News

Share

സ്വയം പ്രതിരോധിക്കാന്‍ ഇന്ത്യയ്ക്ക് അവകാശമുണ്ട് - പ്രീതി പട്ടേല്‍ എംപി

സ്വയം പ്രതിരോധിക്കാന്‍ ഇന്ത്യയ്ക്ക് അവകാശമുണ്ട് - പ്രീതി പട്ടേല്‍ എംപി

പാകിസ്ഥാനിലെ ഭീകരവാദ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ടെന്ന് യുകെ എംപി പ്രീതി പട്ടേല്‍. ഏപ്രില്‍ 22ന് കശ്മീരിലെ പഹല്‍ഗാമില്‍ 26 വിനോദസഞ്ചാരികളുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തെ അപലപിച്ച പ്രീതി പട്ടേല്‍, പാകിസ്ഥാനിലെ ഭീകര പരിശീലന കേന്ദ്രങ്ങള്‍ ഇന്ത്യക്കും പാശ്ചാത്യ രാജ്യങ്ങള്‍ക്കും ഭീഷണിയാണെന്ന് അറിയാമെന്നും വ്യക്തമാക്കി. ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയുമായി സഹകരണം ബ്രിട്ടണ്‍ വര്‍ധിപ്പിക്കണമെന്ന് പ്രീതി പട്ടേല്‍ ആവശ്യപ്പെട്ടു.

'ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ 26 വിനോദസഞ്ചാരികളെ ഭീകരര്‍ നിഷ്ഠൂരമായി കൊലപ്പെടുത്തി. പോയിന്റ് ബ്ലാങ്കില്‍ വച്ച് തലയ്ക്ക് വെടിയേറ്റാണ് മിക്ക ഇരകളും കൊല്ലപ്പെട്ടത്. ഈ ക്രൂര കൊലപാതകങ്ങളില്‍ തകര്‍ന്ന എല്ലാ സഹോദരങ്ങളെയും ചേര്‍ത്തുനിര്‍ത്തുന്നു. ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയിലെ സംഘര്‍ഷം അയയേണ്ടതുണ്ട്, യുദ്ധം ഒഴിവാകേണ്ടതുണ്ട്. എന്നാല്‍ ഇന്ത്യക്ക് തുടര്‍ച്ചയായി ഭീഷണിയുയര്‍ത്തുന്നതും പൗരന്‍മാരുടെ ജീവന്‍ അപഹരിക്കുന്നതുമായ പാക് ഭീകരവാദ കേന്ദ്രങ്ങള്‍ തകര്‍ക്കാനും സ്വയം പ്രതിരോധിക്കാനും ഇന്ത്യക്ക് ന്യായമായും അവകാശമുണ്ട്. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ ഇന്ത്യയുടെയും പാശ്ചാത്യ രാജ്യങ്ങളുടെയും ഉറക്കംകെടുത്തുന്നുണ്ട്' എന്ന് നമുക്കറിയാം- പ്രീതി പട്ടേല്‍ പറഞ്ഞു.

'ഉസാമ ബിന്‍ ലാദന്‍ ഒളിച്ചിരുന്ന രാജ്യമാണ് പാകിസ്ഥാന്‍. ഇന്ത്യക്കെതിരെ പാക് തീവ്രവാദികള്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നതിന്റെ നീണ്ട ചരിത്രമുള്ളതിനാല്‍, ഇന്ത്യയുമായി ദീര്‍ഘകാല സുരക്ഷാ സഹകരണ കരാറുകള്‍ യുകെയ്ക്ക് നിലവിലുണ്ട്. ആഗോള തീവ്രവാദത്തെ തുടച്ചുനീക്കാന്‍ സഖ്യ രാജ്യങ്ങളുമായി കൂടുതല്‍ സഹകരണത്തിന് യുകെ തയ്യാറാവണം എന്നും പ്രീതി പട്ടേല്‍ അഭ്യര്‍ഥിച്ചു.

ഇക്കഴിഞ്ഞ ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ പാക് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 25 ഇന്ത്യക്കാര്‍ക്കും ഒരു നേപ്പാളി പൗരനും ജീവന്‍ നഷ്ടമായിരുന്നു. അതിസുന്ദരമായ പഹല്‍ഗാം സന്ദര്‍ശിക്കാനെത്തിയ വിനോദസഞ്ചാരികള്‍ക്ക് നേരെയാണ് പാക് ഭീകരര്‍ വെടിയുതിര്‍ത്തത്. ഭീകരാക്രമണത്തില്‍ ഒരു മലയാളിക്കും ജീവന്‍ നഷ്ടമായി. പഹല്‍ഗാം ഭീകരാക്രമണത്തിന് പാകിസ്ഥാന് ചുട്ട മറുപടി നല്‍കുമെന്ന് അന്നേ ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഒടുവില്‍ ഇന്നലെ പുലര്‍ച്ചെ പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമുള്ള 9 പാക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ തിരിച്ചടിച്ചു. ജയ്‌ഷെ, ലഷ്‌കര്‍, ഹിസ്ബുള്‍ ഭീകര താവളങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ കനത്ത പ്രത്യാക്രമണം.

Latest News

Loading..