മാഞ്ചസ്റ്ററിൽ നിര്യാതനായ ജെബിന്‍ സെബാസ്റ്റ്യന് വിട നല്കാൻ യുകെ മലയാളി സമൂഹം

മാഞ്ചസ്റ്ററില്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞ ജെബിന്‍ സെബാസ്റ്റ്യന് ഈമാസം 24ന് യുകെ മലയാളി സമൂഹം യാത്രാമൊഴിയേകും. വൈകുന്നേരം നാലുമുതല്‍ വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തിലാണ് വിടവാങ്ങല്‍ തിരുക്കര്‍മങ്ങള്‍ നടക്കുക. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബിഷപ്പ് മാര്‍.ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികനാകും. മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് കുന്നുംപുറം ഉള്‍പ്പെടെ ഒട്ടേറെ വൈദീകര്‍ സഹകാര്‍മ്മികരാകും. വൈകുന്നേരം മൂന്നുമണിയോടെ ജെബിന്‍ ഏറെ ആഗ്രഹത്തോടെ വാങ്ങി ഏതാനും ദിവസങ്ങള്‍ മാത്രം താമസിച്ച വീട്ടില്‍ ഫ്യൂണറല്‍ ഡയറക്‌റ്റേഴ്‌സ് മൃതദഹം എത്തിക്കും. അവിടെ കുടുംബാംഗങ്ങള്‍ക്ക് മാത്രമാണ് അന്ത്യോപചാരം അര്‍പ്പിക്കുവാന്‍ അവസരം ഉണ്ടായിരിക്കുകയുള്ളൂ.
നാലുമണിയോടെ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ജെബിന്റെ മൃതദേഹം എത്തിക്കും. ദേവാലയ കവാടത്തില്‍ വൈദീകര്‍ പ്രാര്‍ത്ഥനകളോടെ സ്വീകരിച്ച് അള്‍ത്താരക്ക് മുന്നില്‍ മൃതദേഹം അടങ്ങിയ പേടകം പ്രതിഷ്ഠിക്കുന്നതോടെ പരേതന്റെ ആത്മശാന്തിക്കായുള്ള ദിവ്യബലിക്ക് തുടക്കമാകും. മാഞ്ചസ്റ്ററിലെയും പരിസരങ്ങളിലുമുള്ള ഒട്ടേറെ വൈദീകര്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കും. തുടര്‍ന്ന് നാട്ടില്‍ എത്തിക്കുന്ന മൃതദേഹം കാപ്പുംതല ഫാത്തിമാപുരം സെന്റ് മേരീസ് ദേവാലയത്തിലെ കുടുംബക്കല്ലറയില്‍ മൃതദേഹം സംസ്‌ക്കരിക്കും.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്നലെ ഫ്യൂണറല്‍ ഡയറക്‌റ്റേഴ്‌സ് വിഥിന്‍ഷോ ഹോസ്പിറ്റലില്‍നിന്നും മൃതദേഹം ഏറ്റെടുത്തു. മാഞ്ചസ്റ്റര്‍ മലയാളികള്‍ ഒന്നടങ്കം ഒത്തുചേര്‍ന്ന് തങ്ങളുടെ പ്രിയപ്പെട്ട ജെബിന് യാത്രാമൊഴിയേകാന്‍ ഒരുങ്ങുകയാണ്. മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് കുന്നുംപുറം, മാഞ്ചസ്റ്ററിലെ വിവിധ അസോസിയേഷന്‍ ഭാരവാഹികള്‍ ഉള്‍പ്പെടെ മലയാളി സമൂഹം ഒന്നടങ്കം സഹായഹസ്തവുമായി കുടുംബത്തിനൊപ്പമുണ്ട്.
ഏപ്രില്‍ ഒന്നാം തീയതി വെളുപ്പിന് രണ്ടുമണിയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് കൂട്ടുകാരനെയും കൂട്ടി അതിവേഗം ആശുപത്രിയിലേക്കെത്തിയ മാഞ്ചസ്റ്ററിലെ ജെബിനെ തേടി അരമണിക്കൂറിനകം മരണമെത്തുകയായിരുന്നു.
ജെബിന്റെ കുടുംബത്തിനൊപ്പം സര്‍വ്വ സഹായങ്ങളുമായി മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്റ് സുമേഷ് രാജന്‍, കേരള കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്റര്‍ പ്രസിഡന്റ് സുനില്‍ കോച്ചേരി അടക്കമുള്ള അസോസിയേഷന്‍ ഭാരവാഹികളും സന്നദ്ധ പ്രവര്‍ത്തകരും എല്ലാം ഒപ്പമുണ്ട്. നാട്ടില്‍ കോട്ടയം കുറവിലങ്ങാട് കാപ്പുംതല സ്വദേശിയാണ് ജെബിന്‍.