News

Share

ഭൂചലനത്തിൽ സ്റ്റുഡിയോ കുലുങ്ങുന്നതിനിടയിലും ഭൂകമ്പ വാര്‍ത്ത വായിച്ച് പാക് ടിവി അവതാരകന്‍

ഭൂചലനത്തിൽ സ്റ്റുഡിയോ കുലുങ്ങുന്നതിനിടയിലും ഭൂകമ്പ വാര്‍ത്ത വായിച്ച് പാക് ടിവി അവതാരകന്‍
കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിലുണ്ടായ ശക്തമായ ഭൂകമ്പത്തിന്റെ പ്രകമ്പനം പാകിസ്ഥാനിലും ഇന്ത്യയിലും ഭൂചലനമുണ്ടാക്കിയിരുന്നു. ഈ ഭൂചലനവുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അതില്‍ ഭൂകമ്പത്തിനിടയിലും വാര്‍ത്ത വായിക്കുന്ന ഒരു അവതാരകന്റെ വീഡിയോയാണ് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്.പാകിസ്ഥാനിലെ മഫ് രീഖ് ടിവി അവതാരകനാണ് ഭൂചലനത്തിടയില്‍ അതേ വാര്‍ത്ത ജനങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിച്ചത്. 39 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് ഇത്. അവതാരകന്‍ ഇരിക്കുന്ന സ്റ്റുഡിയോ റൂമും ഭൂചലനത്തില്‍ കുലുങ്ങുന്നത് വീഡിയോയില്‍ വളരെ വ്യക്തമായി കാണാം. ഇതിനിടെ ഒരാള്‍ അദ്ദേഹത്തിന് പുറകിലൂടെ പുറത്തേയ്ക്ക് പോകുന്നതും കാണാം.എന്നാല്‍ ഇതിനിടയിലും തന്റെ സീറ്റില്‍ ഇരുന്ന് യാതൊരു ഭയവും കൂടാതെ അവതാരകന്‍ വാര്‍ത്ത വായിക്കുകയാണ്. നിരവധി പേരാണ് ഈ അവതാരകനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്
A local Pashto TV channel Mahshriq TV during the earthquake. Brave of the anchor to keep his calm. But shows the impact of the earthquake. #Peshawar #Pakistan pic.twitter.com/7h3FOxBvtF— Iftikhar Firdous (@IftikharFirdous) March 21, 2023
” ഭൂകമ്പസമയത്ത് സംപ്രേക്ഷണം ചെയ്ത പ്രാദേശിക പഷ്തു ടിവി ചാനല്‍ ദൃശ്യമാണിത്. വളരെ ധൈര്യത്തോടെ വാര്‍ത്ത വായിക്കുന്ന അവതാരകന്‍. എന്നാല്‍ ഭൂകമ്പത്തിന്റെ തീവ്രത വീഡിയോയിൽ നിന്ന് മനസ്സിലാകും,’ എന്നാണ് ഈ വീഡിയോയ്ക്ക് ഒരാള്‍ കമന്റ് ചെയ്തത്.” അവിശ്വസനീയമായ ധൈര്യം, സമാധാനത്തോടെ ഇരുന്ന് തന്റെ ജോലി പൂര്‍ത്തിയാക്കുന്ന അവതാരകന്‍,’ എന്നായിരുന്നു മറ്റൊരാൾ കമന്റ് ചെയ്തത്.” അദ്ദേഹം അഭിനന്ദനം അര്‍ഹിക്കുന്നു. ഇത്രയും വലിയ ഭൂചലനത്തിനിടയിലും സമാധാനത്തോടെ ഇരിക്കുന്നു’ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.അഫ്ഗാനിലെ ഹിന്ദുക്കുഷ് മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഭൂചലനത്തില്‍ ഏകദേശം 12പേരാണ് ഇവിടെ മരിച്ചത്. 200ലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.ഭൂചലനത്തില്‍ പാകിസ്ഥാനിലും ഇന്ത്യയിലെ ചില പ്രദേശങ്ങളിലും പ്രകമ്പനം ഉണ്ടായിട്ടുണ്ട്. പാകിസ്ഥാനിലെ ലാഹോര്‍, റാവല്‍പിണ്ടി, ഇസ്ലാമാബാദ്, പെഷവാര്‍, ലാക്കി, മാര്‍വാഡ്, ഗുജ്‌റാന്‍വാല, സിയാല്‍കോട്ട്, തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രകമ്പമുണ്ടായത്.റാവല്‍പിണ്ടിയിലേയും ഇസ്ലാമാബാദിലേയും നിരവധി കെട്ടിടങ്ങള്‍ക്ക് വിള്ളല്‍ വീഴുകയും ചെയ്തിട്ടുണ്ട്. അതേസമയം സ്വാത് താഴ്‌വരയില്‍ 150ലധികം പേര്‍ക്കാണ് ഭൂചലനത്തില്‍ പരിക്കേറ്റത്. ഗില്‍ജിത്ത്-ബാള്‍ട്ടിസ്ഥാനിലും ഭൂകമ്പത്തിന്റെ പ്രകമ്പനമുണ്ടായതാണ് റിപ്പോര്‍ട്ട്. ഈ പ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഇന്ത്യ, പാകിസ്ഥാന്‍ കൂടാതെ താജിക്കിസ്ഥാന്‍, തുര്‍ക്കമെനിസ്ഥാന്‍, കസാഖ്സ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, ചൈന, കിര്‍ഗിസ്ഥാന്‍, എന്നീ പ്രദേശങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര സീസ്‌മോളജിക്കല്‍ സെന്റര്‍ അറിയിച്ചത്.ഡല്‍ഹി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനമാണ് റിപ്പോർട്ട് ചെയ്തത്. റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയുടെ ഔദ്യോഗിക വിശദീകരണം. ജമ്മു കശ്മീര്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹരിയാന എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഇന്ത്യന്‍ സമയം രാത്രി 10.17 ഓടെയാണ് ഭൂചലനം ഉണ്ടായത്. ഒരു മിനിറ്റ് നേരത്തോളം ഭൂചലനം അനുഭവപ്പെട്ടു.

Latest News

Loading..