News

Share

'ഈ പ്രായത്തില്‍ ഇതൊക്കെ പതിവല്ലേ സാറെ...'; മകന്റെ കഞ്ചാവ് ഉപയോഗം പിടിക്കാനെത്തിയവരോട് അമ്മ

'ഈ പ്രായത്തില്‍ ഇതൊക്കെ പതിവല്ലേ സാറെ...'; മകന്റെ കഞ്ചാവ് ഉപയോഗം പിടിക്കാനെത്തിയവരോട് അമ്മ
കൊച്ചി: മകന്റെ ലഹരിമരുന്ന് ഉപയോഗത്തിനും അത് സൂക്ഷിക്കുന്നതിനും കൂട്ടുനിന്ന അമ്മ അറസ്റ്റില്‍. കൊച്ചി എളങ്കുന്നപ്പുഴ സ്വദേശിനി ഖലീലയെ ആണ് എക്‌സൈസ് സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇവരുടെ വീട്ടില്‍ നിന്ന് കഞ്ചാവും രാസലഹരിയും പിടിച്ചെടുത്തിട്ടുണ്ട്. ഖലീലയുടെ വീട്ടില്‍ എക്സൈസും കോസ്റ്റല്‍ പൊലീസും സംയുക്തമായ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.ഇവരുടെ അറിവോടെയാണ് മകന്‍ രാഹുല്‍ ലഹരി മരുന്ന് വീട്ടില്‍ സൂക്ഷിച്ചത് എന്നാണ് വിവരം. കേസില്‍ രാഹുലിനെ ഒന്നാം പ്രതിയും ഖലീലയെ രണ്ടാം പ്രതിയും ആക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാഹുല്‍ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണ് എന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതിന് അമ്മ ഖലീല രാഹുലിന് പൂര്‍ണ പിന്തുണ നല്‍കിയിരുന്നു എന്നാണ് എക്‌സൈസ് സംഘം പറയുന്നത്.രാഹുല്‍ വീട്ടിലേക്ക് പലപ്പോഴായി ലഹരി മരുന്നുകള്‍ കൊണ്ട് വന്നിരുന്നു. ഈ ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത് ഖലീല ആയിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്ന് വീട് പരിശോധനക്കായി എക്‌സൈസും പൊലീസും എത്തിയപ്പോള്‍ മകന്റെ പ്രവര്‍ത്തികളെ ന്യായീകരിച്ച് സംസാരിക്കുകയാണ് ഇവര്‍ ചെയ്തത് എന്നാണ് എക്‌സൈസ് സംഘം പറയുന്നത്. ഈ പ്രായത്തില്‍ ഇത്തരത്തിലുള്ള ശീലമൊക്കെ പതിവാണ് എന്ന തരത്തിലായിരുന്നു ഇവരുടെ പെരുമാറ്റം.മകന്റെ മയക്കുമരുന്ന് ഉപയോഗത്തെ അനുകൂലിച്ചു, മയക്കുമരുന്ന് സൂക്ഷിച്ചു, വീട്ടില്‍ പരിശോധന നടത്താന്‍ എത്തിയ ഉദ്യോഗസ്ഥരെ എതിര്‍ത്തു സംസാരിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ആണ് ഖലീലക്ക് എതിരെ ചുമത്തിയിരിക്കുന്നത്. കുറ്റകൃത്യത്തിന് ഒത്താശ ചെയ്യുന്നത് വലിയ കുറ്റമാണെന്ന് അറിഞ്ഞിട്ടും ഖലീല മകന്റെ പ്രവൃത്തിയെ നിസാരവത്കരിക്കാന്‍ ശ്രമിച്ചു എന്നാണ് എക്‌സൈസ് അധികൃതര്‍ പറയുന്നത്.ഖലീലയുടെ വീട്ടില്‍ നിന്നും 70 മില്ലിഗ്രാം എം ഡി എം എയും അഞ്ച് ഗ്രാം കഞ്ചാവും ആണ് പിടിച്ചെടുത്തത്. വീട്ടില്‍ എക്‌സെസും പൊലീസും എത്തി പരിശോധന നടത്തി എന്നും അമ്മയെ അറസ്റ്റ് ചെയ്തു എന്നും അറിഞ്ഞതോടെ രാഹുല്‍ ഒളിവില്‍ പോകുകയായിരുന്നു എന്നാണ് വിവരം. രാഹുല്‍ നേരത്തെയും നിരവധി കേസുകളില്‍ ഉള്‍പ്പെട്ടയാളാണ് എന്നാണ് പൊലീസ് പറയുന്നത്.

Latest News

Loading..