ഇലോണ്‍ മസ്‌കിനെതിരെ രൂക്ഷ വിമര്‍ശനവുമായി സ്റ്റാര്‍മര്‍
ഇലോണ്‍ മസ്‌കിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. കുറച്ചുനാളായി ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ ഇടപെടുന്ന ഇലോണ്‍ മസ്‌കിന്റെ നടപടികളെ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ നടപടി. മസ്‌ക് നുണകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുകയാണെന്ന് കീര്‍ സ്റ്റാര്‍മര്‍ തുറന്നടിച്ചു.
രാജ്യത്തിന്റെ ജനാധിപത്യത്തെ തന്നെ തകര്‍ക്കുന്നതാണ് ഈ അടുത്ത കാലത്തെ പല പ്രസ്താവനകളും. ലേബര്‍ അധികാരത്തിലേറിയ ശേഷം തന്റെ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ യുകെ രാഷ്ട്രീയത്തെ കുറിച്ചു മസ്‌ക് പല പരാമര്‍ശങ്ങളും നടത്തിയിരുന്നു. ബ്രിട്ടനെ സ്വേഛാദിപത്യ സര്‍ക്കാരില്‍ നിന്ന് മോചിപ്പിക്കണം, കീര്‍ സ്റ്റാര്‍മറെ ജയിലിലടക്കണം എന്നിങ്ങനെയുള്ള പരാമര്‍ശം വിവാദമായി.
2008നും 13നുമിടയില്‍ ഇംഗ്ലണ്ടിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നപ്പോള്‍ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കീര്‍ സ്റ്റാര്‍മറിന് കഴിഞ്ഞില്ലെന്ന് മസ്‌ക് വിമര്‍ശിച്ചു. കുട്ടികളെ ലൈംഗീകമായി ദുരുപയോഗം ചെയ്യുന്ന കേസുകളും ഉള്‍പ്പെടും.
ട്രംപുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മസ്‌കിന്റെ കീര്‍ സ്റ്റാര്‍മറോടുള്ള നിലപാട് രാഷ്ട്രീയമായി ചര്‍ച്ചയായി കഴിഞ്ഞു. മസ്‌കുമായുള്ള അകല്‍ച്ച ട്രംപുമായി ഉണ്ടാകുമോ എന്നാണ് രാഷ്ട്രീയ ലോകം കാത്തിരിക്കുന്നത്.