News

Share

ലേബര്‍ എം പി തുലിപ് സിദ്ദിഖിനെതിരെ ബംഗ്ലാദേശിന്റെ അറസ്റ്റ് വാറന്റ്

ലേബര്‍ എം പി തുലിപ് സിദ്ദിഖിനെതിരെ ബംഗ്ലാദേശിന്റെ അറസ്റ്റ് വാറന്റ്

യുകെയിലെ ലേബര്‍ എം പി തുലിപ് സിദ്ദിഖിനെതിരെ ബംഗ്ലാദേശ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. പുറത്താക്കപ്പെട്ട മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയില്‍ നിന്ന് അനധികൃതമായി ഭൂമി കൈപ്പറ്റിയ കുറ്റത്തിനാണ് അറസ്റ്റ് പുറപ്പെടുവിച്ചിരിക്കുന്നത്. യുകെയിലെ മുന്‍ സിറ്റി മിനിസ്റ്റര്‍ ആണ് തുലിപ് സിദ്ദിഖ് . സിദ്ദിഖ് ഉള്‍പ്പെടെ ഹസീനയുമായി ബന്ധമുള്ള 53 പേര്‍ക്ക് വാറന്റ് പുറപ്പെടുവിച്ചതായി ബംഗ്ലാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുകെയും ബംഗ്ലാദേശും തമ്മില്‍ ഔപചാരികമായി കുറ്റാരോപിതരെ കൈമാറ്റം ചെയ്യാനുള്ള ഉടമ്പടി ഇല്ല.

എന്നാല്‍ തുലിപ് സിദ്ദിഖിനെതിരെയുള്ള ആരോപണങ്ങളില്‍ ഒരു അടിസ്ഥാനവുമില്ലെന്ന് അവരുടെ പ്രതിനിധി പറഞ്ഞു. നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ ധാക്കയില്‍ അവര്‍ക്ക് ഭൂമി ലഭിച്ചുവെന്ന ആരോപണങ്ങളില്‍ സത്യമില്ലെന്നാണ് തുലിപ് സിദ്ദിഖിന്റെ പ്രതിനിധി പറഞ്ഞത്.

പുറത്താക്കപ്പെട്ട ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന യുകെയിലെ ഹാംപ്‌സ്റ്റെഡിലെയും ഹൈഗേറ്റിലെയും എംപിയായ തുലിപ് സിദ്ദിഖിന്റെ അമ്മായിയാണ്. ഷെയ്ഖ് ഹസീനയുടെ ഭരണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍ അവരുടെ ബന്ധുക്കളിലേയ്ക്കും നീങ്ങുന്നതിന്റെ തുടര്‍ച്ചയാണ് പുതിയ സംഭവവികാസങ്ങള്‍ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

തുലിപ് സിദ്ദിഖിനെതിരെയുള്ള ആരോപണങ്ങളെ ലേബര്‍ പാര്‍ട്ടി തള്ളി കളഞ്ഞു. തുലിപ് സിദ്ദിഖ് ഏതെങ്കിലും രീതിയില്‍ അനധികൃത സ്വത്ത് സമ്പാദിച്ചതിന് തെളിവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

ഹസീനയുടെ നേരെ ഉയരുന്ന അഴിമതി ആരോപണങ്ങള്‍ തനിക്കെതിരെ തിരിയുന്നത് സര്‍ക്കാരിനെ ബാധിക്കാതിരിക്കാനായി തുലിപ് സിദ്ദിഖ് ജനുവരിയില്‍ ട്രഷറിയുടെ സാമ്പത്തിക സെക്രട്ടറി സ്ഥാനം രാജി വെച്ചിരുന്നു. എന്നാല്‍ തുലിപ് സിദ്ദിഖിനെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ ഭരിക്കുന്ന പാര്‍ട്ടിക്ക് കളങ്കം നല്‍കുന്നതാണെന്നും അവര്‍ ഉടനെ തന്നെ എംപി സ്ഥാനം രാജിവയ്ക്കണമെന്നും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വക്താവ് പറഞ്ഞു.

Latest News

Loading..