രാജ്യത്തെ നടുക്കിയ ആകാശദുരന്തത്തില്‍ വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു; മരിച്ചവരില്‍ ലണ്ടനിലെ മലയാളി നഴ്‌സും

രാജ്യത്തെ ഏറ്റവും വലിയ വിമാന ദുരന്തത്തില്‍ വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു. വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചതായി ഗുജറാത്ത് പോലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരില്‍ ഗുജറാത്ത് മുന്‍മുഖ്യമന്ത്രി വിജയ് രൂപാണിയും ഉള്‍പ്പെടുന്നു.
വിമാനദുരന്തത്തില്‍ ലണ്ടന്‍ മലയാളി രഞ്ജിത ഗോപകുമാരന്‍ നായര്‍(39) മരിച്ചതായി സ്ഥിരീകരിച്ചു. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്.പത്തനംതിട്ട തിരുവല്ല പുല്ലാട്ട് സ്വദേശിയാണ്. ലണ്ടനില്‍ ജോലി ചെയ്യുന്ന രഞ്ജിത, നാട്ടില്‍ സര്‍ക്കാര്‍ ജോലി ലഭിച്ചപ്പോള്‍ ഇതില്‍ പ്രവേശിക്കാനായി എത്തിയതായിരുന്നു. സര്‍ക്കാര്‍ ജോലിയില്‍ നിന്ന് അവധിയെടുത്ത ശേഷം ലണ്ടനിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ഇന്നലെയായിരുന്നു രഞ്ജിത തിരുവല്ലയില്‍ നിന്ന് പോയത്. മക്കള്‍: ഇന്ദുചൂഡന്‍ (പത്താം ക്ലാസ് വിദ്യാര്‍ഥി, എസ് വി എച്ച് എസ് എസ് പുല്ലാട്), ഇതിഗ - ഏഴാം ക്ലാസ്, ഒഇഎം സ്കൂള്‍ ഇരവിപേരൂര്‍)
വിമാനദുരന്തത്തില്‍ മരിച്ച യാത്രക്കാരുടെ പട്ടികയില്‍ 169 ഇന്ത്യക്കാരുണ്ട്. 53 ബ്രിട്ടീഷുകാര്‍, 7 പോര്‍ച്ചുഗീസ് പൗരന്‍മാര്‍, കാനഡയില്‍ നിന്നുള്ള ഒരാള്‍ എന്നിങ്ങനെയാണ് യാത്രക്കാരെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍.
യാത്രക്കാരുടെ പട്ടികയില്‍ ഒരു മലയാളി കൂടിയുണ്ട് എന്നാണ് വിവരം . വിമാനത്തില്‍ 8 കുട്ടികളും 2 കൈക്കുഞ്ഞുങ്ങളും ഉണ്ടായിരുന്നു.
വിമാനം പറത്തിയിരുന്നത് പരിചയസമ്പന്നരായ പൈലറ്റുമാര്‍ ആയിരുന്നു. ക്യാപ്റ്റന്‍ സുമീത് സബര്‍വാള്‍, ഫസ്റ്റ് ഓഫിസര്‍ ക്ലൈവ് കുന്ദര്‍ എന്നിവരാണ് വിമാനം പറത്തിയിരുന്നത്. ക്യാപ്റ്റന്‍ സബര്‍വാളിന് 8,200 മണിക്കൂര്‍ പറക്കല്‍ പരിചയവും സഹപൈലറ്റായ ക്ലൈവിന് 1,100 മണിക്കൂര്‍ പറക്കല്‍ പരിചയമുണ്ടെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വ്യക്തമാക്കി. വിമാനത്താവളത്തിലെ റണ്‍വേ 23ല്‍ നിന്ന് ഉച്ചയ്ക്ക് 1.39നാണ് വിമാനം പറന്നുയര്‍ന്നത്.
ടേക് ഓഫിനു തൊട്ടുപിന്നാലെ സമീപത്തെ ജനവാസ മേഖലയില്‍ വിമാനം തകര്‍ന്നുവീഴുകയും കത്തുകയുമായിരുന്നു. പറക്കുന്നതിനു മുന്‍പേ വിമാനത്തിന്റെ സഹപൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെട്ട് 'മേയ് ഡേ' മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍നിന്ന് ഇതിനു പ്രതികരണം ലഭിച്ചില്ല.
അതിനുശേഷം ബന്ധം നഷ്ടപ്പെടുകയും വിമാനം തകര്‍ന്നുവീഴുകയുമായിരുന്നു. വിമാനം അപകടത്തിലാണെന്ന് നല്‍കുന്ന സൂചനയാണ് മേയ് ഡേ കോള്‍