യുകെ ഉല്‍പ്പന്നങ്ങള്‍ക്ക് 10% തീരുവ; സ്‌കോച്ച് വിസ്‌കി വ്യവസായത്തിന് കടുത്ത വെല്ലുവിളി

യുകെയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക പത്തുശതമാനം തീരുവ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതോടെ ഇംഗ്ലണ്ട്, സ്‌കോട്‌ലന്‍ഡ്, വെയില്‍സ് , വടക്കന്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങള്‍ ഇതോടെ കടുത്ത ആശങ്കയിലാണ്. യുഎസിന്റെ പുതിയ താരിഫ് നയം ഏറ്റവും അധികം ബാധിക്കുന്നത് സ്‌കോച്ച് വിസ്‌കി നിര്‍മ്മാതാക്കളെയാണ്. യുഎസാണ് സ്‌കോച്ച് വിസ്‌കിയുടെ പ്രധാന മാര്‍ക്കറ്റ്. പ്രതിവര്‍ഷം 971 മില്യണ്‍ പൗണ്ട് സ്‌കോച്ച് വിസ്‌കിയാണ് യുഎസിലേക്ക് കയറ്റി അയക്കുന്നത്.
നിലവിലെ പുതിയ താരിഫ് വരുന്നതോടെ സ്‌കോച്ച് വിസ്‌കി വ്യവസായത്തിന് കടുത്ത വെല്ലുവിളി നേരിടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സിംഗിള്‍ മാള്‍ട്ട് സ്‌കോച്ച് വിസ്‌കികള്‍ക്ക് 25 ശതമാനം ലെവി യുഎസ് ഏര്‍പ്പെടുത്തിയതോടെ 2019 ല്‍ വന്‍ തിരിച്ചടി നേരിട്ടിരുന്നു. അന്ന് 18 മാസത്തേക്ക് വില്‍പ്പനയില്‍ 600 മില്യണ്‍ പൗണ്ട് നഷ്ടമുണ്ടായതായി സ്‌കോട്ടിഷ് വിസ്‌കി അസോസിയേഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
യുഎസ് താരിഫ് കൂട്ടിയതോടെ സ്‌കോച്ച് വിസ്‌കി നിര്‍മ്മാതാക്കള്‍ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. വില ഉയര്‍ത്തിയാല്‍ ഉപഭോക്താക്കള്‍ മറ്റ് ഉല്‍പ്പന്നങ്ങളിലേക്ക് പോകും. വില ഉയര്‍ത്താതെ പിടിച്ചുനില്‍ക്കാനും ബുദ്ധിമുട്ടാണെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു.
യുഎസിലേക്ക് സാധനങ്ങള്‍ കയറ്റിഅയക്കുന്ന മിക്ക ഉല്‍പ്പന്നങ്ങളുടേയും നിര്‍മ്മാതാക്കള്‍ കടുത്ത ആശങ്കയില്‍ തന്നെയാണ്. കാര്‍ നിര്‍മ്മാണ മേഖലയേയും ഇതു സാരമായി ബാധിക്കും. യുഎസിലേക്ക് കയറ്റി അയക്കുന്ന വാഹനങ്ങള്‍ക്ക് 25 ശതമാനം എന്ന പുതിയ നികുതി ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. യുകെയുടെ കാര്‍ കയറ്റുമതിയുടെ ഏകദേശം 17 ശതമാനവും മുന്‍വര്‍ഷം യുഎസിലേക്കാണ് നടന്നത്. ട്രംപിന്റെ പുതിയ താരിഫ് നയം കാര്‍ നിര്‍മ്മാതാക്കള്‍ക്ക് വലിയ തിരിച്ചടിയാണ്.