മണ്ണിനടിയില്‍ നിന്ന് സുശാന്ത് തിരിച്ച് ജീവിതത്തിലേക്ക്; സക്രിയ ഇടപെടലിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി
കോട്ടയം: മണ്ണിടിഞ്ഞ് അപകടത്തില്‍പ്പെട്ട അതിഥി തൊഴിലാളിയെ രക്ഷിച്ചവര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടു മണിക്കൂറോളം നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് തൊഴിലാളിയെ രക്ഷിച്ചത്. മറിയപ്പള്ളിക്കടുത്ത സ്ഥലത്ത് പറമ്പില്‍ ജോലി ചെയ്യവെയാണ് മണ്ണിടിഞ്ഞത്. മലയാളികളും അതിഥി തൊഴിലാളികളുമായിരുന്നു ജോലി ചെയ്തിരുന്നത്.സുശാന്ത് എന്ന തൊഴിലാളി മണ്ണിനടിയില്‍ കുടങ്ങി. വീണ്ടും മണ്ണിടിഞ്ഞതോടെ ആശങ്ക വര്‍ധിച്ചു. എന്നാല്‍ അതിവേഗം നാട്ടുകാരും ഫയര്‍ഫോഴ്‌സുമെല്ലാം ഇടപെട്ടു. വീണ്ടും മണ്ണിടിച്ചിലുണ്ടായാലും ബാധിക്കാതിരിക്കാര്‍ സൗകര്യമൊരുക്കി. മറ്റൊരു ഭാഗത്ത് ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കിയാണ് സുശാന്തിനെ രക്ഷിച്ചത്. ബംഗാള്‍ സ്വദേശിയാണ് സുശാന്ത്. രക്ഷപ്പെടുത്തിയ ശേഷം ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ഏറെ നേരം കേരളം ഉറ്റുനോക്കിയ സംഭവമായിരുന്നു ഇത്. രക്ഷാപ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ച എല്ലാവരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ.കോട്ടയം മറിയപ്പള്ളി കാവനാല്‍കടവില്‍ മണ്ണിടിഞ്ഞു അപകടത്തില്‍ പെട്ട അതിഥി തൊഴിലാളി സുശാന്തിനെ രണ്ടു മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ രക്ഷപ്പെടുത്താന്‍ സാധിച്ചു. ഒരു വീടിന്റെ നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ വീണ്ടും മണ്ണിടിഞ്ഞ് വീണ് സുശാന്ത് കൂടുതല്‍ ആഴത്തിലേക്ക് പോകുകയായിരുന്നു. നിമിഷ നേരത്തിനുള്ളില്‍ തല ഭാഗത്ത് നിന്ന് മണ്ണ് നീക്കം ചെയ്ത് സുശാന്തിന് ശ്വാസതടസം നേരിടുന്നത് ഒഴിവാക്കുകയും, പിന്നീട് മണ്ണിടിഞ്ഞ് വീഴാതിരിക്കാന്‍ മുകള്‍ഭാഗത്ത് കവചം തീര്‍ത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയുമാണുണ്ടായത്. ഫയര്‍ഫോഴ്സും പൊലീസും, നാട്ടുകാരും ചേര്‍ന്ന സംയുക്തമായ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ സുശാന്തിനെ രക്ഷപ്പെടുത്താന്‍ സാധിച്ചു. ഈ ശ്രമകരമായ ദൗത്യത്തിന് മുന്നില്‍ നിന്ന സേനാംഗങ്ങളെയും ഉദ്യോഗസ്ഥരെയും നാട്ടുകാരെയും സ്‌നേഹപൂര്‍വ്വം അഭിനന്ദിക്കുന്നു.
Loading..