വിദേശ ജോലിക്കാര്‍ക്ക് നല്‍കുന്ന വിസയുടെ കാലാവധി കുറയ്ക്കാന്‍ ഹോം ഓഫീസ്; സ്‌കില്‍ഡ് വിസയില്‍ സമയപരിധി

യുകെയുടെ നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായി ഗ്രാജുവേറ്റ് ലെവലില്‍ താഴെയുള്ള ജോലികളില്‍ എത്തുന്ന വിദേശ സ്‌കില്‍ഡ് ജോലിക്കാരുടെ വിസകള്‍ക്ക് സമയപരിധി ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് ഹോം ഓഫീസ്.
നിലവില്‍ ലെവല്‍ 3, അതായത് ഏകദേശം എ-ലെവല്‍ നിലവാരത്തിലുള്ള ജോലികള്‍ക്കും സ്‌കില്‍ഡ് വിസാ പരിധിയാണ് നല്‍കിയിരുന്നത്. എന്നാല്‍ ഇത് ഇനി റെഗുലേറ്റഡ് ക്വാളിഫിക്കേഷന്‍സ് ഫ്രേംവര്‍ക്ക് പ്രകാരമുള്ള ആറ് പോയിന്റിലേക്കാണ് ഉയര്‍ത്തുക. ഇത് പ്രകാരമാകും സ്റ്റാന്‍ഡേര്‍ഡ് സ്‌കില്‍ഡ് വിസ നല്‍കുക, ഇത് ഡിഗ്രിക്ക് തുല്യമായി മാറുകയാണ് ചെയ്യുന്നത്.
ആര്‍ക്യുഎഫ് 6ന് താഴെയുള്ള ജോലികള്‍ക്കായി എത്തുന്നവര്‍ക്ക് പരിമിതമായ കാലത്തേക്കാണ് രാജ്യത്ത് പ്രവേശനം അനുവദിക്കുകയെന്ന് ഹോം ഓഫീസ് പുറത്തുവിട്ട വിവരങ്ങള്‍ വ്യക്തമാക്കുന്നു. വ്യവസായ മേഖലകളില്‍ ഗുരുതരമായ ക്ഷാമം നേരിടുന്നുവെന്ന് കൃത്യമായ തെളിവുണ്ടെങ്കില്‍ മാത്രമാണ് ഇത് ലഭിക്കുക.
കൂടാതെ വിദേശ ജോലിക്കാരെ ഇറക്കുമതി ചെയ്യാന്‍ ഈ മേഖലയിലെ എംപ്ലോയേഴ്‌സ് തങ്ങള്‍ ആഭ്യന്തര റിക്രൂട്ട്‌മെന്റും, സ്‌കില്ലുകളും വര്‍ദ്ധിപ്പിക്കാന്‍ പദ്ധതിയുണ്ടെന്നും തെളിയിക്കണം. ഇമിഗ്രേഷന്‍ സിസ്റ്റം നിയന്ത്രണവിധേയമാക്കാനുള്ള ശക്തമായ നടപടിയാണ് ഇതെന്ന് ഹോം സെക്രട്ടറി വെറ്റ് കൂപ്പര്‍ പ്രതികരിച്ചു. നെറ്റ് മൈഗ്രേഷന്‍ കുറച്ച് ആഭ്യന്തര പരിശീലനവും, തൊഴില്‍യോഗ്യതകളും മെച്ചപ്പെടുത്തി സാമ്പത്തിക വളര്‍ച്ച സമ്മാനിക്കുകയാണ് ഉദ്ദേശമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.