News

Share

പിവി അന്‍വര്‍ എംഎല്‍എ അറസ്റ്റില്‍

പിവി അന്‍വര്‍ എംഎല്‍എ അറസ്റ്റില്‍

നിലമ്പൂരില്‍ ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ പി വി അന്‍വര്‍ എംഎല്‍എയെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിനു പിന്നില്‍ മുഖ്യമന്ത്രിയുടെയും പി ശശിയുടെയും ഗൂഢാലോചനയാണെന്ന് അന്‍വര്‍ പറഞ്ഞു. ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് അന്‍വറിനെ അറസ്റ്റ് ചെയ്യാന്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സന്നാഹം എടവണ്ണ ഒതായിയിലെ വീടിന് മുന്നില്‍ എത്തിയത്.നിയമസഭാ സാമാജികനെ അറസ്റ്റ് ചെയ്യുന്നതിന് സ്പീക്കറുടെ അനുമതി ഉള്‍പ്പടെയുള്ള കാര്യങ്ങളും ഡോക്ടറുടെ പരിശോധനയും പൂര്‍ത്തിയാക്കിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തി അന്‍വറിനെ കസ്റ്റഡിയിലെടുത്തത്. പൊലീസ് ഇടപെടല്‍ നിയമാനുസൃതമാണെന്നായിരുന്നു വനം വകുപ്പ് മന്ത്രി പി ശശീന്ദ്രന്‍ പ്രതികരിച്ചത്. അന്‍വറിന്റെ ബന്ധുക്കളും നാട്ടുകാരുമുള്‍പ്പടെ വന്‍ ജനക്കൂട്ടം സ്ഥലത്ത് എത്തിയിരുന്നു. ഭരണകൂട ഭീകരതക്ക് എതിരേ പ്രതിഷേധിക്കുക എന്ന് ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ട ശേഷമാണ് അന്‍വര്‍ അറസ്റ്റിന് വഴങ്ങിയത്.
നിലമ്പൂരില്‍ ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത സംഭവത്തില്‍ പി വി അന്‍വറിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. പിവി അന്‍വര്‍ ഉള്‍പ്പടെ 11 ഓളം പേര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതില്‍ മൂന്ന് പ്രവര്‍ത്തകരെ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Latest News

Loading..