News

ഒഎൽഎക്സിൽ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ വാങ്ങാനെന്ന വ്യാജേന 20 ലക്ഷം രൂപ തട്ടി; നൈജീരിയൻ സ്വദേശി അറസ്റ്റിൽ

ഒഎൽഎക്സിൽ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ വാങ്ങാനെന്ന വ്യാജേന 20 ലക്ഷം രൂപ തട്ടി; നൈജീരിയൻ സ്വദേശി അറസ്റ്റിൽ
കോഴിക്കോട്: ഒഎൽഎക്സിലെ വിൽപനയുടെ പേരിൽ 20 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നൈജീരിയൻ സ്വദേശി അറസ്റ്റിൽ. ബംഗളൂരുവിൽ വെച്ചാണ് കോഴിക്കോട് സിറ്റി സൈബർ ക്രൈം സെൽ ഇയാളെ അറസ്റ്റ് ചെയ്തത്. ഒഎൽഎക്സിൽ വില്പനയ്ക്ക് വെച്ച ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ വാങ്ങാനെന്ന വ്യാജേന 20 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. കേസിൽ രണ്ട് പേർ നേരത്തെ അറസ്റ്റിലായിരുന്നു.നൈജീരിയൻ സ്വദേശി അകുച്ചി ഇഫിയാനി ഫ്രാങ്ക്ളിനെയാണ് ബംഗളൂരുവിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. നല്ലളം സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഈയാൾ വിൽപനയ്ക്ക് വെച്ച ആപ്പിൾ ഐ പാഡ് വാങ്ങാനെന്ന വ്യാജേനയാണ് പ്രതികൾ പരാതിക്കാരനെ ബന്ധപ്പെട്ടത്. അമേരിക്കയിലെ വെൽസ് ഫാർഗോ എന്ന ബാങ്കിൻറെ വ്യാജ ഡൊമൈൻ നിർമിച്ചു. ഇതുവഴി പണം കൈമാറിയെന്ന രേഖകളും പരാതിക്കാരന് അയച്ചുകൊടുത്തു. തുടർന്ന് ആദായ നികുതി വിഭാഗം ഉദ്യോഗസ്ഥരെന്ന പേരിൽ പരാതിക്കാരന് ഫോൺ വന്നു. വിദേശ വിനിമയ ചട്ടങ്ങൾലംഘിച്ചതിന് പിഴയും പിഴപ്പലിശയും സഹിതം വൻതുക ഒടുക്കണമെന്നായിരുന്നു സന്ദേശം. ഇതുപ്രകാരം 19 ലക്ഷംരൂപ പലതവണയായി ഇയാളിൽ നിന്ന് ഭീഷണിപ്പെടുത്തി തട്ടിയെടുത്തെന്നായിരുന്നു പരാതി.വിദ്യാർത്ഥി വിസയിൽ ഇന്ത്യയിലെത്തിയവരാണ് അറസ്റ്റിലായ മൂവരും. ഇവരുടെ വിസ കാലാവധി കഴിഞ്ഞു. അതുകൊണ്ടു തന്നെ വിസ ചട്ടങ്ങൾ ലംഘിച്ചതിനും ഇവർക്കെതിരെ കേസ്സെടുത്തിട്ടുണ്ട്.
Share

Latest News

Loading..