News

Share

ടെസ്‌കോയില്‍ കൂട്ട പിരിച്ചുവിടല്‍; ആശങ്കയില്‍ മലയാളികളും

ടെസ്‌കോയില്‍ കൂട്ട പിരിച്ചുവിടല്‍; ആശങ്കയില്‍ മലയാളികളും

നാഷണല്‍ ഇന്‍ഷുറന്‍സ് വിഹിതം വര്‍ധിപ്പിച്ച ബജറ്റ് പ്രഖ്യാപനം ബിസിനസുകളെ കടുത്ത തീരുമാനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നു. ചെലവ് ചുരുക്കലിന്റെ ഭാഗമായി സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകള്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയാണ്. ഇതിന്റെ ഭാഗമായി ടെസ്‌കോയിലും കൂട്ട പിരിച്ചുവിടല്‍ നടക്കുകയാണ്. തങ്ങളുടെ വിവിധ ശാഖകളിലും, ആസ്ഥാന ഓഫീസിലും ജോലി ചെയ്യുന്ന 400 ഓളം പേരെ ഉടനെ പിരിച്ചു വിടാനൊരുങ്ങുകയാണ് കമ്പനി. സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളില്‍ ജോലി ചെയ്യുന്ന നിരവധി മലയാളികളുണ്ട്. അവരും ആശങ്കയിലാണ്.

ഹെഡ് ഓഫീസിലെയും ടെസ്‌കോ മൊബൈല്‍ സ്റ്റോറുകളിലേയും മാനേജര്‍മാര്‍, ഇന്‍സ്റ്റോര്‍ ബേക്കറികളിലെ ജീവനക്കാര്‍ എന്നിവരെയായിരിക്കും ഇത് ബാധിക്കുക സഹപ്രവര്‍ത്തകരെ ബാധിക്കുന്ന ഒരു പ്രശ്‌നമാണെന്നും, പക്ഷെ ഉപഭോക്താക്കള്‍ക്കായി കൂടുതല്‍ പണം മുടക്കേണ്ടി വരുന്നതിനാല്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലെന്നുമാണ് ടെസ്‌കോ യുകെ തലവന്‍ മാത്യൂ ബാര്‍നെസ് പറയുന്നത്. പിരിച്ചുവിടല്‍ നേരിടുന്ന സഹപ്രവര്‍ത്തകരെ സഹായിക്കാന്‍ എല്ലാ തരത്തിലും ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളുടെ കമ്പനിയില്‍ തന്നെ പകരം തൊഴില്‍ നല്‍കാന്‍ ആകുമെന്നും, നിലവില്‍ ഏകദേശം ആയിരത്തോളം ഒഴിവുകള്‍ കമ്പനിയില്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതുപോലെ കെന്റിലെ സ്‌നോഡ്ലാന്‍ഡ് വിതരണ കേന്ദ്രം അടച്ചു പൂട്ടുന്നതുമായി ബന്ധപ്പെട്ട് അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കണ്‍സള്‍ട്ടേഷന്‍ ആരംഭിക്കുമെന്നും ടെസ്‌കോ അറിയിച്ചിട്ടുണ്ട്. അവിടെ നിന്നും മൂന്ന് മൈല്‍ മാറി എയ്ല്‍സ്ഫോര്‍ഡില്‍ പുതിയ വെയര്‍ഹൗസ് തുടങ്ങും.

ഓയില്‍ കമ്പനികളും അടുത്തിടെ ജീവനക്കാരെ വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു. പ്രമുഖ ഓയില്‍ കമ്പനിയായ ബിപി ചെലവു ചുരുക്കലിന്റെ ഭാഗമായി അഞ്ചു ശതമാനം ജോലിക്കാരെ വെട്ടികുറയ്ക്കുന്നു. ഇതിന്റെ ഭാഗമായി 4,700 പേര്‍ക്ക് ജോലി നഷ്ടപ്പെടും. വിവിധ രാജ്യങ്ങളിലായി 90,000 പേരാണ് ബിപിയില്‍ ജോലി ചെയ്യുന്നത്. ഇതു സംബന്ധിച്ച മുന്നറിയിപ്പ് ഇ-മെയില്‍ സന്ദേശത്തിലൂടെ കമ്പനി ജീവനക്കാര്‍ക്ക് നല്‍കി. കമ്പനിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 3000 കോണ്‍ട്രാക്ട് ജോലികളും ഇല്ലാതാക്കുമെന്ന് മുന്നറിയിപ്പുണ്ട്. 16,000 പേരാണ് യുകെയില്‍ മാത്രം ബിപിയില്‍ ജോലി ചെയ്യുന്നത്. ഇതില്‍ ആറായിരത്തോളം പേര്‍ പെട്രോള്‍ സ്റ്റേഷനുകളിലും സര്‍വീസ് സെന്ററുകളിലും ജോലി ചെയ്യുന്ന സാധാരണക്കാരാണ്. 2026 ആകുമ്പോവേക്കും രണ്ടു ബില്യണ്‍ ഡോളറിന്റെ ചെലവു ചുരുക്കല്‍ നടപടികളാണ് കമ്പനി ലക്ഷ്യമിടുന്നത്.

Latest News

Loading..