ജിപിമാര്‍ക്ക് രോഗികള്‍ക്കാവശ്യമായ സ്‌കാനിങ്ങും ചികിത്സയും നേരിട്ട് നിര്‍ദ്ദേശിക്കാം, പരിശോധനാ ദിവസം തന്നെ ഫലം, എല്ലാം വേഗത്തിലാക്കാന്‍ പുതിയ നീക്കവുമായി എന്‍എച്ച്എസ്
എന്‍എച്ച്എസിന്റെ നീണ്ട കാത്തിരിപ്പുകള്‍ ഇനി വേണ്ടിവരില്ല. പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരികയാണ്. ജിപിമാര്‍ക്ക് രോഗികള്‍ക്ക് ആവശ്യമുള്ള സ്‌കാനിങ്ങും ചികിത്സയും നേരിട്ട് നിര്‍ദ്ദേശിക്കാനാകും. അതുപോലെ പരിശോധന നടത്തുന്ന ദിവസം തന്നെ ഫലം ലഭ്യമാക്കാനും ചികിത്സ ആരംഭിക്കാനും ആശുപത്രികളോട് നിര്‍ദ്ദേശിക്കുകയും ചെയ്യും. നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് എല്ലാം വേഗത്തിലാക്കാനാണ് നീക്കം.
എന്‍എച്ച്എസ് ആപ്പിലും പുതിയ മാറ്റങ്ങളുണ്ടാകും. ആപ്പ് ഉപയോഗിച്ച് ഒരാള്‍ക്ക് രോഗ പരിശോധനയ്‌ക്കോ ഡോക്ടറെ കാണാനോ ബുക്ക് ചെയ്യാം. സൗകര്യപ്രദമായ സ്ഥലവും തെരഞ്ഞെടുക്കാന്‍ രോഗിക്കാകും. കൂടുതല്‍ സ്ഥലങ്ങളില്‍ കമ്യൂണിറ്റി ഡയഗ്നോസ്റ്റിക് സെന്ററുകള്‍ ആരംഭിക്കും. രോഗികളോട് വളരെ വിനയത്തോടെ പെരുമാറാനും ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പുകവലിയും അമിതവണ്ണവും പോലെ ആരോഗ്യമേഖലയ്ക്ക് ദോഷകരമാകുന്ന കാര്യങ്ങള്‍ ഒഴിവാക്കാനായി രോഗികളെ സഹായിക്കാനും ജീവനക്കാര്‍ക്ക് പരിശീലനം നല്‍കും. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ വൈകാതെ പദ്ധതിയില്‍ പ്രഖ്യാപനം നടത്തും.
കഴിഞ്ഞ ദിവസം വളരെ കുറവ് ജിപിമാരെ മാത്രമേ രോഗികള്‍ക്ക് നേരിട്ട് കാണാനാകൂവെന്ന് കണക്കുകള്‍ പുറത്തുവന്നിരുന്നു. പര്യാപ്തമായ ജീവനക്കാരുണ്ടെങ്കില്‍ മാത്രമേ എന്‍എച്ച്എസ് പ്രവര്‍ത്തനം സുഗമമാകൂവെന്ന് അധികൃതരും വ്യക്തമാക്കുന്നു.