ഇന്ത്യ-പാക് സംഘര്‍ഷം; വെടിനിര്‍ത്തല്‍ സ്ഥിരീകരിച്ചു

ഇന്ത്യ- പാകിസ്ഥാൻ സംഘർഷത്തിൽ വെടിനിർത്തലിന് ധാരണയായതായി ഇരുരാജ്യങ്ങളുടെയും ഔദ്യോഗിക സ്ഥിരീകരണം. പാകിസ്ഥാൻ ഡിജിഎംഒ ഇന്ന് ഉച്ചയ്ക്ക് 3.35 ന് ഇന്ത്യൻ ഡിജിഎംഒയെ വിളിച്ച് ചർച്ചചെയ്തതോടെയാണ് ഇതു സംബന്ധിച്ച് ധാരണയായത്.
ഇന്ത്യൻ സമയം വൈകുന്നേരം 5 മണി മുതൽ ഇരുപക്ഷവും കര, വ്യോമ, കടൽ മേഖലകളിലെ വെടിവയ്പ്പും സൈനിക നടപടികളും നിർത്തുമെന്ന് ധാരണയായതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു.
‘‘പാക്ക് ഡിജിഎംഒ ഇന്ത്യൻ ഡിജിഎംഒയെ ഉച്ചകഴിഞ്ഞ് 3.35ന് വിളിച്ചിരുന്നു. കര, നാവിക, വ്യോമ മേഖലകളിൽ വെടിവയ്പ്പും സൈനിക നടപടികളും ഇന്ന് അഞ്ച് മണിമുതൽ നിർത്തിവയ്ക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി. ബന്ധപ്പെട്ടവർക്ക് ഇതുസംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് ഇരു ഡിജിഎംഒകളും വീണ്ടും ചർച്ച നടത്തും.’’– വിക്രം മിശ്രി പറഞ്ഞു.
പാകിസ്ഥാൻ വെടിനിർത്തുന്നത് സ്ഥിരീകരിച്ചതായി വിദേശകാര്യ മന്ത്രി ഇഷഖ് ദാർ എക്സിൽ കുറിച്ചു. മധ്യസ്ഥ ചർച്ചയുടെ ഭാഗമായി ഇരു രാജ്യങ്ങളിലെയും മിലിട്ടറി ഓപ്പറേഷൻ ഡിജിമാരും സംസാരിച്ചു.
ഇന്ന് ഉച്ചകഴിഞ്ഞ് പാകിസ്ഥാൻ ഡിജിഎംഒയാണ് ആഹ്വാനം ആരംഭിച്ചത്, അതിനുശേഷം ചർച്ചകൾ നടന്നു, ധാരണയിലെത്തി, മറ്റേതെങ്കിലും സ്ഥലത്ത് മറ്റ് വിഷയങ്ങളിൽ ചർച്ച നടത്താൻ തീരുമാനമില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.