ഷാരോണിനെ ഗ്രീഷ്മ വശീകരിച്ച് വിളിച്ചുവരുത്തി'യെന്ന് കുറ്റപത്രം; അമ്മയ്ക്കും അമ്മാവനുമെതിരെ തെളിവ് നശിപ്പിക്കൽ കുറ്റം
തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. നെയ്യാറ്റിൻകര സെക്ഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കഷായത്തില്‍ കളനാശിനി കലര്‍ത്തി കൊലപ്പെടുത്താനായി ഗ്രീഷ്മ ഷാരോണിനെ വശീകരിച്ച് വിളിച്ചുവരുത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. കൊലക്കുറ്റത്തിനൊപ്പം തട്ടിക്കൊണ്ടുപോകലും ചേര്‍ത്ത് പൊലീസ് കുറ്റപത്രം നല്‍കി.
ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനുമെതിരെ തെളിവ് നശിപ്പിക്കല്‍ കുറ്റവും ചുമത്തി. ഗ്രീഷ്മ ജയിലെത്തിയിട്ട് 85-ാം ദിവസമാണ് കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിക്കുന്നത്. ഉയർന്ന സാമ്പത്തികനിലവാരമുള്ള സൈനികന്റെ വിവാഹാലോചന വന്നതോടെ ഷാരോണുമായുള്ള പ്രണയബന്ധം അവസാനിപ്പിക്കാൻ ഗ്രീഷ്മ ആഗ്രഹിച്ചു. ഷാരോൺ ബന്ധത്തിൽ നിന്ന് പിന്മാറാൻ തയ്യാറാകത്തതോടെ കൊലപാതകത്തിന് തീരുമാനിച്ചതെന്നാണ് കണ്ടെത്തൽ.ജ്യൂസിൽ ഡോളോ കലക്കി നല്‍കിയതിന്റെയും കഷായത്തിൽ വിഷം കലർത്തുന്നതിനെക്കുറിച്ച് ഗൂഗിളിൽ തെരഞ്ഞതിന്റെയും തെളിവുകൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കൊലപാതക ദിവസം ഷാരോണിനെ ഗ്രീഷ്മയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് കഷായം നല്‍കിയത് എന്നതിന്റെ തെളിവിനായി വാട്സാആപ്പ് ചാറ്റുകൾ വീണ്ടെടുത്തു.അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ഡിവൈ.എസ്.പി K.J.ജോണ്‍സണ്‍ ഗുണ്ടാബന്ധത്തിന്റെ പേരില്‍ സസ്പെന്‍ഷനിലായതോടെ റൂറൽ എസ്പി പിഡി ശിൽപയുടെയും അഡീഷണൽ എസ്പി സുൾഫിക്കറിന്‌റെയും നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് കുറ്റപത്രം തയാറാക്കിയത്. പാറശാല മുര്യങ്കര സ്വദേശി 23കാരനായ ഷാരോൺ രാജ് കഴിഞ്ഞവർഷം ഒക്ടോബർ 25ാം തീയതിയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിക്കുന്നത്.