ഡെന്റല്‍ സേവനങ്ങളുടെ ഭാവി ഇരുട്ടില്‍; പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമം പരാജയമെന്ന് റിപ്പോര്‍ട്ട്

ഡെന്റിസ്റ്റുകള്‍ക്ക് കൂടുതല്‍ പണം നല്‍കാന്‍ മന്ത്രിമാര്‍ തയ്യാറായില്ലെങ്കില്‍ എന്‍എച്ച്എസ് ഡെന്റിസ്ട്രിയുടെ ഭാവി അവതാളത്തിലാകുമെന്ന് എംപിമാരുടെ മുന്നറിയിപ്പ്. സേവനങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ സമ്പൂര്‍ണ്ണമായി പരാജയപ്പെട്ടെന്നും പാര്‍ലമെന്റ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി.
എന്‍എച്ച്എസിനായി ജോലി ചെയ്യുന്ന ഡെന്റിസ്റ്റുകളും, ഗവണ്‍മെന്റും തമ്മിലുള്ള കരാര്‍ കീറിയെറിഞ്ഞ്, പുതുക്കി എഴുതണമെന്നാണ് എംപിമാരുടെ നിര്‍ദ്ദേശം. ക്ലിനിക്കുകള്‍ക്ക് സ്വകാര്യ ജോലി ചെയ്ത് കൂടുതല്‍ പണം ലഭിക്കാന്‍ അവസരമുണ്ട്. ഈ ഘട്ടത്തില്‍ വലിയ സബ്‌സിഡി കിട്ടിയില്ലെങ്കില്‍ ആയിരക്കണക്കിന് ഡെന്റിസ്റ്റുകള്‍ ഹെല്‍ത്ത് സര്‍വ്വീസിനോട് മുഖം തിരിക്കാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ട് പറയുന്നു.
മുന്‍ ഗവണ്‍മെന്റ് നടപ്പാക്കിയ രക്ഷാപദ്ധതികള്‍ പ്രതിസന്ധി പരിഹരിക്കുന്നതില്‍ വിജയിച്ചില്ലെന്ന് കമ്മിറ്റി കണ്ടെത്തി. പ്രതിസന്ധി സാരമായ മേഖലകളിലേക്ക് ചുവടുമാറാനായി ഗവണ്‍മെന്റ് പ്രഖ്യാപിച്ച 20,000 പൗണ്ട് ബോണസ് ഓഫര്‍ സ്വീകരിച്ചത് 50 ഡെന്റിസ്റ്റുകളില്‍ താഴെ മാത്രമാണ്. 240 പേരെങ്കിലും ഇതിന് സന്നദ്ധമാകുമെന്നായിരുന്നു കണക്കുകൂട്ടല്‍.
മൊബൈല്‍ ചെക്കപ്പ് വാനുകള്‍ ഇറക്കാനുള്ള പദ്ധതി നടപ്പായില്ല. രോഗികളെ കാണാന്‍ സര്‍ജറികള്‍ക്ക് അധിക പണം നല്‍കുമെന്ന വാഗ്ദാനവും എവിടെയും എത്തിയില്ല. ഈ ഘട്ടത്തിലാണ് അധിക പണം ഇറക്കിയില്ലെങ്കില്‍ ഡെന്റിസ്ട്രിയുടെ സേവനങ്ങള്‍ തകരാറിലാകുമെന്ന് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി മുന്നറിയിപ്പ് നല്‍കുന്നു.