സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി തിരിച്ചെത്തി; സൈനിക മേധാവിമാരുടെ അടിയന്തര യോഗം വിളിച്ചു

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ചശ്ചാത്തലത്തില്‍ സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി മോദി ഇന്ത്യയിലെത്തി. അടിയന്തര സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്ന് സൈനിക മേധാവിമാരുടെ യോഗംചേരും. സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി യോഗവും ചേരും.
മോദി കാഷ്മീര്‍ സന്ദര്‍ശിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പഹല്‍ഗാമിലെ ബൈസരണില്‍ ഭീകരാക്രമണത്തില്‍ ഒരു മലയാളിയടക്കം 28 പേരാണ് കൊല്ലപ്പെട്ടത്. എറണാകുളം ഇടപ്പള്ളി സ്വദേശി എന്‍. രാമചന്ദ്രന്‍ ആണ് കൊല്ലപ്പെട്ട മലയാളി.
കൊല്ലപ്പെട്ടവരിലേറെയും വിനോദസഞ്ചാരികളാണ്. രണ്ടു വിദേശികളും നാട്ടുകാരായ രണ്ടു പേരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇരുപതിലേറെ പേര്‍ക്കു പരിക്കേറ്റു. ജമ്മു കാഷ്മീരില്‍ അടുത്ത നാളില്‍ നാട്ടുകാര്‍ക്കു നേര്‍ക്കുണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് ആക്രമണമുണ്ടായത്. ലഷ്‌കറെ തൊയ്ബ അനുകൂല സംഘടനായ ദ റെസിസ്റ്റന്‍സ് ഫ്രണ്ട്-ടിആര്‍എഫ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
ലഷ്‌കറെ ഇ ത്വയ്ബയുടെ അനുകൂല സംഘടനയാണ് ടിആര്‍എഫ്. 2023ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ടിആര്‍എഫിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു.
വിനോദസഞ്ചാരത്തിനായി കശ്മീരിലേക്ക് പോയ കേരള ഹൈക്കോടതിയില്‍ നിന്നുള്ള മൂന്ന് ജഡ്ജിമാര്‍ സുരക്ഷിതരെന്ന് വിവരം ലഭിച്ചു.
ജസ്റ്റിസുമാരായ പിബി സുരേഷ് കുമാര്‍, അനില്‍ കെ നരേന്ദ്രന്‍, ജി ഗിരീഷ് എന്നിവരാണ് കശ്മീരിലുള്ളത്. അതേസമയം കര്‍ണാടകയിലെ ശിവമോഗ സ്വദേശിയായ കൊല്ലപ്പെട്ട മഞ്ജുനാഥിന്റെ ഭാര്യ പല്ലവി ആക്രമണത്തെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. മകന്റെയും തന്റെയും കണ്‍മുന്നില്‍വച്ചാണ് മഞ്ജുനാഥിനെ അക്രമികള്‍ കൊലപ്പെടുത്തിയതെന്ന് പല്ലവി ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
ആക്രമികള്‍ ഹിന്ദുക്കളെ ലക്ഷ്യമിടുന്നതായി തോന്നിയതായും പല്ലവി കൂട്ടിച്ചേര്‍ത്തു. മൂന്നു നാലു പേര്‍ തങ്ങളെ ആക്രമിച്ചു. തന്റെ ഭര്‍ത്താവിനെ നിങ്ങള്‍ കൊന്നില്ലേ, തന്നെയും കൊല്ലൂ എന്ന് അവരോട് താന്‍ പറഞ്ഞു. നിന്നെ കൊല്ലില്ല, പോയി മോദിയോട് പറയൂ എന്നാണ് അവരില്‍ ഒരാള്‍ മറുപടി നല്‍കിയതെന്നും പല്ലവി വ്യക്തമാക്കി.
പ്രദേശവാസികളായ മൂന്ന് പേര്‍ ചേര്‍ന്നാണ് തങ്ങളെ രക്ഷപ്പെടുത്തിയതെന്നും പല്ലവി പറഞ്ഞു. ഇന്ന് രാവിലെയാണ് മഞ്ജുനാഥ് റാവുവും കുടുംബവും പഹല്‍ഗാമില്‍ എത്തിയത്. നാല് ദിവസം മുന്‍പാണ് മഞ്ജുനാഥയും കുടുംബവും ജമ്മു കശ്മീരിലേക്ക് പോയത്.