ബ്രിട്ടീഷ് വ്യോമസേനയുടെ എയര്‍ബസ് 400 മടങ്ങി, ബ്രിട്ടീഷ് സംഘം കേരളത്തില്‍ തുടരും

ബ്രിട്ടന്റെ എഫ് 35 ബി യുദ്ധവിമാനം പരിശോധിക്കാന്‍ ബ്രിട്ടീഷ് വിദഗ്ധ സംഘം തലസ്ഥാനത്തെത്തിച്ച ബ്രിട്ടീഷ് വ്യോമസേനയുടെ ട്രാന്‍സ്‌പോര്‍ട്ട് വിമാനമായ എയര്‍ബസ് മടങ്ങി. ബ്രിട്ടന്റെ വ്യോമസേന വിമാനം എയര്‍ ബസ് A 400 M അറ്റ്‌ലസ് ഉച്ചയ്ക്ക് 12.45 ഓടെയാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പറന്നിറങ്ങിയത്.
എഫ് 35 ബിയുടെ പരിശോധനയ്ക്ക് കൂടുതല്‍ സമയം എടുക്കുമെന്നതിനാലാണ് എയര്‍ബസ് 400 വൈകുന്നേരത്തോടെ മടങ്ങിയത്. ബ്രീട്ടീഷ് വ്യോമസേനയിലെ 24 പേരടങ്ങുന്ന സാങ്കേതിക വിദഗ്ധരും F35ന്റെ നിര്‍മ്മാണ കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിനിലെ സാങ്കേതിക വിദഗ്ധരും സംഘത്തില്‍ ഉണ്ടെന്നാണ് വിവരം. വിദഗ്ധ സംഘത്തിന്റെ പരിശോധനയ്ക്ക് ശേഷം അറ്റകുറ്റപ്പണികള്‍ക്കായി വിമാനം ഹാങ്ങറിലേക്ക് മാറ്റി. തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയതായിരുന്നു എഫ് 35 ബി.
പരിശോധനയ്ക്കും അറ്റകുറ്റപ്പണിക്കും ഇന്ത്യ വാഗ്ദാനം ചെയ്ത മെയിന്റനന്‍സ് സൗകര്യം ബ്രിട്ടന്‍ സ്വീകരിച്ചതായി ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ അറിയിച്ചു. ഇന്ത്യയുടെ സഹകരണത്തിന് നന്ദിയും രേഖപ്പെടുത്തി. വിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നടത്തും. തകരാര്‍ പരിഹരിച്ചില്ലെങ്കില്‍ ചിറകുകള്‍ അഴിച്ചു മാറ്റി ബ്രിട്ടനിലേക്ക് കൊണ്ടുപോകും. ഇന്ത്യ-പസഫിക് മേഖലയില്‍ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടിഷ് നാവികസേനയുടെ വിമാനവാഹിനിക്കപ്പലില്‍നിന്നു പറന്നുയര്‍ന്ന എഫ് 35 ബി യുദ്ധവിമാനം സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് തിരുവനന്തപുരത്ത് ഇറക്കിയത്. ബ്രിട്ടീഷ് യുദ്ധവിമാനം തിരുവനന്തപുരത്ത് ഇറങ്ങിയിട്ട് 20 ദിവസം കഴിഞ്ഞിരുന്നു.