വിജയ് രാഷ്ട്രീയത്തിലിറങ്ങിയാല്‍ പിന്തുണയ്ക്കുമോ? നടന്‍ ശരത് കുമാറിന്റെ പ്രതികരണം വൈറല്‍
ചെന്നൈ: നടന്‍ വിജയ് രാഷ്ട്രീയത്തിലിറങ്ങുമെന്ന് തമിഴ്‌നാട്ടില്‍ ഏറെ നാളായുള്ള പ്രചാരണമാണ്. താരത്തിന്റെ ഓരോ പൊതുപ്രവര്‍ത്തനവും ക്ഷേമ പദ്ധതികളും രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് എന്നാണ് വിലയിരുത്തല്‍. തന്റെ ആരാധകര്‍ നേതാവാകണം എന്ന് ആവശ്യപ്പെട്ടാല്‍ അതാകുമെന്ന് നേരത്തെ വിജയ് സണ്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.വിജയിയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് നടന്‍ ശരത് കുമാര്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. തമിഴ് രാഷ്ട്രീയത്തില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിയാണ് ശരത് കുമാര്‍. നേരത്തെ തമിഴ്‌നാട് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ശരത് കുമാറിന്റെ പ്രതികരണം വലിയ ചര്‍ച്ചയായതും.പോര് തൊഴില്‍ എന്ന ശരത് കുമാര്‍ ചിത്രം ഈ മാസം ഒമ്പതിന് തിയേറ്ററുകളിലെത്തുകയാണ്. ഇതിന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സിനിമാ-രാഷ്ട്രീയ വിഷയങ്ങളിലെ ചോദ്യങ്ങള്‍ താരം നേരിട്ടു. മലയാളി താരം നിഖില വിമല്‍ ഉള്‍പ്പെടെ അഭിനയിക്കുന്ന സിനിമയാണിത്. വിജയിയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ചും ചോദ്യം വന്നു. വിജയിയെ പിന്തുണയ്ക്കുമോ എന്നായിരുന്നു ചോദ്യം.ആര്‍ക്കും രാഷ്ട്രീയത്തിലിറങ്ങാനും പ്രവര്‍ത്തിക്കാനും കഴിയും. വിജയ് രാഷ്ട്രീയത്തില്‍ സജീവമായാല്‍ ഞങ്ങള്‍ സ്വാഗതം ചെയ്യുമെന്നും ശരത് കുമാര്‍ പറഞ്ഞു. ഇത് വിജയ് ആരാധകര്‍ ഏറ്റെടുത്തതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി. മധുരയില്‍ നടന്ന രാഷ്ട്രീയ പരിപാടിയില്‍ ശരത് കുമാര്‍ പറഞ്ഞ വാക്കുകളും വൈറലായിട്ടുണ്ട്.2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിങ്ങള്‍ എന്നെ മുഖ്യമന്ത്രിയാക്കിയാല്‍ ഞാന്‍ 150 വര്‍ഷം ജീവിക്കുമെന്നായിരുന്നു ശരത് കുമാറിന്റെ പ്രസംഗം. ഇപ്പോള്‍ 69 തികഞ്ഞെങ്കിലും 25ന്റെ ചെറുപ്പമാണ്. 150 വര്‍ഷം ജീവിക്കാനുള്ള വിദ്യ എനിക്കറിയാം. നിങ്ങള്‍ എന്നെ മുഖ്യമന്ത്രിയാക്കിയാല്‍ ആ രഹസ്യം നിങ്ങള്‍ക്ക് പറഞ്ഞു തരാമെന്നും തമാശ രൂപേണ ശരത് കുമാര്‍ പറഞ്ഞു. നിരവധി പേരാണ് ശരത് കുമാറിന്റെ വാക്കുകളോട് പ്രതികരിച്ചത്. ട്രോളുകളും നിരവധിയാണ്. ഒരു കാലത്ത് തമിഴ് സിനിമയില്‍ നിറഞ്ഞുനിന്ന വ്യക്തിയാണ് ശരത് കുമാര്‍. വില്ലനായും നടനായും സ്വഭാവ നടനായുമെല്ലാം തിളങ്ങിയ അദ്ദേഹം അടുത്തിടെ വിജയിക്കൊപ്പം അഭിനയിച്ചിരുന്നു. ഡിഎംകെയിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ അദ്ദേഹം പിന്നീട് എഐഎഡിഎംകെയില്‍ ചേര്‍ന്നു. വൈകാതെ രാജിവച്ച് സ്വന്തമായി പാര്‍ട്ടി രൂപീകരിച്ചു.
Loading..