കൊടും ഭീകരനെ കൊലപ്പെടുത്തി ഇന്ത്യന്‍ സൈന്യം; കൊല്ലപ്പെട്ടത് അബ്ദുല്‍ റൗഫ് അസര്‍

ന്യൂഡൽഹി: ഓപറേഷൻ സിന്ദൂരിൽ ജയ്ശെ മുഹമ്മദ് തലവൻ മസ്ഊസ് അസ്ഹറിന്‍റെ സഹോദരന്‍ അബ്ദുൽ റൗഫ് അസ്ഹറും കൊല്ലപ്പെട്ടു. ജെയ്ശെ മുഹമ്മദ് സുപ്രീം കമാൻഡറായ അബ്ദുൽ റൗഫ് അസ്ഹർ 1999ലെ കാണ്ഡഹാർ വിമാനം റാഞ്ചലിന്‍റെ സൂത്രധാരനാണ്. ആക്രമണത്തിൽ പരിക്കേറ്റ ഇയാൾ പാകിസ്താനിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ബഹാവൽപുരിൽ ഇന്ത്യൻ നടത്തിയ ആക്രമണത്തിലാണ് അബ്ദുൽ റൗഫിന് ഗുരുതര പരിക്കേറ്റത്.
ബഹാവൽപുരിലെ ജാമിഅ മസ്ജിദ് സുബ്ഹാനല്ല ആക്രമണത്തിൽ തന്റെ കുടുംബത്തിലെ 10 അംഗങ്ങളും നാല് അടുത്ത കൂട്ടാളികളും കൊല്ലപ്പെട്ടതായി ജയ്ശെ മുഹമ്മദ് തലവനായ മസ്ഊദ് അസ്ഹർ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. മൂത്ത സഹോദരിയും ഭർത്താവും, അനന്തരവനും ഭാര്യയും, മറ്റൊരു മരുമകളും, കുടുംബത്തിലെ അഞ്ച് കുട്ടികളും ഉൾപ്പെടുന്നതായി അസ്ഹറിന്റേതായി അവകാശപ്പെടുന്ന പ്രസ്താവനയിൽ പറയുന്നു. ആക്രമണത്തിൽ അസ്ഹറിന്‍റെ അടുത്ത അനുയായിയും അമ്മയും മറ്റു രണ്ട് കൂട്ടാളികളും മരിച്ചു. ഈ ക്രൂരമായ പ്രവൃത്തി എല്ലാ അതിരുകളെയും ലംഘിച്ചു. ഇനി കരുണ പ്രതീക്ഷിക്കേണ്ടെന്നും തിരിച്ചടിക്കുമെന്നും പ്രസ്താവനയിലുണ്ട്.
1999ൽ വിമാനത്തിലെ തട്ടിക്കൊണ്ടുപോയ യാത്രക്കാരെ മോചിപ്പിക്കാനായി ഇന്ത്യ വിട്ടയച്ച ഭീകരനാണ് മസ്ഊദ് അസ്ഹർ. 2019ൽ, ഐക്യരാഷ്ട്രസഭ അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു.
അതേസമയം പഹൽഗാം ഭീകരാക്രമണത്തിന്‍റെ തിരിച്ചടിയായി ഇന്ത്യൻ സെന നടത്തിയ പ്രത്യാക്രമണത്തിൽ നൂറിലേറെ ഭീകരർ കൊല്ലപ്പെട്ടെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സർവകക്ഷി യോഗത്തിൽ പറഞ്ഞു. സ്ഥിതിഗതികൾ വഷളാക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല. എന്നാൽ, പാകിസ്താൻ പ്രകോപിപ്പിച്ചാൽ തിരിച്ചടിക്കുമെന്നും സർവകക്ഷിയോഗത്തിൽ രാജ്നാഥ് സിങ് പറഞ്ഞു. പാക് അധീന കശ്മീരിലെയും പാകിസ്താനിലേയും ഒമ്പത് ഭീകര ക്യാമ്പുകളിലാണ് ‘ഓപറേഷൻ സിന്ദൂർ’ എന്ന പേരിൽ ആക്രമണം നടത്തിയത്.