News

Share

കഞ്ചാവ് ചേർത്ത ബിസ്‌കറ്റ് കഴിച്ച് പതിനൊന്നുകാരി അവശനിലയിൽ: ബിസ്‌കറ്റുണ്ടാക്കിയത് അച്ഛനെന്ന് പൊലീസ്‌

കഞ്ചാവ് ചേർത്ത ബിസ്‌കറ്റ് കഴിച്ച് പതിനൊന്നുകാരി അവശനിലയിൽ: ബിസ്‌കറ്റുണ്ടാക്കിയത് അച്ഛനെന്ന് പൊലീസ്‌
കഞ്ചാവ് ചേർത്തുണ്ടാക്കിയ ചോക്കലേറ്റ് ബിസ്‌കറ്റ് കഴിച്ച് മലേഷ്യൻ സ്വദേശിനിയായ പതിനൊന്നുകാരി അവശനിലയിലായി. ബിസ്‌കറ്റിൽ കഞ്ചാവ് ചേർത്തത് പെൺകുട്ടിയുടെ പിതാവായ മുപ്പത്തിയെട്ടുകാരനാണെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. ബിസ്‌കറ്റ് കഴിച്ച ശേഷം തലകറക്കം, മനംപുരട്ടൽ, ശ്വാസ തടസ്സം എന്നിവ അനുഭവപ്പട്ടതോടെ, പെൺകുട്ടിയെ സമീപത്തുള്ള ക്ലിനിക്കിൽ പ്രവേശിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ അവസ്ഥ കണ്ട് സംശയം തോന്നിയ ക്ലിനിക്കിലെ മെഡിക്കൽ അസിസ്റ്റൻ്റാണ് പൊലീസിനെ വിവരമറിയിച്ചത്.
 
അച്ഛൻ തന്നെയാണ് അവശയായ കുട്ടിയെ ക്ലിനിക്കിൽ എത്തിച്ചത്. പെൺകുട്ടി കഴിച്ച ബിസ്‌കറ്റിൽ കഞ്ചാവ് കലർത്തിയെന്ന് തെളിഞ്ഞതോടെ, ഇയാളെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. കൂടുതൽ പരിശോധനകൾക്കും ചികിത്സയ്ക്കുമായി പെൺകുട്ടിയെ മെച്ചപ്പെട്ട സൌകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എത്രയും പെട്ടന്ന് ചികിത്സ നൽകേണ്ടിയിരുന്നതിനാൽ പെൺകുട്ടിയുടെ ശരീരത്തിൽ കഞ്ചാവിൻ്റെ അംശമുണ്ടോ എന്ന് കണ്ടെത്താനുള്ള മൂത്ര പരിശോധന നടത്താൻ അധികൃതർക്ക് കഴിഞ്ഞിരുന്നില്ല. എന്നാൽ, വിശദമായ പരിശോധനകൾക്കു ശേഷം പെൺകുട്ടിയുടെ പിതാവിൻ്റെ ശരീരത്തിൽ ടെട്രാ ഹൈഡ്രോ കാനബിനോൾ (ടിഎച്ച്‌സി) എന്ന ലഹരി പദാർത്ഥത്തിൻ്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കഞ്ചാവു ചെടിയിൽ കണ്ടുവരുന്ന ഒരു സൈക്കോ ആക്ടീവ് പദാർത്ഥമാണിത്.വിവിധ വകുപ്പുകൾ അനുസരിച്ച് പിതാവ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ, ജൂൺ 3 വരെ ഇയാളെ റിമാൻഡിൽ വിട്ടിരിക്കുകയാണ്. തുടരന്വേഷണങ്ങൾ നടക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു. പെൺകുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും, ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പൊതുജനം പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കണമെന്ന് മലേഷ്യൻ പൊലീസുദ്യോഗസ്ഥർ മുന്നറിയിപ്പു നൽകുന്നു.
ഇതാദ്യമായല്ല പല രാജ്യങ്ങളിലായി നടക്കുന്ന ഇത്തരം സംഭവങ്ങൾ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. കഞ്ചാവിൻ്റെ അംശമടങ്ങിയ മധുര പലഹാരങ്ങൾ കഴിച്ചതിനെത്തുടർന്ന് യുകെയിലെ ഒരു കത്തോലിക് സ്‌കൂളിലെ പതിമൂന്നു വിദ്യാർത്ഥികൾ അടുത്തിടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. കാംഡനിലെ ഹൈഗേറ്റിലുള്ള ലെ സെയ്‌ൻ്റെ യൂണിയൻ കത്തോലിക് സ്‌കൂളിലാണ് സംഭവമുണ്ടായതെന്ന് മിറർ റിപ്പോർട്ടു ചെയ്യുന്നു. സ്‌കൂളിലെ ഉച്ചഭക്ഷണ സമയത്തായിരുന്നു വിദ്യാർത്ഥികൾ മധുപലഹാരം പങ്കിട്ടു കഴിച്ചത്. ഉച്ചഭക്ഷണം കഴിഞ്ഞ് ക്ലാസ്സുകളിൽ തിരിച്ചെത്തിയ കുട്ടികൾക്ക് തുടർന്ന് കടുത്ത തലകറക്കവും ഛർദ്ദിയും ഉണ്ടാകുകയായിരുന്നു. കുട്ടികൾ കഴിച്ച മധുര പലഹാരത്തിൽ ടിഎച്ച്‌സി അടങ്ങിയിരുന്നതായി പരിശോധനയിൽ തെളിയുകയായിരുന്നു. ഭാഗ്യവശാൽ, കുട്ടികൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ല.കഞ്ചാവ് ചേർത്ത ജെല്ലി മിഠായികൾ കഴിച്ച നാലു കുട്ടികൾ ആശുപത്രിയിൽ ചികിത്സ തേടിയ സംഭവമുണ്ടായത് 2021ലായിരുന്നു. ഡെയ്‌ലി മെയിലാണ് ഈ വാർത്ത റിപ്പോർട്ടു ചെയ്തിരുന്നത്. സറേയിലായിരുന്നു സംഭവം. ചികിത്സ ലഭിക്കുന്നതുവരെ കുട്ടികൾ അക്രമാസക്തമായി പ്രതികരിച്ചിരുന്നുവെന്ന് ഡെയ്‌ലി മിറർ റിപ്പോർട്ട് ചെയ്തിരുന്നു. കാഴ്ചയിൽ സാധാരണ ജെല്ലി മിഠായികൾ പോലെ തോന്നിക്കുമെങ്കിലും, ഇവയിൽ കൂടിയ അളവിൽ കഞ്ചാവ് കലർത്തിയിരുന്നു. കഞ്ചാവ് പുകയ്ക്കുന്നതിനു സമാനമായ ഫലമാണ് ഇവ കഴിക്കുന്നവരിൽ ഉണ്ടാകുക.

Latest News

Loading..