ഇന്ത്യ-യുകെ വ്യാപാര കരാറില്‍ ഒപ്പിടാന്‍ മോദി ബ്രിട്ടന്‍ സന്ദര്‍ശിച്ചേക്കും

ഇന്ത്യ- ബ്രിട്ടന്‍ സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ) യാഥാര്‍ഥ്യത്തിലേയ്ക്ക്. കരാറില്‍ ഒപ്പുവയ്ക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനം ബ്രിട്ടന്‍ സന്ദര്‍ശിച്ചേക്കും. മേയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറിനു ധാരണയായത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തുടങ്ങിവച്ച വ്യാപാരയുദ്ധത്തിനിടയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാര്‍ എന്നതു ശ്രദ്ധേയമാണ്. കരാറനുസരിച്ച്, ഇന്ത്യ കയറ്റുമതി ചെയ്യുന്ന 99% ഇനങ്ങള്‍ക്കും ബ്രിട്ടന്‍ തീരുവ ഒഴിവാക്കും.
പകരം ബ്രിട്ടനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 90% ഉല്‍പന്നങ്ങളുടെയും തീരുവ ഇന്ത്യ കുറയ്ക്കും. 10 വര്‍ഷത്തിനുള്ളില്‍ ഇതില്‍ 85% ഇനങ്ങളും തീരുവരഹിതമാകും. ചുരുക്കത്തില്‍ ഇരുരാജ്യങ്ങളുടെയും ഉല്‍പന്നങ്ങള്‍ പരസ്പരം കുറഞ്ഞ വിലയ്ക്കു വില്‍ക്കാന്‍ കഴിയും. വില കുറയുമെന്നതിനാല്‍ മറ്റു രാജ്യങ്ങളുടെ ഉല്‍പന്നങ്ങളെക്കാള്‍ ഇവയ്ക്കു മുന്‍തൂക്കം ലഭിക്കും. ഇന്ത്യ-ബ്രിട്ടന്‍ വ്യാപാരം 2030 ല്‍, നിലവിലുള്ളതിന്റെ ഇരട്ടി യാകുമെന്നാണ് പ്രതീക്ഷ. ബ്രിട്ടനിലെ സന്ദര്‍ശനത്തിനു പിന്നാലെ മോദി മാലദ്വീപ് സന്ദര്‍ശിച്ചേക്കും.