായത്. തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജപ്പാനീസ് സ്റ്റഡീസും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് നടത്തിയ കോഴ്സില്‍ 12 പേരായിരുന്നു പഠിതാക്കള്‍. പരീക്ഷ ജൂലൈ മാസം ജാപ്പാനീസ് എംബസി ചെന്നൈയില്‍ വച്ചാണ് നടത്തുന്നത്. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് 2019 ല്‍ ഡോ. കെ. പി. പി. നമ്പ്യാരുടെ ജാപ്പാനീസ് -മലയാളം നിഘണ്ടുവും ജാപ്പാനീസ് ഭാഷാ സംഭാഷണ സഹായി എന്ന പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജപ്പാനും കേരളവും തമ്മില്‍ തൊഴില്‍രംഗത്ത് പരസ്പരസഹകരണത്തിനു ധാരണയായിട്ടുള്ള ഈ വേളയില്‍ ജാപ്പാനീസ് ഭാഷാപഠനത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് കോഴ്സ് ആരംഭിച്ചത്. ജപ്പാനില്‍ തൊഴിലവസരങ്ങള്‍ തേടാന്‍ മലയാളികളെ സഹായിക്കുന്ന ഭാഷ എന്ന നിലയിലും ജാപ്പാനീസ് ഭാഷാ പഠനത്തിന് ഏറെ പ്രാധാന്യമുണ്ട്.
പി.ആര്‍.ഒ
9447 95 6162