News

Share

സാമ്പത്തിക പ്രതിസന്ധി; ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസ് ജീവനക്കാരുടെ എണ്ണം കുറയും

സാമ്പത്തിക പ്രതിസന്ധി; ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസ് ജീവനക്കാരുടെ എണ്ണം കുറയും

സാമ്പത്തിക പ്രതിസന്ധി മൂലം ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസ്  ജീവനക്കാരെ വെട്ടികുറയ്ക്കാന്‍ തീരുമാനച്ചു. 1700 ഓഫിസര്‍മാര്‍, പൊലീസ് കമ്മ്യൂണിറ്റി ഓഫിസര്‍മാര്‍, മറ്റ് ജീവനക്കാര്‍ എന്നിവരെ കുറയ്ക്കാനുള്ള പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. മെറ്റ് പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ബജറ്റില്‍ 260 മില്യണ്‍ പൗണ്ടിന്റെ കുറവ് വരുന്നതു കാരണമാണ് ഈ കടുത്ത നടപടി. ഇത് തലസ്ഥാന നഗരത്തിലെ ക്രമസമാധാന പാലനത്തെ ഗുരുതരമായി ബാധിക്കുമെന്നാണ്‌ ആശങ്ക. ഇപ്പോള്‍ തന്നെ മെറ്റ് പോലീസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന ആരോപണം ശക്തമാണ്.

ലണ്ടനിലെ പ്രദേശങ്ങളാണ് മെറ്റ് പൊലീസിന്റെ പ്രവര്‍ത്തന പരിധിയില്‍ വരുന്നത്. ഇവിടെ കൂടിവരുന്ന കത്തിയാക്രമണങ്ങളും മോഷണങ്ങളും വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. പൊലീസിന്റെ എണ്ണം കൂട്ടണമെന്ന മുറവിളി ഉയരുമ്പോഴാണ് എണ്ണം കുറയ്ക്കാനുള്ള നീക്കം.

കഴിഞ്ഞ വര്‍ഷം അവസാനം മെറ്റ് പൊലീസില്‍ നിന്ന് ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്ന നടപടി ഉണ്ടാകുമെന്ന് കമ്മീഷണര്‍ സര്‍ മാര്‍ക്ക് റൗളി സൂചന നല്‍കിയിരുന്നു.

വകുപ്പിന് ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ഉള്‍പ്പെടെ 2300 പേരുടെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. നിലവിലുള്ള ജീവനക്കാരെ പിരിച്ചുവിടുന്നതിനു പകരം പുതിയ നിയമനങ്ങള്‍ കുറച്ചും, സര്‍വീസ് പൂര്‍ത്തിയാക്കാതെ വിരമിക്കാന്‍ ആഗ്രഹിക്കുന്നവരെ അതിന് അനുവദിച്ചും പരമാവധി പിടിച്ചുനില്‍ക്കാനായിരുന്നു ശ്രമം.

വെട്ടിക്കുറയ്ക്കലുകള്‍ ഉണ്ടെങ്കിലും പൊതുവായ സമാധാന പാലനം, സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ കൈകാര്യം ചെയ്യല്‍, സേനയെ പരിഷ്കരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയ മുന്‍നിര സേവനങ്ങളെ സംരക്ഷിക്കുമെന്ന് മെട്രോപൊളിറ്റന്‍ പോലീസ് വക്താവ് പറഞ്ഞു.

Latest News