'ഇങ്ങനെ ഇടാൻ വേണ്ടിയാണോ ഈ ചിത്രം നീ എനിക്ക് അയച്ചത്?'; കൊല്ലം സുധിയെക്കുറിച്ച് വേദനയോടെ ടിനി ടോം
കൊച്ചി: നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ അകാല വേർപാടിന്‍റെ വേദനയിലാണ് കലാലോകം. ഒപ്പം പരിപാടി അവതരിപ്പിച്ച് മടങ്ങിയ പ്രിയപ്പെട്ടവൻ ഇനി ഇല്ലെന്ന് ഉൾക്കൊള്ളാൻ പലർക്കും സാധിക്കുന്നില്ല. ഏറ്റവും നൊമ്പരപ്പെടുത്തുന്ന അനുഭവം പങ്കുവെക്കുകയാണ് നടൻ ടിനി ടോം. വടകരയിൽ ടിവി ചാനൽ സംഘടിപ്പിച്ച പരിപാടിയിൽ കൊല്ലം സുധിക്കൊപ്പം ടിനി ടോമും ഉണ്ടായിരുന്നു.‘ഇന്നലെ ഒരുമിച്ചായിരുന്നു വേദിയിൽ രണ്ട് വണ്ടികളിൽ ആയിരിന്നു ഞങ്ങള് തിരിച്ചത് ,പിരിയുന്നതിനു മുൻപ് സുധി ഒരു ആഗ്രഹം പറഞ്ഞു ഒരുമിച്ചു ഒരു ഫോട്ടോ എടുക്കണം എന്നിട്ടു ഈ ഫോട്ടോ എനിക്ക് അയച്ചും തന്നു …ഇങ്ങനെ ഇടാൻ വേണ്ടിയാണോ ഈ ചിത്രം എനിക്ക് അയച്ചത്’- ടിനി ടോം ഫേസ്ബുക്കിൽ കുറിച്ചു. ഒപ്പം കൊല്ലം സുധി അയച്ചുനൽകിയ ആ സെൽഫിയും നൊമ്പരത്തോടെ പങ്കുവെച്ചു. വടകരയിലെ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ പുലർച്ചെ നാലരയോടെ തൃശൂർ ജില്ലയിലെ കൈപ്പമംഗലത്തിന് സമീപം കാർ മിനിലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിന്‍റെ മുൻസീറ്റിലാണ് അപകടത്തിൽ മരിച്ച കൊല്ലം സുധി ഇരുന്നത്.എയർബാഗിനിടയിൽ കുടുങ്ങിയ കൊല്ലം സുധിയെ ഏറെ ശ്രമപ്പെട്ട് പുറത്തെടുത്ത് കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തിൽ തലയ്ക്കേറ്റ ഗുരുതര പരിക്കാണ് കൊല്ലം സുധിയുടെ മരണത്തിന് കാരണമായത്.
ടിനി ടോമിന്‍റെ വാക്കുകൾ പൂർണരൂപം
‘ദൈവമേ വിശ്വസിക്കാൻ ആകുന്നില്ല, ഇന്നലെ ഒരുമിച്ചായിരുന്നു വേദിയിൽ രണ്ട് വണ്ടികളിൽ ആയിരിന്നു ഞങ്ങള് തിരിച്ചത് ,പിരിയുന്നതിനു മുൻപ് സുധി ഒരു ആഗ്രഹം പറഞ്ഞു ഒരുമിച്ചു ഒരു ഫോട്ടോ എടുക്കണം എന്നിട്ടു ഈ ഫോട്ടോ എനിക്ക് അയച്ചും തന്നു …ഇങ്ങനെ ഇടാൻ വേണ്ടിയാണോ ഈ ചിത്രം എനിക്ക് അയച്ചത് …മോനെ ഇനി നീ ഇല്ലേ … എന്നായിരുന്നു ടിനിടോം തന്റെ ഫേസ്ബുക്കിൽ കുറിച്ചത്’
Loading..